നിപ: വ്യാജ സന്ദേശം പ്രചരിപ്പിച്ച അഞ്ചുപേർ കൂടി അറസ്റ്റിൽ
text_fieldsകോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ പൊലീസ് നടപടി ശക്തമാക്കി. വ്യാജ പ്രചാരണം നടത്തിയ അഞ്ചുപേരെ ഞായറാഴ്ച പിടികൂടിയതോടെ അറസ്റ്റിലായവരുടെ എണ്ണം13 ആയി. ഫറോക്ക് സ്വദേശി അബ്ദുൽ അസീസ്, മൂവാറ്റുപുഴ സ്വദേശികളായ അൻസാർ, ഫെബിൻ, അൻഷാജ്, ശിഹാബ് എന്നിവരാണ് ഞായറാഴ്ച അറസ്റ്റിലായത്. മൂവാറ്റുപുഴക്കാരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജില്ല മെഡിക്കൽ ഒാഫിസറുടെ പേരിൽ വ്യാജ പ്രചാരണം നടത്തിയെന്ന കേസിലാണ് നടപടിയെന്ന് നടക്കാവ് സി.െഎ ടി.കെ. അശ്റഫ് അറിയിച്ചു.
നിപ വൈറസ് കോഴിയിറച്ചി വഴി പകരുമെന്നതിനാൽ ഇറച്ചി വിഭവം ഒഴിവാക്കണമെന്ന വ്യാജ സന്ദേശമാണ് ഇവർ പ്രചരിപ്പിച്ചത്. എന്നാൽ, ഡി.എം.ഒയുടെ പേരിൽ വ്യാജ രേഖയുണ്ടാക്കിയത് ഇവരെല്ലന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. വ്യാജ കത്തിൽ പതിച്ച സീൽ ബംഗാളിലെ ഹുഗ്ലി ചുർച്ചുറയിലെ അഡീഷനൽ ജില്ല സബ് മജിസ്ട്രേറ്റിേൻറതാണ്. അവിടത്തെ സീൽ ഇവിടെ വ്യാജമായി നിർമിച്ചെന്നാണ് പ്രാഥമിക നിഗമനം. ആരാണ് വ്യാജ കത്ത് നിർമിച്ചെതന്ന് അന്വേഷിച്ചുവരികയാണെന്നും സി.െഎ പറഞ്ഞു. മേയ് 27 മുതലാണ് വ്യാജ കത്ത് വാട്സ്ആപ് വഴി പ്രചരിച്ചത്. ഇതേ േകസിൽ നടക്കാവ് സ്വദേശി മുഹമ്മദ് ഹനീഫ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
ഫറോക്ക് മേഖലയിലെ വിവിധ ഭാഗങ്ങളിൽ നിപ ൈവറസ് ബാധ സ്ഥിരീകരിച്ചതായി പ്രചരിപ്പിച്ച് ഭീതി പരത്തിയെന്ന കേസിൽ നല്ലൂർ സ്വദേശികളായ ‘ശ്രുതി നിവാസി’ൽ ദിബിജ് (24), ‘ചെറാട്ട് ഹൗസി’ൽ നിമേഷ് (25), അയ്യൻപാടത്ത് വൈഷ്ണവ് (20), കള്ളിയിൽ ദിൽജിത്ത് (23), പേട്ടങ്ങാട്ട് വിഷ്ണുദാസ് (20) എന്നിവരെ ഫറോക്ക് പൊലീസും ഹൈലൈറ്റ് മാളിലും പരിസര പ്രദേശത്തും നിപ വൈറസ് ബാധയുണ്ടെന്നും ആളുകൾ അവിടേക്ക് പോകരുതെന്നുമുള്ള ശബ്ദ സന്ദേശം വാട്സ്ആപ്പിലൂടെ പ്രചരിപ്പിച്ച കേസിൽ ചെറുവാടി സ്വദേശി ഫസലുദ്ദീൻ, അരീക്കോട് സ്വദേശി മുഹമ്മദ് ഫസീൽ എന്നിവരെ നല്ലളം പൊലീസും കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
നിപയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണങ്ങൾ നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് അറിയിച്ചു. വാട്സ്ആപ്പിലൂടെ തെറ്റായ പ്രചാരണം നടത്തിയാൽ അഡ്മിന്മാരെയും കേസിൽ പ്രതികളാക്കും. തെറ്റായ കാര്യങ്ങൾ മറ്റു ഗ്രൂപ്പുകളിലേക്ക് കൈമാറാതെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന് ജില്ല പൊലീസ് മേധാവി എസ്. കാളിരാജ് മഹേഷ്കുമാർ നിർദേശിച്ചു. നിപ ബാധിച്ച് മരിച്ച ചിലരുടെ ബന്ധുക്കൾ താമസിക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് വ്യാജ പ്രചാരണം അഴിച്ചുവിടുന്നത്. ഇവരെ ഒറ്റപ്പെടുത്തുക ലക്ഷ്യമിട്ടുകൂടിയാണിത്. നിപ ഭീതികാരണം കേരളത്തിെൻറ അതിർത്തികൾ ഉടൻ അടക്കുമെന്നുവരെ സന്ദേശം പ്രചരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
