കേരളത്തിന് ഇനി 500 മെഗാവാട്ട് ‘വെളിച്ചം’
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തിന് 500 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്നതിന് കേന്ദ്ര പൊതുമേഖല സ്ഥാപനമായ സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയുമായുള്ള കെ.എസ്.ഇ.ബി കരാറിന് റെഗുലേറ്ററി കമീഷന്റെ അനുമതി. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് വലിയൊരളവിൽ ആശ്വാസമാകുന്ന കരാർ 25 വർഷത്തേക്കാണ്. കഴിഞ്ഞ സെപ്റ്റംബറിൽ ഒപ്പിട്ട കരാറിന് അനുമതി തേടി കെ.എസ്.ഇ.ബി റെഗുലേറ്ററി കമീഷന് നൽകിയ അപേക്ഷയിൽ തെളിവെടുപ്പ് നടത്തിയാണ് അനുമതി ഉത്തരവ് നൽകിയത്.
പീക്ക് മണിക്കൂറുകൾ തെളിയും
● വൈദ്യുതി ലഭ്യതയിൽ കുറവുള്ള വൈകീട്ട് ആറിന് ശേഷമുള്ള ‘പീക്ക്’ മണിക്കൂറുകളിലുൾപ്പെടെ വൈദ്യുതി ലഭ്യമാകുന്നതാണ് കരാർ.
● പകൽ സൗരോർജ വൈദ്യുതിയും പീക്ക് സമയത്ത് രണ്ടുമണിക്കൂർ ബാറ്ററി സ്റ്റോറേജ് സിസ്റ്റം വഴിയുള്ള വൈദ്യുതിയുമാണ് ലഭ്യമാകുക.
● വൈകീട്ട് മണിക്കൂറിൽ 250 മെഗാവാട്ട് എന്ന നിലയിൽ തുടർച്ചയായി രണ്ടു മണിക്കൂറോ തവണകളായോ ഈ വൈദ്യുതി ഉപയോഗിക്കാനാകും.
● യൂനിറ്റിന് താരതമ്യേന കുറഞ്ഞ നിരക്കായ 3.95 രൂപക്ക് വൈദ്യുതി ലഭ്യമാകും.
മറ്റു പദ്ധതികൾ
15 വർഷത്തേക്ക് 500 മെഗാവാട്ടിന്റെ പുതിയ ദീർഘകാല വൈദ്യുതി കരാറിൽ ഏർപ്പെടാനുള്ള അനുമതിയും കഴിഞ്ഞമാസം കെ.എസ്.ഇ.ബിക്ക് ലഭിച്ചിട്ടുണ്ട്.
ഡി.ബി.എഫ്.ഒ.ഒ (ഡിസൈൻ, ബിൽഡ്, ഫിനാൻസ്, ഓൺ, ഓപറേറ്റ് ) മാതൃകയിലുള്ള കരാറിന്റെ ടെൻഡർ രേഖ തയാറാക്കാനും കരാറുകാരുമായുള്ള ചർച്ചകൾക്കുമായി പവർ ഫിനാൻസ് കോർപറേഷനെ (പി.എഫ്.സി) കൺസൾട്ടന്റായി ചുമതലപ്പെടുത്തിയിരിക്കുകയാണ്. കേന്ദ്രം അനുവദിച്ച കൽക്കരി (കോൾ) ലിങ്കേജ് ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിച്ച് കേരളത്തിലെത്തിക്കുന്നതിനുള്ള കരാറാണിത്. യു.ഡി.എഫ് ഭരണകാലത്ത് മൂന്ന് കമ്പനികളുമായി ഉണ്ടായിരുന്ന നാല് ദീർഘകാല കരാറുകൾ റദ്ദാക്കിയതുമൂലമുള്ള പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സഹായകമാവുന്നതാണ് പുതിയ ദീർഘകാല കരാറുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

