കാറിൽ കയറുന്നതിനിടെ പാമ്പ് കടിയേറ്റ് യുവതിയുടെ മരണം; ഭീതി മാറാതെ നാട്ടുകാർ
text_fieldsപാമ്പ് കടിയേറ്റ് മരിച്ച സലീന. സലീനക്ക് കടിയേറ്റ സ്ഥലം
കായംകുളം: കൊറ്റുകുളങ്ങരയിൽ വിവാഹ സൽക്കാര ചടങ്ങിന് എത്തിയ യുവതി പാമ്പുകടിയേറ്റ് മരിച്ചതിന്റെ ഭീതി വിട്ടുമാറാതെ നാട്ടുകാർ. ആറാട്ടുപുഴ കാപ്പൂരിക്കാട്ടിൽ നാജിമിന്റെ ഭാര്യ സലീനയാണ് (42) ഇന്നലെ രാത്രി മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 7.30 ഓടെ കൊറ്റുകുളങ്ങര പാഞ്ചേരിൽ പുരയിടത്തിൽവെച്ചാണ് കടിയേറ്റത്. ബന്ധുവിന്റെ വിവാഹ സൽക്കാര ശേഷം ഇവിടെ പാർക്ക് ചെയ്ത കാറിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്.
ഉടൻ സമീപത്തെ സ്വകാര്യ ക്ലിനിക്കിലും തുടർന്ന് കായംകുളം താലൂക്ക് ആശുപത്രിയിലും എത്തിച്ചുവെങ്കിലും രക്തപരിശോധനയിൽ വിഷാംശം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ശുചിമുറിയിലേക്ക് പോയ സലീന അവിടെ കുഴഞ്ഞു വീഴുകയായിരുന്നു.
ഇഴജന്തുക്കളുടെ ഭീഷണിയിൽ നിന്നുള്ള രക്ഷക്ക് വഴി തേടുകയാണ് നാട്ടുകാർ. ഇതിന്റെ ഭാഗമായി പ്രദേശത്തെ കാടുവെട്ടിത്തെളിച്ചു. മിക്കപ്പോഴും വഴികളിൽ പാമ്പിനെ കാണുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. അണലി വർഗമാണ് പെരുകുന്നത്. ദേശീയ പാത നിർമാണത്തിനായി എത്തിക്കുന്ന ലോറികളിൽ എത്തിക്കുന്ന കിഴക്കൻ നാടുകളിൽ നിന്നുള്ള മണ്ണിലൂടെ പാമ്പുകൾ ഇവിടേക്ക് എത്തുന്നുണ്ടെന്ന് സംശയിക്കുന്നു.
പ്രദേശത്തെ കാടും പടലും പടർന്ന പുരയിടങ്ങളും ആക്രി - പ്ലാസ്റ്റിക് ഗോഡൗണു കളും പാമ്പുകൾക്ക് സുരക്ഷിത താവളങ്ങളായി മാറുന്നതായി പരാതിയുണ്ട്. ഇതിനെതിരെ നൽകിയ പരാതികളിൽ നഗരസഭ നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.
കായംകുളം മർക്കന്റയിൽ വെൽഫെയർ കോഓപറേറ്റീവ് സെക്രട്ടറിയായിരുന്നു മരിച്ച സലീന. പിതാവ്: കായംകുളം വടക്കേതോപ്പിൽ സമീർ. മാതാവ്: ജമീല. മകൾ: നാസിയ. മൃതദേഹം ഗവ. ആശുപത്രി മോർച്ചറിയിൽ. ഇന്ന് ആലപ്പുഴ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തും. ഇതിന് ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

