എറണാകുളത്ത് ഒമിക്രോൺ സ്ഥിരീകരിച്ചയാളുമായി ബന്ധപ്പെട്ട 36 പേർ ഐസൊലേഷനിൽ
text_fieldsതിരുവനന്തപുരം: ഒമിക്രോൺ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് കണ്ടെത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകന യോഗത്തിൽ നിർദേശം നൽകി. അവിടങ്ങളിൽ ജനിതക സീക്വൻസിങ് വർധിപ്പിക്കണം. എറണാകുളത്ത് ഒമിക്രോൺ സ്ഥിരീകരിച്ച രോഗിയുമായി ബന്ധപ്പെട്ട 36 പേരും ഐസൊലേഷനിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
വാക്സിനേഷൻ നിരക്ക് കുറഞ്ഞ പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അത് വർധിപ്പിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണം. സംസ്ഥാനത്ത് 97 ശതമാനം പേർ ആദ്യ ഡോസ് വാക്സിനും 70 ശതമാനം പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. 70 ലക്ഷം പേർക്ക് രണ്ടാം ഡോസ് നൽകാനുണ്ട്. അത് എത്രയും വേഗം പൂർത്തീകരിക്കാൻ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനോട് നിർദ്ദേശിച്ചു.
നിർബന്ധമായും മാസ്ക് ധരിക്കണം. മൂന്ന് ലയർ മാസ്കോ എൻ 95 മാസ്കോ ധരിക്കാൻ ശ്രദ്ധിക്കണം. ഉത്സവങ്ങളുമായി ബന്ധപ്പെട്ട ആചാരപരമായ കലാരൂപങ്ങൾ അനുവദിക്കും. ഉത്സവങ്ങൾ, രാഷ്രീയ, സാംസ്‌കാരിക, സാമൂഹിക പരിപാടികളുൾപ്പെടെയുള്ള പൊതുചടങ്ങുകൾ എന്നിവയ്ക്ക് തുറന്ന ഇടങ്ങളിൽ പരമാവധി 300 പേരെയും മുറികൾ, ഹാളുകൾ പോലുള്ള അടഞ്ഞ ഇടങ്ങളിൽ പരമാവധി 150 പേരെയും അനുവദിക്കും.
വിവാഹങ്ങൾ, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് തുറന്ന ഇടങ്ങളിൽ പരമാവധി 200, അടഞ്ഞ ഇടങ്ങളിൽ പരമാവധി 100 എന്ന നിലവിലുള്ള നില തുടരും. അനുവദനീയമായ ആളുകളുടെ എണ്ണം ലഭ്യമായ സ്ഥലത്തിന് ആനുപാതികമായിരിക്കണം.
ശബരിമലയിൽ കഴിഞ്ഞദിവസം ചില ഇളവുകൾ അനുവദിച്ചിരുന്നു. അവിടെ ഒരു തരത്തിലും ജാഗ്രതക്കുറവ് പാടില്ല. സ്കൂളുകളിൽ എത്തുന്ന കുട്ടികൾക്ക് കോവിഡ് രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യപരിരക്ഷ നൽകാൻ നടപടി എടുക്കണം. കോവിഡാനന്തര രോഗങ്ങളെക്കുറിച്ച് അധ്യാപകരിൽ പൊതു ധാരണ ഉണ്ടാക്കണം. സ്കൂളുകൾ പൂർണതോതിൽ തുറക്കുന്ന കാര്യം ഇപ്പോൾ പരിഗണനയിലില്ല. കോവിഡ് ധനസഹായം സമയബന്ധിതമായി പൂർത്തീകരിക്കാൻ ജില്ല കലക്ടർമാരോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

