'32 ലക്ഷമൊക്കെ കയ്യിലെത്തിയാൽ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കും'; ശമ്പള വർധനവ് ആവശ്യപ്പെട്ടിട്ടില്ലെന്ന് ചിന്ത ജെറോം
text_fieldsതിരുവനന്തപുരം: ശമ്പള വർധനവ് ആവശ്യപ്പെട്ട് സർക്കാറിന് കത്ത് നൽകിയിട്ടില്ലെന്ന് യുവജന കമീഷൻ അധ്യക്ഷ ചിന്ത ജെറോം. യുവജന കമീഷന് അംഗീകരിച്ചുവന്ന തുകയല്ലാതെ നാളിതുവരെ ഒരു രൂപ കൈപ്പറ്റിയിട്ടില്ല. കെ.പി.സി.സി ജനറൽ സെക്രട്ടറിയായ ആർ.വി. രാജേഷാണ് ശമ്പള കുടിശിക ആവശ്യപ്പെട്ട് കോടതിയിൽ കേസിന് പോയതെന്നും ചിന്ത ജെറോ പറഞ്ഞു. 32 ലക്ഷം രൂപയൊക്കെ തന്നെപ്പോലൊരു പൊതുപ്രവർത്തകയുടെ കയ്യിലെത്തിയാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുകയാണ് ചെയ്യുകയെന്നും അവർ പറഞ്ഞു.
ആർ.വി. രാജേഷിന്‍റെ കേസ് സംബന്ധിച്ച് ശമ്പള കുടിശിക നൽകാൻ കോടതിവിധി ഉണ്ടായിട്ടുണ്ട്. അത് നൽകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സർക്കാരിൽ അപേക്ഷ നൽകിയിട്ടുണ്ട്. അത് സർക്കാരിന്റെ പരിഗണനയിലോ മറ്റോ ആണ് എന്നാണ് അറിയാൻ കഴിഞ്ഞത്.
ഈ വിധിയുടെ മറവിൽ ഇല്ലാത്ത കാര്യങ്ങളാണ് വാർത്തകളായി വരുന്നത്. 32 ലക്ഷം രൂപ ശമ്പള കുടിശിക ലഭിക്കുമെന്നാണ് മറ്റൊരു പ്രചാരണം. ഇത് അടിസ്ഥാനരഹിതമാണ്. ഇത്രയും തുകയൊന്നും കൈവശം വെക്കുന്ന ആളല്ലെന്ന് വ്യക്തിപരമായി അറിയാവുന്നവർക്കറിയാം. 32 ലക്ഷം രൂപയൊക്കെ കയ്യിലെത്തിയാൽ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുകയേ ഉള്ളൂ. ഇതൊരു സോഷ്യൽ മീഡിയ വ്യാജ പ്രചരണമാണെന്ന് കണ്ട് ഗൗരവത്തിൽ എടുത്തിരുന്നില്ല. ഈ പറയുന്ന കാര്യത്തിൽ ഒരു സർക്കാർ ഉത്തരവും ഇറങ്ങിയിട്ടില്ലെന്നും ചിന്ത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

