ചരക്കുകപ്പൽ മുങ്ങാൻ കാരണം ബല്ലാസ്റ്റ് ടാങ്കറിലെ സാങ്കേതികത്തകരാർ; കരക്കടിഞ്ഞത് 54 കണ്ടെയ്നറുകൾ
text_fieldsമട്ടാഞ്ചേരി: കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ ലൈബീരിയൻ ചരക്കുകപ്പൽ ‘എം.എസ്.സി എൽസ-3’ അപകടത്തിൽപെടാൻ കാരണം ബല്ലാസ്റ്റ് ടാങ്കറിനുണ്ടായ സാങ്കേതിക തകരാറെന്ന് മറൈൻ മർക്കന്റൈൽ ഡിപ്പാർട്മെന്റ് (എം.എം.ഡി). കപ്പൽ ആടിയുലയുമ്പോൾ ഉണ്ടായേക്കാവുന്ന അപകടങ്ങൾ ഒഴിവാക്കാൻ കപ്പലുകളുടെ അടിത്തട്ടിൽ വെള്ളം സംഭരിക്കുന്ന ടാങ്കുകളാണ് ബല്ലാസ്റ്റ്. യാത്രക്കിടെ വലതുവശത്തെ ടാങ്കുകളിലൊന്നിലേക്ക് കൂടുതൽ വെള്ളം നിറഞ്ഞ് കപ്പൽ ഒരുവശത്തേക്ക് ചരിയുകയായിരുന്നു. പ്രശ്‌നം പരിഹരിച്ച് കപ്പൽ സഞ്ചാരയോഗ്യമാക്കാനുള്ള ശ്രമം മോശം കാലാവസ്ഥ സങ്കീർണമാക്കിയെന്നാണ് അധികൃതരുടെ കണ്ടെത്തൽ.
കപ്പൽ മുങ്ങിയതിനെത്തുടർന്നുള്ള സ്ഥിതിഗതികൾ വിലയിരുത്തി സുരക്ഷ നടപടികളെടുത്തെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് ശ്യാം ജഗന്നാഥൻ പറഞ്ഞു. കൊച്ചി തുറമുഖത്ത് മെർക്കൈന്‍റൽ മറൈൻ ഡിപ്പാർട്ട്മെൻറ്, സംസ്ഥാന ദുരന്തനിവാരണ വിഭാഗം, പൊലീസ്, കോസ്റ്റ് ഗാർഡ് പ്രതിനിധികളുമായി നടന്ന അവലോകന യോഗശേഷം വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കപ്പൽ മുങ്ങാനിടയായത് സാങ്കേതിക പിഴവുമൂലമാണെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ കപ്പൽച്ചാലിൽനിന്ന് മാറി 50 മീ. താഴ്ചയിലാണ് കപ്പലുള്ളത്. ചരക്കുകപ്പൽ ഗതാഗതത്തിന് ഇത് തടസ്സമാകില്ല. ഒഴുകിക്കൊണ്ടിരിക്കുന്നവയിൽ അപകടകരമായ കണ്ടെയ്നറുകൾ ഇല്ല. കപ്പലിൽ മൊത്തം ഉണ്ടായിരുന്ന 640 കണ്ടെയ്നറുകളിൽ അപകടഭീതി ഉയർത്തുന്നത് കാത്സ്യം കാർബൈഡിന്‍റെ 12 കെണ്ടയ്നറും റബർ ഓയിലിന്‍റെ ഒരു കണ്ടെയ്നറുമാണ്. ഇതിൽ കാത്സ്യം കാർബൈഡിന്‍റെ അഞ്ച് കണ്ടെയ്നറുകളാണ് കപ്പലിന്‍റെ മുകൾഭാഗത്ത് ഉണ്ടായിരുന്നത്. മറ്റുള്ളവ താഴെ അറക്കുള്ളിലാണ്. മറ്റു കണ്ടെയ്നറുകളിൽ സാധാരണ ചരക്കുകളാണ്. മുങ്ങിയ കപ്പൽ നീക്കംചെയ്യാൻ നടപടികളുണ്ടാകും.
ചീഫ് സർവേയർ അജിത് സുകുമാരൻ, മർക്കൈന്‍റൽ മറൈൻ ഡിപ്പാർട്മെന്‍റ് പ്രിൻസിപ്പൽ ഓഫിസർ ജെ. സെന്തിൽകുമാർ, ക്യാപ്റ്റൻ അബ്ദുൽകലാം എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
അപകടത്തിൽ കേസെടുക്കാൻ നീക്കം
തിരുവനന്തപുരം: തീരമേഖലയെ ആശങ്കയിലാഴ്ത്തി കൊച്ചി പുറംകടലിൽ ചരക്കുകപ്പൽ മുങ്ങിയ സംഭവത്തിൽ കേസെടുക്കാൻ സർക്കാർ ആലോചന. ഇക്കാര്യത്തിൽ അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടി. കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എം.എസ്.സി), കപ്പലിന്‍റെ ക്യാപ്റ്റൻ, പ്രധാന എൻജിനീയർമാർ എന്നിവരെ എതിർകക്ഷികളാക്കി കേസെടുക്കാനാണ് ആലോചന.
