കേൾക്കാം, ജയിലിലെ പച്ചയായ കാര്യങ്ങൾ; കർഷക പുരസ്കാര നിറവിൽ കണ്ണൂർ സെൻട്രൽ ജയിലിലെ 45 ഏക്കർ കൃഷി
text_fieldsകണ്ണൂർ സെൻട്രൽ ജയിലിലെ പച്ചക്കറിത്തോട്ടത്തിൽ ഉദ്യോഗസ്ഥർ
കണ്ണൂർ: ജയിൽചാട്ടം, പരോൾ, തടവുകാരുടെ പ്രശ്നങ്ങൾ തുടങ്ങിയ പതിവ് വാർത്തകൾക്കപ്പുറത്ത് ചില ‘പച്ചയായ’ യാഥാർഥ്യമുണ്ട് കണ്ണൂർ സെൻട്രൽ ജയിലിന്. ഇന്ത്യയിലെ ആദ്യത്തെ നെറ്റ് സീറോ കാർബൺ ജയിൽ ആണ് കണ്ണൂർ സെൻട്രൽ ജയിൽ. ഹരിത കേരള മിഷനുമായി ചേർന്ന് 2025 ജനുവരി 20നാണ് ജയിലിൽ നെറ്റ് സീറോ കാർബൺ പദ്ധതി തുടങ്ങിയത്. ഇതിനായി ഹരിതസ്പർശം എന്ന കൂട്ടായ്മ ആദ്യം രൂപവത്കരിച്ചു. ഈ കൂട്ടായ്മയുടെ ഫലം കൂടിയാണ് സെൻട്രൽ ജയിലിലെ കൃഷിക്ക് സംസ്ഥാനതല കർഷക പുരസ്കാരം തേടിയെത്തിയത്. കൃഷിയിൽ മികവുള്ള പൊതുമേഖല സ്ഥാപനത്തിനുള്ള പുരസ്കാരമാണിത്. അരലക്ഷം രൂപയാണ് പുരസ്കാര തുക.
കൃഷി അറിയുന്ന ഒട്ടേറെ അന്തേവാസികൾ സെൻട്രൽ ജയിലിലുണ്ട്. അവരെ ഉപയോഗപ്പെടുത്തിയാണ് പുഴാതി കൃഷിഭവന്റെ സഹായത്തോടെ 45 ഏക്കറിൽ സംയോജിത കൃഷി നടപ്പാക്കുന്നത്. ജയിലിനുള്ളിൽ 15 ഏക്കറിലും പുറത്ത് 30 ഏക്കറിലുമാണ് ഈ കൃഷി. തെങ്ങ്, റബർ, കശുമാവ്, മാവ്, പ്ലാവ്, പപ്പായ, കുരുമുളക്, പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ, വാഴ, തണ്ണിമത്തൻ എന്നിവയാണ് പ്രധാന കൃഷികൾ. പച്ചക്കറികൾ ജയിൽ ആവശ്യത്തിനും വിൽപനക്കും ഉപയോഗിക്കും.
പച്ചക്കറികൾ വിൽക്കാൻ ജയിലിനു മുന്നിൽ കടയുണ്ട്. 2,000 തെങ്ങുകളിൽ 800 എണ്ണം കായ്ക്കുന്നതാണ്. കൊല്ലത്തിൽ 35,000 തേങ്ങയാണ് ലഭിക്കുന്നത്. അതെല്ലാം ഭക്ഷണ, വെളിച്ചെണ്ണ ആവശ്യത്തിന് ഉപയോഗിക്കും. 430 മാവുകളിൽ നിന്ന് ഈ സീസണിൽ 1000 കിലോഗ്രാം മാമ്പഴം ലഭിച്ചിരുന്നു. 61 പശുക്കൾ, 60 ആടുകൾ, 1500 ഇറച്ചിക്കോഴികൾ എന്നിവയുണ്ട്. പാൽ ജയിൽ ആവശ്യത്തിനാണ് ഉപയോഗിക്കുന്നത്. ജയിൽ ബിരിയാണിക്കും ജയിൽ ആവശ്യത്തിനും കോഴിയിറച്ചി ഉപയോഗിക്കും. ആടുകളെ ലേലം ചെയ്തു വിൽക്കും. ഓണവിപണി കണ്ട് 5,000 ചെണ്ടുമല്ലി ചെടികൾ നട്ടിട്ടുണ്ട്. 2500 ചട്ടിയിൽ തുടങ്ങിയ മുല്ലപ്പൂക്കൃഷിയും വൻ വിജയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

