കരുവന്നൂർ തട്ടിപ്പ് 57.75 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
text_fieldsകൊച്ചി: തൃശൂർ കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുകേസിൽ 57.75 കോടി രൂപയുടെ സ്വത്തുക്കളും നിക്ഷേപങ്ങളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. ഭൂസ്വത്തുക്കളും ബിനാമി നിക്ഷേപങ്ങളും ഉൾപ്പെടെയാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമം (പി.എൽ.എം.എ) അനുസരിച്ച് കണ്ടുകെട്ടിയത്.
ഭൂമി, കെട്ടിടങ്ങൾ എന്നിവ ഉൾപ്പെടെ 117 സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ സ്വത്തുക്കളും കണ്ടുകെട്ടിയവയിലുണ്ട്. 11 വാഹനങ്ങൾ, സ്ഥിരനിക്ഷേപങ്ങൾ, 92 ബാങ്ക് അക്കൗണ്ടുകളിൽ ശേഷിക്കുന്ന നിക്ഷേപങ്ങൾ എന്നിവയാണ് കണ്ടുകെട്ടിയത്. ഭൂസ്വത്തുക്കളിൽ പലതും തട്ടിപ്പ് നടത്തിയവരുടെ ബിനാമികളുടെ പേരുകളിലുള്ളതാണ്. ഇതോടെ കരുവന്നൂർ തട്ടിപ്പുകേസിൽ ഇതുവരെ 87.75 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്.
തട്ടിപ്പുകേസിൽ അറസ്റ്റിലായ പി. സതീഷ്കുമാർ, മുൻ അക്കൗണ്ടന്റ് സി.കെ. ജിൽസ്, കമീഷൻ ഏജന്റ് പി.പി. കിരൺ, വ്യാജപ്പേരിലും വ്യാജരേഖകൾ ഉപയോഗിച്ചും വായ്പയെടുത്തവർ തുടങ്ങിയവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. രാഷ്ട്രീയ നേതാക്കളുടെ ഉൾപ്പെടെ നേരത്തേ മരവിപ്പിച്ച നിക്ഷേപങ്ങളും കണ്ടുകെട്ടിയതായി സൂചനയുണ്ടെങ്കിലും ഇ.ഡി അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.
സഹകരണ വകുപ്പ് ഉന്നതതല ബന്ധം തേടി ഇ.ഡി രജിസ്ട്രാറെ ചോദ്യം ചെയ്തു
കൊച്ചി: കരുവന്നൂർ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ നിർണായക വിവരങ്ങൾക്കായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യൽ ഊർജിതമാക്കി. സഹകരണ രജിസ്ട്രാർ ടി.വി സുഭാഷിനെയാണ് ഇ.ഡി വെള്ളിയാഴ്ച കൂടുതൽ സമയം ചോദ്യം ചെയ്തത്. രാവിലെ 11നാണ് സുഭാഷ് ഹാജരായത്. കഴിഞ്ഞ ചൊവ്വാഴ്ച എത്താൻ നോട്ടീസ് നൽകിയെങ്കിലും ഹാജരായിരുന്നില്ല. കരുവന്നൂർ തട്ടിപ്പ് സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര് അറിയാതെ നടക്കില്ലെന്നാണ് ഇ.ഡി നിഗമനം. ഓഡിറ്റിങ് അടക്കം നടത്തിയിട്ടും എന്തുകൊണ്ട് കുറ്റകൃത്യങ്ങൾ പുറത്തുവന്നില്ല എന്നതാണ് ഇ.ഡി പരിശോധിക്കുന്നത്. നേരത്തേ തൃശൂർ ജോ. രജിസ്ട്രാർ, മുകുന്ദപുരം അസി.രജിസ്ട്രാർ എന്നിവരെ ചോദ്യം ചെയ്തിരുന്നു.
കരുവന്നൂർ ബാങ്കിൽ തട്ടിപ്പ് നടന്ന നാളുകളിൽ ഓഡിറ്റിൽ ഉണ്ടായ വീഴ്ചകൾ അടക്കമാണ് ഇ.ഡി പരിശോധിക്കുന്നത്. ബാങ്കുമായി ബന്ധപ്പെട്ട സഹകരണ വകുപ്പ് കണ്ടെത്തലിന്റെ രേഖകൾ സഹകരണ രജിസ്ട്രാർ ഹാജരാക്കി. കേസിലെ രണ്ടാം പ്രതി റിമാൻഡിലുള്ള പി.പി. കിരണിന്റെ ബിസിനസ് പങ്കാളി കൊച്ചിയിലെ വ്യവസായി ദീപക് സത്യപാലൻ, തൃശൂരിലെ ജ്വല്ലറി ഉടമ സുനിൽ കുമാർ, ഒന്നാം പ്രതി സതീഷ്കുമാറുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയ പ്രവാസി വ്യവസായി പി.ജയരാജ് എന്നിവരെയും വെള്ളിയാഴ്ച ചോദ്യം ചെയ്തു. കേസിൽ മൂന്നാം പ്രതിയും സി.പി.എം പ്രാദേശിക നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി.ആർ. അരവിന്ദാക്ഷന്റെ മാതാവ് ചന്ദ്രമതിക്ക് തൃശൂർ പെരിങ്ങണ്ടൂർ ബാങ്കിൽ 63 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്ന ബാങ്കിന്റെ വെളിപ്പെടുത്തലിന്റെ നിജസ്ഥിതി വീണ്ടും പരിശോധിക്കാൻ ഇ.ഡി നടപടി തുടങ്ങി. പെരിങ്ങണ്ടൂർ ബാങ്കിൽ മാതാവിന് അക്കൗണ്ട് ഉണ്ടെന്ന് അരവിന്ദാക്ഷനും മൊഴി നൽകിയിരുന്നു. ഇതനുസരിച്ചാണ് ഇ.ഡി മുന്നോട്ടു പോയത്. അതിനിടയിലാണ് പെരിങ്ങണ്ടൂർ ബാങ്കിൽ 63 ലക്ഷം രൂപയുടെ നിക്ഷേപമുള്ള ചന്ദ്രമതി മറ്റൊരാളാണെന്ന വാദം പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചത്. ഇതോടെ ഇ.ഡി ആശയക്കുഴപ്പത്തിലായ സാഹചര്യത്തിലാണ് വീണ്ടും തെളിവെടുപ്പ്.പെരിങ്ങണ്ടൂർ ബാങ്കിൽ 63 ലക്ഷം രൂപയുടെ നിക്ഷേപമുള്ള ചന്ദ്രമതിയെ കണ്ടെത്തി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

