മകളോടൊപ്പം യൂനിഫോമിട്ട് അമ്മയും, ആദ്യ സെമസ്റ്ററിൽ തോറ്റു, ഒടുവിൽ കാമ്പസ് റിക്രൂട്ട്മെന്റിൽ തൊഴിലും സ്വന്തമാക്കി
text_fieldsബിരുദം ലഭിച്ച അമ്മ ഷൈനിയും മകൾ ഏയ്ഞ്ചലും
അങ്കമാലി: യൂനിഫോമിട്ട് മകൾക്കൊപ്പം ഒരേ ബെഞ്ചിൽ പഠിച്ച് അഭിമാനാർഹമായ വിജയം നേടിയിരിക്കുകയാണ് 55കാരി ഷൈനി. അങ്കമാലി ഡിസ്റ്റ് കോളജിൽനിന്ന് സോഷ്യൽ വർക്കിൽ ബിരുദം നേടിയ അവർ മകൾ ഏയ്ഞ്ചലിനൊപ്പം ബിരുദ സർട്ടിഫിക്കറ്റ് സ്വീകരിച്ചു. കോളജിന്റെ ചരിത്രത്തിലാദ്യമായൊരു അമ്മ-മകൾ കൂട്ടുകെട്ടായിരുന്നു ഇത്. സമപ്രായക്കാരൊക്കെ ജോലിയിൽനിന്ന് വിരമിക്കുമ്പോൾ ഷൈനി കാമ്പസ് റിക്രൂട്ട്മെന്റിലൂടെ കോളജിന്റെ പി.ആർ.ഒ ആയി പുതിയ ജോലിയിലേക്ക്. മകൾ പിഎച്ച്.ഡിക്ക് തയാറെടുക്കുന്നു.
കോളജിലെ ആദ്യദിനം രസകരമായിരുന്നെന്ന് ഷൈനി. പ്രായമേറിയ ഒരാളെ ക്ലാസിൽ കണ്ടപ്പോൾ മകളോടൊപ്പം വന്ന രക്ഷിതാവാണെന്ന് സഹപാഠികൾ കരുതി. ഞാൻ ഈ ക്ലാസിലെ കുട്ടിയാണെന്നും എന്റെ കുട്ടിയാണ് ഏയ്ഞ്ചൽ എന്നും മകളെ ചൂണ്ടി ഷൈനി പറഞ്ഞു.
അങ്ങനെ മകളോടൊപ്പം യൂനിഫോമിട്ട് ഷൈനിയും കോളജിലെത്തി. അമ്മക്കൊപ്പം ക്ലാസിലിരിക്കുന്നത് എങ്ങനെയാകുമെന്ന് ആദ്യം പേടിയുണ്ടായിരുന്നെന്ന് ഏയ്ഞ്ചൽ. എന്നാൽ, അമ്മ ചെറുപ്പത്തിന്റെ വൈബിലേക്ക് ഇറങ്ങിവന്നു. അമ്മയുടെ സഹപാഠിയാകുകയെന്നത് എല്ലാ മക്കൾക്കും കിട്ടാത്ത അനുഭവമാണ്. വീട്ടിൽ പഠിക്കാതെ മടിപിടിച്ചിരിക്കുമ്പോൾ പരസ്പരം വഴക്കുപറയാറുണ്ടെന്നും ഏയ്ഞ്ചൽ പറഞ്ഞു.
പരീക്ഷയെഴുതാൻ വേഗതയില്ലാത്തത് പ്രശ്നമായെന്ന് ഷൈനി. മറ്റു കുട്ടികൾ പരീക്ഷ എഴുതിക്കഴിഞ്ഞപ്പോഴേക്കും എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതി തീർക്കാനായില്ല.
ആദ്യ സെമസ്റ്ററിൽ രണ്ടു വിഷയങ്ങളിൽ പരാജയപ്പെട്ടു. കോളജിലേക്കു പോകാനുള്ള മടി മാറ്റിയത് മാഷാണെന്ന് ഷൈനി പറഞ്ഞു. ഭർത്താവ് നൈജോ എബ്രഹാമിനെ വിളിക്കുന്നത് മാഷെന്നാണ്. ഭൂരിഭാഗം വീട്ടുജോലിയും ഏറ്റെടുത്ത് ഭർത്താവ് കൂടെ നിന്നു. ഏതു പ്രശ്നവും മറികടക്കാനാകുമെന്ന് ഭർത്താവും ഭർത്താവിന്റെ അമ്മ റോസി എബ്രഹാമും മക്കളായ ആൻസ്റ്റിനും നൈജോയും ഏയ്ഞ്ചലും പറഞ്ഞത് പ്രചോദനം നൽകി. അങ്ങനെ മടി മാറി ഉഷാറായി കോളജിലെത്തി. പിന്നീടങ്ങോട്ട് വിജയിച്ചേ അടങ്ങൂ എന്ന വാശിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

