ഒരു വര്‍ഷത്തിനിടെ ഇടുക്കി ജില്ലയില്‍ മുങ്ങിമരിച്ചത് 35 പേർ
text_fieldsകഴിഞ്ഞദിവസം മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ച വല്യപാറക്കുട്ടി ചേലക്കയം
തൊടുപുഴ: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജില്ലയില്‍ പുഴകളിലും കുളങ്ങളിലും ജലാശയങ്ങളിലുമായി മുങ്ങി മരിച്ചത് മുപ്പത്തഞ്ച് പേർ. ജലാശയങ്ങളിലും കുളങ്ങളിലുമടക്കം പതിയിരിക്കുന്ന അപകടം അറിയാതെ മരണത്തിലേക്ക് വഴുതി വീഴുന്നവരുടെ എണ്ണം ജില്ലയിൽ വര്‍ധിക്കുകയാണ്. ഒരാഴ്ച മുൻപ് പണിക്കന്‍കുടി കൊമ്പൊടിഞ്ഞാലില്‍ പാറമടക്കുളത്തില്‍ ജീവന് നഷ്ടമായ മുത്തശ്ശിയുടെയും പേരക്കുട്ടികളായ രണ്ട് കുരുന്നുകളുടെയും മരണം ജില്ലയ്ക്ക് കനത്ത നൊമ്പരമായിരുന്നു.
ഇതിന് തൊട്ട് പിന്നാലെയാണ് വ്യാഴാഴ്ച കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികളുടെ മരണം. കാലടി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂൾ വിദ്യാർഥികളാണ് മരിച്ചവർ. വേനലിന്റെ കാഠിന്യം കൂടിയതിനെ തുടർന്ന് കുളിക്കാനും അലക്കാനുമായി നിരവധിപ്പേരാണ് ഇത്തരം ജലാശയങ്ങളിൽ എത്തുന്നത്.
പലർക്കും ജലാശയങ്ങളുടെ ആഴമോ അപകട സാധ്യതയോ അറിയില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജില്ലയില്‍ പാറക്കുളങ്ങള്‍ക്ക് പുറമെ നദികള്‍, ചെക്ക്ഡാം, കുളങ്ങള്‍, പടുതാക്കുളങ്ങള്‍, ചുറ്റുമതിലില്ലാത്ത കിണറുകള്‍ എന്നിവിടങ്ങളിലായിരുന്നു അപകടങ്ങള്‍. വിനോദ സഞ്ചാരികളും പ്രദേശവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്നും അന്യ ജില്ലകളില്‍ നിന്നും എത്തിയവരും അപകടത്തില്‍പ്പെട്ട് മരിച്ചവരിൽപ്പെടും.
സംസ്ഥാനത്ത് ജലാശയങ്ങളിൽ വീണുള്ള അപകടങ്ങള്‍ പതിവായ സാഹചര്യത്തില്‍ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് കലക്ടർ നിർദേശം നൽകിയിരുന്നുവെങ്കിലും നടപ്പായിട്ടില്ല. ഉപേക്ഷിക്കപ്പെടുന്ന പാറമടകളിലെ വെള്ളത്തിൽ മുങ്ങി മരിച്ചതും നിരവധി പേരാണ്. പാറമടക്കുളങ്ങളിലും നിരവധി പേർ മുങ്ങിമരിച്ചിട്ടുണ്ട്. മഴക്കാലമെത്തുന്നതോടെ പാറമടകളില്‍ നിറയുന്ന വെള്ളം വേനലില്‍ കെട്ടി കിടക്കും.
ഇതോടെ ജലക്ഷാമം നേരിടുന്ന മേഖലകളില്‍ നിന്നും ഒട്ടേറെ പേര് കുളിക്കാനും അലക്കാനുമായി ഇത്തരം കുളങ്ങളെ ആശ്രയിക്കും. കാലൊന്നു വഴുതിയാല്‍ വെള്ളം നിറഞ്ഞു കിടക്കുന്ന അഗാധമായ കുഴിയിലാകും അകപ്പെടുക. പാറക്കുളങ്ങള്ക്കു സമീപം വീടുകളില്ലാത്തതും അപകടത്തിന്റെ വ്യാപ്തി കൂട്ടാനിടയാക്കും. രക്ഷാ പ്രവര്‍ത്തനത്തിനായി ആളുകള്‍ ഓടിയെത്തുമ്പോഴേക്കും സമയം ഏറെ കടന്നു പോകും. ചിലയിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ അവഗണിക്കുന്നതും അപകടത്തിനു വഴിവെക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

