Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാനത്ത് 33 ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം; ശ്രീറാം വെങ്കിട്ടരാമനെ വനംവകുപ്പിലേക്ക് മാറ്റി; മൂന്നു കലക്ടർമാർക്കും മാറ്റം

text_fields
bookmark_border
സംസ്ഥാനത്ത് 33 ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം; ശ്രീറാം വെങ്കിട്ടരാമനെ വനംവകുപ്പിലേക്ക് മാറ്റി; മൂന്നു കലക്ടർമാർക്കും മാറ്റം
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് 33 ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. നിയമനം കാത്തിരുന്ന മൂന്നുപേർക്കും ചുമതല നൽകി. വ്യവസായ വകുപ്പ് ഡയറക്ടർ അരുൺ കെ. വിജയനെ പൊതുവിദ്യാഭ്യാസ ഡയറക്ടറായും പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്നേഹിൽ കുമാർ സിങ്ങിനെ വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടറായും സ്ഥലംമാറ്റി. കൃഷി വികസന-കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമനെ വനം-വന്യജീവി വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായും ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായും നിയമിച്ചു. ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് അഡീഷനൽ സെക്രട്ടറി ഡോ. രേണു രാജ്, നാഷനൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ഇ-ഹെൽത്ത് പ്രോജക്ട് ഡയറക്ടർ, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി മാനേജിങ് ഡയറക്ടർ എന്നീ തസ്തികകളുടെ പൂർണ അധിക ചുമതല വഹിക്കും.

സാംസ്കാരിക വകുപ്പ് ഡയറക്ടറായ കെ. ഇമ്പശേഖറിന് സംസ്ഥാന ലോട്ടറി ഡയറക്ടറുടെ ചുമതല കൂടി നൽകി. വനിത-ശിശു വികസന വകുപ്പ് ഡയറക്ടർ വി. വിഘ്നേശ്വരി നിലവിലുള്ള അധിക ചുമതലകൾക്ക് പുറമേ ദുരന്തനിവാരണ കമീഷണറുടെ പൂർണ അധിക ചുമതല വഹിക്കും. പൊതുമരാമത്ത് വകുപ്പ് അഡീഷനൽ സെക്രട്ടറി വി.ആർ. വിനോദ് ആണ് കെ.എസ്.ടി.പി പ്രോജക്റ്റ് ഡയറക്ടർ. എറണാകുളം ജില്ല കലക്ടർ ജി. പ്രിയങ്കക്ക് കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുടെ പൂർണ അധിക ചുമതല കൂടി നൽകി. ലോട്ടറി വകുപ്പ് ഡയറക്ടർ കെ.എസ്. അഞ്ജുവിനെ തിരുവനന്തപുരം ജില്ല കലക്ടറായി നിയമിച്ചു. ഇവർ നിലവിലുള്ള അധിക ചുമതലക്കു പുറമേ, വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട പുനരധിവാസ വിഷയങ്ങൾ പരിഹരിക്കുന്നതിനായി രൂപവത്കരിച്ച നിരീക്ഷണ സമിതിയുടെ ചെയർപേഴ്സൻ ചുമതലയും വഹിക്കും.

കാസർകോട് ജില്ല കലക്ടർ അർജുൻ പാണ്ഡ്യനെ കാർഷിക വികസന-കർഷക ക്ഷേമ വകുപ്പ് ഡയറക്ടറായി സ്ഥലംമാറ്റി. തിരുവനന്തപുരം ജില്ല കലക്ടർ അനുകുമാരിയെ ജി.എസ്.ടി സ്പെഷൽ കമീഷണറായി നിയമിച്ചു.

തൃശൂർ ജില്ല കലക്ടർ ശിഖ സുരേന്ദ്രൻ നിലവിലുള്ള അധിക ചുമതലക്കു പുറമേ, കില ഡയറക്ടർ ജനറലിന്റെ ചുമതല കൂടി വഹിക്കും. ഫിഷറീസ് വകുപ്പ് ഡയറക്ടർ വി. ചെൽസ സിനിയെ വയനാട് ജില്ല കലക്ടറായും ഭക്ഷ്യസുരക്ഷ കമീഷണർ ശ്രീധന്യ സുരേഷിനെ കാസർകോട് ജില്ല കലക്ടറായും നിയമിച്ചു. തദ്ദേശ വകുപ്പ് ജോയിന്റ് സെക്രട്ടറി ഡി. ധർമലശ്രീ ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറുടെ പൂർണ അധിക ചുമതല കൂടി വഹിക്കും. കേരള വാട്ടർ അതോറിറ്റി ജോയിന്റ് മാനേജിങ് ഡയറക്ടർ ഡോ. ബിനു ഫ്രാൻസിസിന് പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ ചുമതല നൽകി. മൈനിങ് ആൻഡ് ജിയോളജി ഡയറക്ടർ ഡോ. കെ. ഹരികുമാറിനെ സിവിൽ സപ്ലൈസ് ആൻഡ് കൺസ്യൂമർ അഫയേഴ്സ് കമീഷനറായി സ്ഥലംമാറ്റി. സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഡോ. അരുൺ എസ്. നായർ കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ, വയോജന ക്ഷേമ ഡയറക്ടർ എന്നീ തസ്തികകളുടെ പൂർണ അധിക ചുമതല വഹിക്കും.

