ചട്ടങ്ങൾ ബ്രേക്ക് ചെയ്ത് ക്രമക്കേട്; സർക്കാർ അനുമതിയില്ലാതെ ബ്രേക്ക് ദി ചെയിൻ കാമ്പയിൻ, ചെലവിട്ടത് 4.88 കോടി
text_fieldsതിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സാമൂഹിക സുരക്ഷ മിഷൻ നടത്തിയ ‘ബ്രേക്ക് ദി ചെയിൻ’ കാമ്പയിനിൽ വ്യാപക ക്രമക്കേടുകളും ഗുരുതര വീഴ്ചകളുമെന്ന് സാമ്പത്തിക പരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. കാമ്പയിന് മിഷനെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഏകദേശം 4.88 കോടി രൂപയാണ് (മിഷന്റെ അഡ്മിനിസ്ട്രേറ്റീവ് ഫണ്ടിൽ നിന്ന് 439.16 ലക്ഷവും സ്പോൺസർഷിപ്പിലൂടെ ലഭിച്ച 49.79 ലക്ഷവും) ഇത്തരത്തിൽ സാധൂകരണം ഇല്ലാതെ ചെലവഴിച്ചത്. മിഷന്റെ തിരുവനന്തപുരത്തെ ആസ്ഥാനത്ത് ഏഴു വട്ടം പരിശോധന നടത്തിയെങ്കിലും എല്ലാ ബില്ലുകളും വൗച്ചറുകളും കിട്ടിയില്ല. അയർലൻഡിലെ ആശുപത്രിയിൽ നിന്ന് 3500 യൂറോയുടെ ഉപകരണങ്ങള്‍ അയച്ചു കിട്ടിയത് എടുക്കാൻ കസ്റ്റംസ് നടപടികള്‍ക്ക് പണം ചെലവാക്കിയിട്ടുണ്ട്.
വിദേശത്തുനിന്നും ഇത്തരത്തിൽ ഉപകരണങ്ങൾ ശേഖരിച്ചെങ്കിലും അവയൊന്നും മിഷന്റെ സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ല. ഇക്കാരണത്താൽ, സമാഹരിച്ച ഈ ഉപകരണങ്ങൾ ആർക്കൊക്കെ കൈമാറി എന്നോ എങ്ങനെ ഉപയോഗിച്ചു എന്നോ കണ്ടെത്താൻ പരിശോധന വിഭാഗത്തിന് സാധിച്ചിട്ടില്ല.. സാനിറ്റൈസർ, മാസ്ക്, കിയോസ്കുകൾ തുടങ്ങിയവ വാങ്ങിയതിൽ സ്റ്റോർ പർച്ചേസ് മാന്വൽ പ്രകാരമുള്ള ടെൻഡർ-ക്വട്ടേഷൻ നടപടികൾ പാലിച്ചില്ല.
ബൈലോ പ്രകാരം അഗതികൾ, വയോധികർ, ദുർബല വിഭാഗങ്ങൾ എന്നിവക്കായി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും മിഷന് അധികാരമുണ്ടെന്നും കോവിഡ് പോലുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥകളിൽ ഇത്തരം പ്രവർത്തനങ്ങൾ മിഷന്റെ ഉത്തരവാദിത്തമാണെന്നുമാണ് മുൻ എക്സിക്യൂടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ നൽകിയ വിശദീകരണം.
അതിനാൽ പ്രത്യേക സർക്കാർ ഉത്തരവിന്റെ ആവശ്യം നിയമപരമായി ഇല്ലെന്നും അദ്ദേഹം പരിശോധന വിഭാഗത്തിന് മറുപടി നൽകി. അടിയന്തര സാഹചര്യങ്ങളിൽ പർച്ചേസ് നിയമങ്ങളിൽ ഇളവുകൾ ഉണ്ടായിരുന്നെങ്കിലും പ്രവൃത്തികൾ പൂർത്തിയാക്കിയ ശേഷം അതത് വകുപ്പ് മന്ത്രിമാർ വഴി സർക്കാർ തലത്തിൽ സാധൂകരണം വാങ്ങണമെന്ന നിർദ്ദേശം പാലിക്കപ്പെട്ടില്ലെന്നും അതുകൊണ്ട് ഈ വിശദീകരണം തൃപ്തികരമല്ലെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.
