
424 പവനും 2.97 കോടി രൂപയും ചെലവിന് പ്രതിമാസം 70,000 രൂപയും ഭാര്യക്ക് നൽകാൻ കുടുംബകോടതി വിധി
text_fieldsഇരിങ്ങാലക്കുട (തൃശൂർ): 424 പവനും 2.97 കോടി രൂപയും പ്രതിമാസ ചെലവിന് 70,000 രൂപയും ഭര്‍ത്യുവീട്ടുകാർ ഭാര്യക്ക് നൽകണമെന്ന് ഇരിങ്ങാലക്കുട വിധി. ഇരിങ്ങാലക്കുട കണ്‌ഠേശ്വരം സ്വദേശിനി ശ്രുതി ഭര്‍ത്താവ് കോഴിക്കോട് കോട്ടുളി സ്വദേശി മേപ്പറമ്പറത്ത് ഡോ. ശ്രീതു ഗോപി, ഭര്‍തൃപിതാവ് ഗോപി, ഭർതൃ മാതാവ് മല്ലിക, ഭര്‍തൃ സഹോദരൻ, സഹോദര ഭാര്യ എന്നിവർക്കെതിരെ നൽകിയ ഹരജിയിലാണ് വിധി.
ഡോക്ടറായ ഭര്‍ത്താവ് പ്രതിമാസം 70,000 രൂപ ഭാര്യക്കും മകനും ചെലവിന് നല്‍കാനും 424 പവന്‍ സ്വർണാഭരണങ്ങള്‍ തിരിച്ച് നല്‍കാനും വിദ്യാഭ്യാസ ചെലവിനും വീടും വാഹനവും വാങ്ങുന്നതിനും ഭാര്യവീട്ടില്‍നിന്ന് കൈപ്പറ്റിയ സംഖ്യയടക്കം 2.97 കോടി രൂപ തിരികെ നല്‍കാനും ഇരിങ്ങാലക്കുട കുടുംബകോടതി ജഡ്ജി എസ്.എസ്. സീന വിധിച്ചു.
2012 മേയ് 11നായിരുന്നു ഇവരുടെ വിവാഹം. വിവാഹം തീരുമാനിച്ച നാള്‍ മുതല്‍ ഭര്‍ത്യുവീട്ടുകാര്‍ പണം ആവശ്യപ്പെടുക പതിവായിരുന്നുവെന്നും വിവാഹ ചെലവിലേക്കും വീട് വെക്കുന്നതിനും വാഹനം വാങ്ങുന്നതിനും കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്നും വിവാഹശേഷം ഭര്‍ത്താവില്‍നിന്നും വീട്ടുകാരില്‍നിന്നും കടുത്ത ശാരീരിക-മാനസിക പീഡനം ഉണ്ടായെന്നും കാണിച്ചാണ് ശ്രുതി കുടുംബ കോടതിയെ സമീപിച്ചത്. ഹരജിക്കാരിക്കുവേണ്ടി അഡ്വക്കറ്റുമാരായ ബെന്നി എം. കാളന്‍, എ.സി. മോഹനകൃഷ്ണന്‍, കെ.എം. ഷുക്കൂര്‍ എന്നിവര്‍ ഹാജരായി.