'മൂന്നാം തരംഗ മുന്നറിയിപ്പിനെ കാലാവസ്ഥാ പ്രവചനം പോലെ നിസാരമായി കാണരുത്'
text_fieldsന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പിനെ ജനങ്ങൾ അതീവ ഗൗരവത്തിലെടുക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സ്ഥിരം നൽകുന്ന കാലാവസ്ഥാ മുന്നറിയിപ്പ് പോലെ കോവിഡ് മുന്നറിയിപ്പിനെ നിസാരമായി കാണരുത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ജനങ്ങൾ പുറത്തിറങ്ങുന്നത് സംബന്ധിച്ച റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയാണ് ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ്. ജയിലിൽ കഴിയുന്നത് പോലെയാണ് ജനങ്ങൾക്ക് തോന്നുന്നതെന്നും അതിനാലാണ് അവർ വീട്ടിന് പുറത്തിറങ്ങുന്നതെന്നുമാണ് ഒരു വാർത്തയിൽ പറഞ്ഞതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.
ഹിമാചൽ പ്രദേശിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ജനങ്ങൾ തിങ്ങിനിറഞ്ഞതിന്‍റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. വൻ ജനക്കൂട്ടങ്ങൾ ഒഴിവാക്കണമെന്ന നിർദേശം അവഗണിച്ചാണ് ഇത്തരം ഒത്തുകൂടലുകൾ.
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കൂടുതലാളുകൾ എത്തുന്ന വിഷയം ഇന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വിർച്വൽ കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 'വിനോദ സഞ്ചാര മേഖലയെയും വ്യാപാര മേഖലയെയും കോവിഡ് സാരമായി ബാധിച്ചെന്നത് ശരിയാണ്. എന്നാൽ, ഹിൽ സ്റ്റേഷനുകളിലും മാർക്കറ്റുകളിലും മാസ്ക് പോലും ധരിക്കാതെ ആളുകൾ എത്തുന്നത് ശരിയല്ല' -കൂടിക്കാഴ്ചയിൽ മോദി പറഞ്ഞു.
വൈറസ് സ്വന്തം നിലക്ക് ഇല്ലാതാവില്ല. മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് നാം തന്നെയാണ് വൈറസിനെ ഒപ്പം കൂട്ടുന്നത്. ജനക്കൂട്ടങ്ങൾ കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് വിദഗ്ധർ തുടർച്ചയായി മുന്നറിയിപ്പ് നൽകുകയാണ്. കോവിഡിനെ തുടച്ചുനീക്കാൻ എല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

