സർക്കാർ ഓഫിസുകൾ അഞ്ച് നാൾ: സേവന ലഭ്യതയെ ബാധിക്കും; ഫയൽ കുന്നുകൂടൽ ഇരട്ടിയാകുമെന്ന് ആശങ്ക
text_fieldsതിരുവനന്തപുരം: സർക്കാർ ഓഫിസുകളുടെ പ്രവൃത്തി ദിനം അഞ്ചാക്കുന്നത് ഭരണപരമായ പരിഷ്കാരമെന്ന് വിശേഷിപ്പിക്കുമ്പോഴും സംസ്ഥാനത്തെ ഫയൽ നീക്കത്തിന്റെ വേഗതയെയും പൊതുജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങളുടെ ലഭ്യതയെയും എങ്ങിനെ ബാധിക്കുമെന്നതിൽ ആശങ്ക. സർക്കാർ സംവിധാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഫയൽ തീർപ്പാക്കലിലെ കാലതാമസമാണ്. നഷ്ടപ്പെടുന്ന മണിക്കൂറുകൾ മറ്റ് പ്രവൃത്തി ദിവസങ്ങളിൽ ഉൾക്കൊള്ളിക്കുമെന്ന് പറയുന്നുണ്ടെങ്കിലും എത്രത്തോളം പ്രയോഗികമാണെന്ന് കണ്ടറിയണം. മുഖ്യമന്ത്രിയുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ ഉണ്ടായിരുന്നിട്ടും ഫയൽ നീക്കത്തിന്റെ വേഗത വർധിപ്പിക്കാൻ സാധിച്ചിട്ടില്ല. ശനിയാഴ്ച കൂടി അവധിയാക്കുമ്പോൾ ഫയലുകൾ പരിശോധിക്കാനും തീരുമാനമെടുക്കാനുമുള്ള സമയത്തിൽ പ്രതിവർഷം 52 ദിവസത്തോളം കുറയും. ഇത് ഫയൽ കുന്നുകൂടൽ ഇരട്ടിയാക്കാൻ സാധ്യതയുണ്ട്.
പ്രതിമാസം ഉണ്ടാകുന്ന പുതിയ ഫയലുകളിൽ 30 ശതമാനത്തിൽ താഴെ മാത്രമാണ് തീർപ്പാക്കപ്പെടുന്നതെന്ന വസ്തുത നിലവിലെ ആറ് പ്രവൃത്തി ദിനങ്ങളിലെ കാര്യക്ഷമതയില്ലായ്മ അടിവരയിടുന്നു. ശനിയാഴ്ച കൂടി അവധിയാക്കുന്നത് ഈ നിരക്ക് ഇനിയും കുറക്കാൻ കാരണമാകും. ഓഫിസ് സംവിധാനങ്ങൾ വ്യാപകമായെങ്കിലും ഫീൽഡ് തല പരിശോധനകൾക്ക് ജീവനക്കാരുടെ ഭൗതിക സാന്നിധ്യം അത്യാവശ്യമാണ്. ഗ്രാമപ്രദേശങ്ങളിലെ വില്ലേജ് ഓഫിസുകളിൽ ഇന്നും 30 വർഷം പഴക്കമുള്ള സ്റ്റാഫ് പാറ്റേണാണ് നിലനിൽക്കുന്നത് എന്നത് ഈ മേഖലയിലെ പ്രവർത്തനഭാരം വർധിപ്പിക്കും.
സർക്കാർ ഓഫിസുകൾ അഞ്ച് ദിവസമാക്കുന്നതിന് അനുകൂലമായി പറയുന്ന പ്രധാന കാര്യം സേവനങ്ങളെല്ലാം ഓൺലൈനായി എന്നതാണ്. എന്നാൽ കേരളത്തിലെ എല്ലാ ഓഫിസുകളും ഈ നിലവാരത്തിലേക്ക് ഉയർന്നിട്ടില്ല. അപേക്ഷകൾ ഓൺലൈനായി നൽകാം എന്നല്ലാതെ, അവയുടെ പരിശോധനക്കും തീരുമാനമെടുക്കാനും ഇപ്പോഴും ജീവനക്കാരുടെ സാന്നിധ്യം വേണം. സേവനങ്ങൾ ഓൺലൈനായെങ്കിലും ഇന്നും ഗ്രാമപ്രദേശങ്ങളിലെ സാധാരണക്കാർ വില്ലേജ് ഓഫിസുകളെയും തദ്ദേശ സ്ഥാപനങ്ങളെയും നേരിട്ട് ആശ്രയിക്കുകയാണ്. 2002ൽ അഞ്ച് പ്രവൃത്തി ദിനം നടപ്പാക്കിയ ഛത്തീസ്ഗഢ് തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകാനുള്ള ആലോചനകളിലാണ്.
വിയോജിപ്പ് ആരോഗ്യമേഖലയിൽ
തിരുവനന്തപുരം: സർക്കാർ ഓഫിസുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചാക്കുന്നതിൽ പുതിയ ക്രമീകരണം ആരോഗ്യമേഖലയിൽ ആശങ്കയുണ്ടാക്കുമെന്ന് സർക്കാർ വിളിച്ച യോഗത്തിൽ അഭിപ്രായമുയർന്നു. നിലവിൽ ഏറ്റവും കൂടുതൽ രോഗികൾ ഒ.പിയിലെത്തുന്നത് ശനിയാഴ്ചയാണ്. എന്നാൽ ശനിയും ഞായറും അവധിയാകുന്നതോടെ ഇത് വെള്ളിയാഴ്ചയിലേക്ക് മാറും. നിലവിലെ സാഹചര്യങ്ങളും സംവിധാനങ്ങളും പരിഗണിക്കുമ്പോൾ ഇത് ആശുപത്രികൾക്ക് താങ്ങാനാകുന്നതിനുമപ്പുറം സമ്മർദമുണ്ടാക്കുമെന്നാണ് ഡോക്ടർമാരുടെ സംഘടന ചൂണ്ടിക്കാട്ടിയത്.
അതേസമയം, കലക്ഷൻ കുറയുമെന്ന ആശങ്ക മുൻനിർത്തി പരിഷ്കരണത്തെ മുമ്പ് പലഘട്ടങ്ങളിലും എതിർത്തിട്ടുണ്ടെങ്കിലും ഇക്കുറി കെ.എസ്.ആർ.ടി.സി നിലപാട് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