എന്നാൽ, സാങ്കേതിക തകരാർ മൂലമാണ് കപ്പൽ മുങ്ങിയതെന്ന് ഉടമകളായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി അവകാശപ്പെടുന്ന പശ്ചാത്തലത്തിൽ കരുതലോടെയാണ് സർക്കാർ നീക്കം. വിഴിഞ്ഞമുൾപ്പെടെ രാജ്യത്തെ പ്രധാന തുറമുഖങ്ങൾ കേന്ദ്രീകരിച്ച് കപ്പൽ സർവിസ് നടത്തുന്ന വൻകിട കമ്പനിയെ പ്രതിസ്ഥാനത്ത് നിർത്തേണ്ടിവരുന്ന സാഹചര്യവും പരിശോധിക്കുന്നുണ്ട്.
കണ്ടെയ്നറുകൾ കടലിൽ വീണതുമൂലമുണ്ടായ മലിനീകരണം, അത് മത്സ്യസമ്പത്തിനും കടലിലെ ആവാസവ്യവസ്ഥക്കും സൃഷ്ടിക്കുന്ന വെല്ലുവിളി, തീരത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകൾ തുടങ്ങിയവ മുൻനിർത്തി നിയമനടപടി സ്വീകരിക്കുന്നതിലെ സാധ്യതകളാണ് പരിശോധിക്കുന്നത്.
മുങ്ങിത്താഴ്ന്ന കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകളിൽ ബുധനാഴ്ച വൈകീട്ട് വരെ കരക്കടിഞ്ഞത് 54 എണ്ണമാണ്. കൊല്ലം ജില്ലയിലാണ് കൂടുതൽ കണ്ടെയ്നറുകൾ തീരത്തടിഞ്ഞത്. 54 കണ്ടെയ്നറുകളിൽ 22 എണ്ണത്തിൽ എന്തായിരുന്നെന്ന് വ്യക്തമല്ല. ഇവയിലുണ്ടായിരുന്നത് കടലിൽ ഒഴുകി പോയിരിക്കാമെന്നാണ് നിഗമനം.
മിക്ക കണ്ടെയ്നറുകളും തകർന്ന നിലയിലായിരുന്നു. കൊല്ലം, കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, തിരുവനന്തപുരം, വർക്കല, നെയ്യാറ്റിൻകര, ചിറയിൻകീഴ് താലൂക്കുകളുടെ തീരമേഖലയിലാണ് കണ്ടെയ്നറുകൾ കരക്കടിഞ്ഞതെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
മത്സ്യം കഴിക്കാം -മന്ത്രി
തിരുവനന്തപുരം: കേരള തീരത്ത് കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളിലേറെയും അടിസ്ഥാനരഹിതമാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാൻ. വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും ട്രോളിങ് നിരോധനത്തെക്കുറിച്ച് അറിയിക്കുന്നതിനുമായി വിളിച്ചുചേർത്ത യോഗത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
വിഷാംശമുള്ള മാലിന്യങ്ങളാണ് കടൽത്തീരത്ത് അടിഞ്ഞതെന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. എന്നാൽ, അപകടകരമായ സാഹചര്യം എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി തീരഭാഗങ്ങളിൽ നിന്നുള്ള മത്സ്യത്തിന്റെ ഗുണനിലവാരം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
നിലവിലെ ഭീതി ഒഴിവാക്കുന്നതിന് കാമ്പയിൻ സംഘടിപ്പിക്കാനും തീരുമാനിച്ചു. മത്സ്യവിപണിയെ ഊർജിതപ്പെടുത്തുന്നതിന് മത്സ്യസദ്യ പോലുള്ള ഫെസ്റ്റുകൾ ട്രേഡ് യൂനിയൻ പ്രതിനിധികളുടെയും യുവജന സംഘടനകളുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കും. നിലവിൽ 20 നോട്ടിക്കൽ മൈലിനുള്ളിൽ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ വേണ്ട നടപടികളും കൈക്കൊള്ളും. എല്ലാ വകുപ്പുകളുടെയും ഒന്നിച്ചുള്ള പ്രവർത്തനം നടക്കുകയാണെന്നും സംസ്ഥാന സർക്കാർ വിഷയത്തെ ഗൗരവമായി കണ്ട് കാര്യങ്ങൾ വേഗത്തിലാക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

