50 ടൺ ഇ-മാലിന്യം ക്ലീൻ കേരളക്ക്; കൈറ്റിന്റെ ശ്രമം വിജയത്തിലേക്ക്
text_fieldsകാസർകോട്: മാലിന്യ മുക്തം നവകേരളം കാമ്പയിനിന്റെ ഭാഗമായി ക്ലീൻ കേരള കമ്പനിയുടെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൈറ്റിന്റെയും നേതൃത്വത്തിൽ നടത്തുന്ന സ്കൂൾതല ഇ മാലിന്യ ശേഖരണ യജ്ഞത്തിന്റെ ഫ്ലാഗ് ഓഫ് വിദ്യഭ്യാസ ഉപഡയറക്ടർ ടി.വി. മധുസൂദനൻ നിർവഹിച്ചു.
കാസർകോട് നഗരസഭ പരിധിയിലെ സ്കൂളുകളിലെ ഇ-മാലിന്യം നഗരസഭ ചെയർമാൻ അബ്ബാസ് ബീഗത്തിൽനിന്നും ക്ലീൻ കേരള കമ്പനി ജില്ല മാനേജർ മിഥുൻ ഗോപി ഏറ്റുവാങ്ങി. കൈറ്റ് തയാറാക്കിയ ഇ-വേസ്റ്റ് മാനേജ്മെന്റ് ആൻഡ് ഡിസ്പോസൽ പോർട്ടലിലേക്ക് ജില്ലയിൽനിന്ന് മാത്രം 50 ടൺ ഇലക്ട്രോണിക് മാലിന്യങ്ങളാണ് അപ്ലോഡ് ചെയ്യപ്പെട്ടത്. ഇവ നീക്കം ചെയ്യുന്നതിലൂടെ ജില്ലയിലെ മുഴുവൻ സ്കൂളുകളും ഹരിതവിദ്യാലയം എന്ന പദവിയിലേയ്ക്കുയരുകയാണ്.
കമ്പ്യൂട്ടറുകൾ, പ്രിന്ററുകൾ, ജനറേറ്റർ, യു.പി.എസ്, പ്രൊജക്ടർ, കാമറ, സ്പീക്കർ, സൗണ്ട് സിസ്റ്റം, ടി.വി, റേഡിയോ തുടങ്ങിയ ഉപയോഗശൂന്യമായതും വാറണ്ടിയോ എ.എം.സിയോ നിലവിലില്ലാത്തതുമായ ഏതൊരു ഉപകരണങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ പ്രകാരമുള്ള സ്കൂൾതല സമതി പരിശോധിച്ച് ഇ-വെയ്സ്റ്റ് ആണെന്ന് ഉറപ്പുവരുത്തിയതിനു ശേഷം പോർട്ടലിലേക്ക് അപ്ലോഡ് ചെയ്യുകയും ക്ലീൻ കേരള കമ്പനിക്ക് കൈമാറി നിർമാർജനം നടത്തുകയും ചെയ്യുന്നു.
ഓരോ തദ്ദേശ സ്ഥാപനത്തിലും ഒരു സ്കൂൾ ആണ് ശേഖരണ കേന്ദ്രമായി തീരുമാനിച്ചിട്ടുള്ളത്. ആദ്യദിന ശേഖരണത്തിൽ കാസർകോട് നഗരസഭ പരിധിയിൽ ഉള്ള 19 സ്കൂളുകളിൽ നിന്നും 2916 കിലോ ഇ-മാലിന്യവും മധൂർ പഞ്ചായത്ത് പരിധിയിലെ ആറ് സ്കൂളുകളിൽ നിന്നും 746 കിലോ ഇ -മാലിന്യവും ക്ലീൻ കേരള കമ്പനി ശേഖരിച്ചു.
കാഞ്ഞങ്ങാട് നഗരസഭ, മടിക്കൈ, കുമ്പള, മൊഗ്രാൽ പുത്തൂർ, പള്ളിക്കര, ഉദുമ എന്നീ തദ്ദേശ സ്ഥാപന പരിധിയിലെ സ്കൂളുകളിൽ നിന്നും ക്ലീൻ കേരള കമ്പനി ഇ-മാലിന്യം ശേഖരിക്കും. തുടർന്ന് ജില്ലയിലെ ബാക്കിയുള്ള തദ്ദേശ സ്ഥാപനങ്ങളിലെ സ്കൂളുകളിൽനിന്നും മാലിന്യം ശേഖരിക്കും.
കൈറ്റ് ജില്ല കോഓഡിനേറ്റർ റോജി ജോസഫ്, ശുചിത്വമിഷൻ ജില്ല കോഓഡിനേറ്റർ പി. ജയൻ, കോഓഡിനേറ്റർ എച്ച്. കൃഷ്ണൻ, കൈറ്റ് മാസ്റ്റർ ട്രൈയിനർ അബ്ദുൽ ഖാദർ, ക്ലീൻ കേരള കമ്പനി സെക്ടർ കോഓഡിനേറ്റർ അബ്ദുൽ ഹക്കീം എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

