തിരുവനന്തപുരം: അതിതീവ്ര മഴയിലും വെള്ളപ്പൊക്കത്തിലും വാട്ടർ അതോറിറ്റിയുടെ 36 ജലവിതരണ പദ്ധതികളുടെ പ്രവർത്തനം തടസ്സപ്പെട്ടു. ഇതിൽ 20 പദ്ധതികളുടെ പ്രവർത്തനം പുനഃസ്ഥാപിച്ചു.
കോട്ടയം, ഇടുക്കി ജില്ലകളിലെ പദ്ധതികളാണ് കൂടുതലും തകരാറിലായത്. കോട്ടയം ജില്ലയിലെ 12 പദ്ധതികളുടെ പ്രവർത്തനം തടസ്സപ്പെട്ടെങ്കിലും ഏഴും പുനരാരംഭിച്ചു. കോട്ടയം ജില്ലയിലെ കോസടി പദ്ധതി പൂർണമായും നശിച്ചു. പമ്പ് ഹൗസ് പൂർണമായും തകർന്നു. മണിമല, കാഞ്ഞിരപ്പള്ളി പദ്ധതികൾക്കും പൂർണനാശം സംഭവിച്ചു.
ഇടുക്കി ജില്ലയിലെ 20 പദ്ധതികളുടെ പ്രവർത്തനം നിലച്ചെങ്കിലും 11ഉം പുനഃസ്ഥാപിക്കാനായി. എറണാകുളം ജില്ലയിലെ നാല് പദ്ധതികൾ ക്രമാതീതമായ പ്രക്ഷുബ്ധത കാരണം നിർത്തിവച്ചെങ്കിലും പ്രവർത്തനം പുനഃസ്ഥാപിച്ചിട്ടുണ്ട്.