ഇനി അക്ഷരങ്ങൾ കൂട്ടിവായിക്കാം; 32,032 പേർ കൂടി സാക്ഷരരാകും
text_fieldsകൊച്ചി: അക്ഷരം മാത്രം പഠിച്ച്, കൂട്ടിവായിക്കാനറിയാത്ത സംസ്ഥാനത്തെ 32,032 പേർകൂടി സാക്ഷരരാകുന്നു. നിരക്ഷരരെ സാക്ഷരരാക്കുന്ന കേന്ദ്ര-സംസ്ഥാന പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി ഈ മാസം 25ന് ഇവർ പരീക്ഷയെഴുതും. പരിപൂര്‍ണ സാക്ഷരതയിലേക്കെത്താന് ഇത്രയും പേർകൂടി അക്ഷരജ്ഞാനം നേടണമെന്നാണ് കണ്ടെത്തല്‍. സന്നദ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ ആദിവാസി മേഖലയിലടക്കം പ്രത്യേക പരിശീലനം കിട്ടിയ പഠിതാക്കളാണ് പരീക്ഷയെഴുതുക.
അടിസ്ഥാന സാക്ഷരത, സംഖ്യാജ്ഞാനം, ജീവിതനൈപുണ്യം, തൊഴില്‍ വികസനം, തുടര്‍വിദ്യാഭ്യാസം തുടങ്ങിയവക്ക് പുറമേ ഡിജിറ്റൽ സാക്ഷരതയും പാഠ്യപദ്ധതിയിലുണ്ട്. അക്ഷരം പഠിപ്പിച്ച് അടിസ്ഥാന സാക്ഷരതയും സംഖ്യാശാസ്ത്രവുമാണ് ഇവർക്ക് നൽകിയിട്ടുള്ളത്. കൂടുതലും ഗ്രാമീണ -ട്രൈബൽ മേഖലയിലുള്ളവരാണ്. ഇവരെ ഏതെങ്കിലും കേന്ദ്രത്തിലെത്തിച്ച് പഠിപ്പിക്കാൻ കഴിയാത്തയിടങ്ങളിൽ എൻ.എസ്.എസ് വളന്റിയർമാരും കോളജ് വിദ്യാർഥികളും മറ്റ് സന്നദ്ധരായ അധ്യാപകരുമൊക്കെ വീടുകളിലെത്തിയാണ് പഠിപ്പിച്ച് പരീക്ഷക്കെത്തിക്കുന്നത്.
രാജ്യത്തെ എല്ലാവരെയും സാക്ഷരരാക്കാനുള്ള പദ്ധതി 2022ലാണ് കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയത്. സംസ്ഥാനത്ത് 2023ല്‍ ഇത് സാക്ഷരത മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കിത്തുടങ്ങി. കേന്ദ്രത്തിന്റെ കണക്കിൽ കേരളത്തിലെ സാക്ഷരത 96.2 ശതമാനമാണ്. 95 ശതമാനത്തിന് മുകളിലെത്തിയാല്‍ സമ്പൂര്‍ണ സാക്ഷരതയെന്ന് പറയാം. എന്നാൽ, വിവിധ പദ്ധതികളിലൂടെ അതിൽ കൂടുതൽ കൈവരിച്ചെന്നാണ് സംസ്ഥാന സാക്ഷരത മിഷന്റെ വിലയിരുത്തൽ.
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പഠനത്തിലൂടെയാണ് ഇത്രയധികം പേരെ കണ്ടെത്തിയത്. അടുത്ത സെൻസസ് പൂർത്തിയായാലേ ഇനിയും നിരക്ഷരരുണ്ടോയെന്ന് കണ്ടെത്താനാവുക. ഏറ്റവും കൂടുതൽ പഠിതാക്കൾ ഇടുക്കിയിലാണ് -6043 പേർ. ഏറ്റവും കുറവുള്ള ആലപ്പുഴയിൽ 533 പേർ മാത്രമാണുള്ളത്.
പരീക്ഷ എഴുതുന്നവരുടെ എണ്ണം (ജില്ല തിരിച്ച്)
- തിരുവനന്തപുരം -3250
- കൊല്ലം -2850
- പത്തനംതിട്ട -550
- ആലപ്പുഴ -533
- കോട്ടയം -3500
- ഇടുക്കി -6034
- എറണാകുളം -2250
- തൃശൂർ -2050
- പാലക്കാട് -1500
- മലപ്പുറം -1215
- കോഴിക്കോട് -1816
- വയനാട് -3444
- കണ്ണൂർ -1040
- കാസർകോട് -2000
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