ലേബർ കമീഷണർ സഫ്ന നസറുദ്ദീൻ എംപ്ലോയ്‌മെന്റ് ആൻഡ് ട്രെയിനിങ് ഡയറക്ടറുടെ പൂർണ ചുമതല വഹിക്കും. ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സച്ചിൻ കുമാർ യാദവിനെ സ്റ്റേറ്റ് ഐ.ടി മിഷൻ ഡയറക്ടറായും സ്റ്റേറ്റ് ഐ.ടി മിഷൻ ഡയറക്ടർ സന്ദീപ് കുമാറിനെ ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായും സ്ഥലംമാറ്റി. സ്റ്റേറ്റ് ഗുഡ്സ് ആൻഡ് സർവിസസ് ടാക്സ് വകുപ്പ് അഡീഷണൽ കമീഷണർ മുഹമ്മദ് ഷഫീഖിനെ റവന്യൂ വകുപ്പിൽ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി ആൻഡ് ജോയിന്റ് സെക്രട്ടറിയായി സ്ഥലംമാറ്റി. നാഷനൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ അനു എസ്. നായരാണ് ഭക്ഷ്യ സുരക്ഷ കമീഷണർ. കായിക-യുവജനകാര്യ ഡയറക്ടർ എം.സി. റെജിലിനെ ലാൻഡ് റവന്യൂ ജോയിന്റ് കമീഷണറാക്കി. ലാൻഡ് ബോർഡ് സെക്രട്ടറി സാബിൻ സമീദ് ആണ് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ. പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജിനെ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറായി സ്ഥലംമാറ്റി.

സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ട് ഡയറക്ടറായ മിസാൽ സാഗർ ഭരതിനെ ഫിഷറീസ് വകുപ്പ് ഡയറക്ടറായി നിയമിച്ചു. വ്യവസായ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സമീർ കിഷനെ കോളജ് വിദ്യാഭ്യാസ ഡയറക്ടറായും എൻട്രൻസ് എക്സാമിനേഷൻസ് കമീഷണറായും സ്ഥലംമാറ്റി. സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് മാനേജിങ് ഡയറക്ടറായ വി.എം. ജയകൃഷ്ണന് കൊച്ചി സ്മാർട്ട് സിറ്റി ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ, കൺസ്ട്രക്ഷൻ കോർപറേഷൻ ഓഫ് കേരള മാനേജിങ് ഡയറക്ടർ എന്നീ തസ്തികകളുടെ പൂർണ്ണ അധിക ചുമതല നൽകി. നിയമനം കാത്തിരിക്കുന്ന ഒ.വി. ആൽഫ്രഡിനെ വയോജന ക്ഷേമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായും അഖിൽ വി. മേനോനെ സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് ഡയറക്ടറായും നിയമിച്ചു. ടൂറിസം വകുപ്പ് അഡീഷണൽ ഡയറക്ടർ (ജനറൽ) സുമിത് കുമാർ താക്കൂർ കെ.ടി.ഡി.സി ലിമിറ്റഡ് മാനേജിങ് ഡയറക്ടറുടെ അധിക ചുമതല കൂടി വഹിക്കും.

ഫോർട്ട് കൊച്ചി സബ് കലക്ടറായ ഗ്രന്ഥെ സായികൃഷ്ണ വൈറ്റില മൊബിലിറ്റി ഹബ്ബ് മാനേജിങ് ഡയറക്ടറുടെ അധിക ചുമതല കൂടി വഹിക്കും. കാഞ്ഞങ്ങാട് സബ് കലക്ടർ പി.പി. അർച്ചനയെ വടകര സബ് കലക്ടറായി സ്ഥലംമാറ്റി.

ദിലീപ് കെ. കൈനിക്കര ശബരിമല അഡീ. ജില്ല മജിസ്‌ട്രേറ്റ്

നിയമനം കാത്തിരിക്കുന്ന ദിലീപ് കെ. കൈനിക്കരയെ ശബരിമല അഡീഷനൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റായി നിയമിച്ചു. 1973ലെ ക്രിമിനൽ നടപടിക്രമ നിയമത്തിലെ സെക്ഷൻ 20 (രണ്ട്) പ്രകാരം 2026-2027 മണ്ഡല-മകരവിളക്ക് സീസണുമായി ബന്ധപ്പെട്ട് സൃഷ്ടിച്ച എക്സ് കേഡർ തസ്തികയാണിത്. ശബരിമല, പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ പൂർണ ഉത്തരവാദിത്തം ഇദ്ദേഹത്തിനായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 33 IAS officers transferred in the state
Next Story