4,734 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു -എ.കെ. ശശീന്ദ്രൻ
text_fieldsതിരുവനന്തപുരം: മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയായ കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യാൻ ഗ്രാമ പഞ്ചായത്തുകൾക്ക് അധികാരം നൽകിയതോടെ ജൂലൈ വരെ 4,734 എണ്ണത്തിനെ വെടിവച്ചു കൊന്നെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു. പാലക്കാട്ടാണ് കൂടുതൽ പന്നികളെ കൊന്നത് -1457. മലപ്പുറത്ത് -826, തിരുവനന്തപുരം -796 പന്നികളെയും കൊന്നു.
നാടൻ കുരങ്ങുകളെ 1972 ലെ വന്യജീവി (സംരക്ഷണം) നിയമത്തിന്റെ ഒന്നാം പട്ടികയിലുൾപ്പെടുന്നതിനാൽ എണ്ണം നിയന്ത്രിക്കാൻ പരിമിതിയുണ്ട്. ഇക്കാര്യത്തിൽ കേന്ദ്രാനുമതി തേടി. കർമ്മപദ്ധതിയും തയാറാക്കി വരുന്നു.
വന്യജീവി ആക്രമണം മൂലം ജീവഹാനി സംഭവിക്കുന്നവരുടെ കുടുംബത്തിന് നിലവിൽ നൽകുന്ന പത്തുലക്ഷം രൂപ നഷ്ടപരിഹാരം ഇരട്ടിയാക്കുന്നത് സർക്കാർ പരിശോധിച്ചുവരികയാണെന്ന് മന്ത്രി അറിയിച്ചു. വനത്തിന് പുറത്തുനിന്നുള്ള പാമ്പുകടി, തേനീച്ച, കടന്നൽ കുത്ത് മൂലമുള്ള ജീവഹാനിക്ക് നഷ്ടപരിഹാരം നാല് ലക്ഷം രൂപയായി വർധിപ്പിച്ചു.
ആകെ വനാതിർത്തിയായ 11,554 കിലോമീറ്ററിൽ 10,714 കിലോമീറ്റർ അതിർത്തി നിർണയിച്ച് ജണ്ട കെട്ടി. ഇനി 840 കിലോമീറ്ററിലാണ് ജണ്ട നിർമ്മിക്കേണ്ടത്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 9,441 ജണ്ടകൾ നിർമ്മിച്ചെന്നും മന്ത്രി ചോദ്യോത്തര വേളയിൽ മന്ത്രി വ്യക്തമാക്കി.
കാട്ടുപന്നിയെ വേട്ടയാടി മാംസം വിറ്റ കേസിൽ മൂന്നുപേർ അറസ്റ്റിൽ
വരവൂർ: കാട്ടുപന്നിയെ വേട്ടയാടി മാംസം വിൽപന നടത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. കാഞ്ഞിരക്കോട് സ്വദേശികളായ വടക്കൻവീട്ടിൽ മിഥുൻ (30), മങ്കാത്ത് വീട്ടിൽ ശിവൻ (54), മനവളപ്പിൽ വീട്ടിൽ കെ.എം. മുരളീധരൻ (65) എന്നിവരാണ് അറസ്റ്റിലായത്.
പന്നിവേട്ടയുമായി ബന്ധപ്പെട്ട് ദേശമംഗലം പല്ലൂർ സ്വദേശി കിഴക്കേതിൽ വീട്ടിൽ മുഹമ്മദ് മുസ്തഫയെ നേരത്തെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. ഇയാളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ പ്രതികൾ അറസ്റ്റിലായത്. അറസ്റ്റിലായ മിഥുൻ കാഞ്ഞിരക്കോട് സെൻററിൽ ഓട്ടോറിക്ഷ ഡ്രൈവറാണ്. മുരളീധരൻ കേരള വെറ്ററിനറി സർവകലാശാലയിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ്. പ്രതികളെ വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കി. കേസിൽ കൂടുതൽ അറസ്റ്റുകൾ ഇനിയും ഉണ്ടാകുമെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.
വടക്കാഞ്ചേരി ഫോറസ്റ്റ് റെയ്ഞ്ചിന് കീഴിലെ പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ നടത്തിയ അന്വേഷണത്തിൽ ഫോറസ്റ്റ് ഓഫിസർ ബി. അശോക് രാജിന്റെ നേതൃത്വത്തിലുള്ള വനപാലകരാണ് അറസ്റ്റ് നടപടികൾ സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