സ്പോൺസർഷിപ്പ് തുകകളും ചെലവഴിച്ച തുകകളുടെ അസൽ ബില്ലുകളും വൗച്ചറുകളും ഭരണവകുപ്പിന്റെ മേൽനോട്ടത്തിൽ സമഗ്രമായ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. മുൻ എക്സിക്യൂട്ടീവ് ഡയറക്ടർക്കെതിരെ അച്ചടക്ക നടപടിക്കും ശുപാർശയുണ്ട്. ബ്രേക്ക് ദി ചെയിൻ പദ്ധതിയിലെ ചെലവിനെക്കുറിച്ച് അധികാര പരിധിക്ക് പുറത്തുള്ളതും അനാവശ്യവുമെന്ന് എ.ജി റിപ്പോര്‍ട്ടിലെ പരാമര്‍ശം. ഇതേ തുടര്‍ന്നാണ് 2022ൽ മന്ത്രി കൂടി പങ്കെടുത്ത സാമൂഹ്യ സുരക്ഷാ മിഷൻ ഗവേണിങ് സമിതി യോഗം ധനകാര്യ പരിശോധന വിഭാഗത്തിന്റെ പരിശോധനക്ക് തീരുമാനിച്ചത്.
‘റിപ്പോർട്ട് തള്ളണം’ -ധന സെക്രട്ടറിക്ക് ഡോ. അഷീലിന്റെ കത്ത്
തിരുവനന്തപുരം: ധനകാര്യ പരിശോധന വിഭാഗം റിപ്പോർട്ട് തയാറാക്കിയത് അപൂർണമായ രേഖകളെ അടിസ്ഥാനമാക്കിയാണെന്നും റിപ്പോർട്ട് തള്ളണമെന്നും ആവശ്യപ്പെട്ട് ധനകാര്യ സെക്രട്ടറിക്ക് സാമൂഹിക സുരക്ഷാ മിഷൻ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബി. മുഹമ്മദ് അഷീലിന്റെ കത്ത്.
15,000ത്തോളം ജീവനുകൾ രക്ഷിച്ച മാതൃകാ പ്രവർത്തനത്തെ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് കുറ്റകൃത്യമായി ചിത്രീകരിക്കാനാണ് റിപ്പോർട്ട് ശ്രമിക്കുന്നതെന്ന് ജൂൺ എട്ടിന് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു. കോവിഡ് കാലത്തെ അടിയന്തര സാഹചര്യങ്ങൾക്കായി സർക്കാർ പുറപ്പെടുവിച്ച പ്രത്യേക ഉത്തരവുകൾ പ്രകാരം ടെൻഡറില്ലാതെ സാധനങ്ങൾ വാങ്ങാനും 90 ശതമാനം വരെ മുൻകൂർ പണം നൽകാനും അനുവാദം നൽകിയിരുന്നു. ധനകാര്യ ഇൻസ്പെക്ഷൻ വിഭാഗം ഈ ഉത്തരവുകളെ അവഗണിക്കുകയും സാധാരണകാലത്തെ സാധാരണ ചട്ടങ്ങൾ ഉപയോഗിച്ച് കാര്യങ്ങളെ വിലയിരുത്തുകയുമാണ് ചെയ്തത്.
ഏഴ് തവണ ഇൻസ്പെക്ഷൻ സംഘം മിഷൻ സന്ദർശിച്ചിട്ടും അന്നത്തെ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന തന്നോട് ഒരു വിശദീകരണം പോലും ചോദിച്ചിട്ടില്ല. താൻ സമർപ്പിച്ച 69 പേജുള്ള വിശദമായ മറുപടി ഒരു അന്വേഷണവുമില്ലാതെ ‘തൃപ്തികരമല്ല’ എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞത് നിയമവിരുദ്ധമാണെന്നും കത്തിൽ കൂട്ടിച്ചേർക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

