പ്ലസ് വൺ പ്രവേശനം: 352 താൽക്കാലിക ബാച്ചുകൾ തുടരും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ കഴിഞ്ഞവർഷം നിലവിലുണ്ടായിരുന്ന 352 താൽക്കാലിക ബാച്ചുകളും തുടരാൻ തീരുമാനം. കഴിഞ്ഞ വർഷത്തെ മാതൃകയിൽ സർക്കാർ/ എയ്ഡഡ് സ്കൂളുകളിൽ അനുവദിച്ച 30/20 ശതമാനം ആനുപാതിക സീറ്റ് വർധനവും ഈ വർഷം തുടരും. പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം.
ബാച്ചുകൾ തുടരുന്നത് സംബന്ധിച്ച ഫയൽ ഫെബ്രുവരി ആദ്യംതന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ചെങ്കിലും കഴിഞ്ഞ സർക്കാർ തീരുമാനമെടുത്തിരുന്നില്ല. ബാച്ചുകളും സീറ്റ് വർധനവും അനുവദിച്ചില്ലെങ്കിൽ പ്ലസ് വൺ പ്രവേശനം വീണ്ടും പ്രതിസന്ധിയിലാകുമെന്ന് ഏപ്രിൽ 28ന് ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ പുതിയ സർക്കാർ തീരുമാനമെടുക്കട്ടെയെന്ന നിലപാടിലായിരുന്നു മുൻ സർക്കാർ.
സർക്കാർ തീരുമാനം ഉത്തരവായി ഇറങ്ങിയാൽ ആദ്യഘട്ടത്തിൽതന്നെ വർധിപ്പിക്കുന്ന സീറ്റുകളിലേക്കും താൽക്കാലിക ബാച്ചുകളിലേക്കും അലോട്ട്മെന്റ് നടക്കും. 352 താൽക്കാലിക ബാച്ചുകളിൽ 38 എണ്ണം ഷിഫ്റ്റ് ചെയ്തതാണ്. അവശേഷിക്കുന്ന 314 ബാച്ചുകൾ വടക്കൻ കേരളത്തിലെ രൂക്ഷമായ സീറ്റുക്ഷാമം പരിഹരിക്കാൻ വിവിധ വർഷങ്ങളിൽ അനുവദിച്ചവയാണ്. ഇവ ഓരോ വർഷവും പ്രത്യേകം ഉത്തരവിറക്കി തുടരുന്നതാണ്.
ഈ 352 ബാച്ചുകളിൽ 235ഉം മലപ്പുറം ജില്ലയിലാണ്. കാസർകോട്ട് 34 ബാച്ചുകളും കോഴിക്കോട്ട് 31 ബാച്ചുകളുമാണുള്ളത്. കണ്ണൂർ 19, പാലക്കാട് 18, വയനാട് ഒമ്പത്, തൃശൂർ അഞ്ച്, കൊല്ലം ഒന്ന് എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ താൽക്കാലിക ബാച്ചുകൾ.
പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പണം മേയ് 25ന് തുടങ്ങാനാണ് ധാരണ. ഇതിനുമുമ്പ് ബാച്ചുകളുടെ ഉത്തരവിറങ്ങിയേക്കും. സീറ്റ്, ബാച്ച് വർധനയില്ലാതെ സംസ്ഥാനത്താകെ 3,61,044 സീറ്റുകളാണുള്ളത്. ഇതിൽ 1,41,200 സീറ്റുകൾ സർക്കാർ സ്കൂളുകളിലും 1,65,150 സീറ്റുകൾ എയ്ഡഡിലും 53,265 എണ്ണം അൺഎയ്ഡഡിലുമാണ്. മോഡൽ സ്കൂളുകളിൽ 1,429 സീറ്റുകളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

