36ാമത് കേരള സയൻസ് കോൺഗ്രസ് കാസർകോട്ട്
text_fieldsകുന്ദമംഗലം: 36ാമത് കേരള സയൻസ് കോൺഗ്രസ് 2024 ഫെബ്രുവരി എട്ട് മുതൽ 11 വരെ കാസർകോട് ഗവ. കോളജിൽ നടക്കും. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സി.ബ്ല്യു.ആർ.ഡി.എം) കാസർകോട് ഗവ. കോളജ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ശാസ്ത്ര പ്രബന്ധങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 25 ആണ്.
ഫെബ്രുവരി ഒമ്പതിന് മുഖ്യമന്ത്രി സയൻസ് കോൺഗ്രസ് ഉദ്ഘാടനം ചെയ്യും. യുവ ഗവേഷകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും വിദ്യാർഥികള്‍ക്കും സംവദിക്കാനും അവരുടെ അറിവുകൾ പങ്കിടാനുമുള്ള വേദിയാണ് കേരള സയൻസ് കോൺഗ്രസ്. ഇത്തവണത്തെ പ്രധാന വിഷയം ‘ഏകാരോഗ്യ കാഴ്ചപ്പാടിലൂടെ കേരള സമ്പദ് വ്യവസ്ഥയുടെ രൂപാന്തരണം’ എന്നതാണ്.
രസതന്ത്രത്തിനുള്ള നൊബേൽ സമ്മാന ജേതാവ് പ്രഫ. മോർട്ടൻ മെൽഡൽ പ്രഭാഷണം നടത്തുകയും വിദ്യാർഥികളുമായി സംവദിക്കുകയും ചെയ്യും. സയൻസ് എക്സ്പോയിൽ ഇന്ത്യയിലെ വിവിധ ഗവേഷണ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവയുടെ സ്റ്റാളുകൾ ഉണ്ടാവും.
കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്‍റ് പ്രഫ. കെ.പി. സുധീറാണ് ശാസ്ത്ര കോൺഗ്രസിന്റെ പ്രസിഡന്റ്. ഡോ. സൗമ്യ സ്വാമിനാഥൻ ചെയർപേഴ്സനും ഡോ. എസ്. പ്രദീപ്കുമാർ ജനറൽ കൺവീനറും ഡോ. മനോജ് പി. സാമുവൽ സംഘാടക സമിതി കൺവീനറും ഡോ. വി.എസ്. അനില്‍കുമാര്‍ കോ-കണ്‍വീനറുമായുള്ള സംഘാടക സമിതി പ്രവർത്തനം ആരംഭിച്ചു. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും വെബ്സൈറ്റ്: www.ksc.kerala.gov.in.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

