ഇത് ട്രോളല്ല, 30 ലിറ്റർ പെട്രോൾ ഓണസമ്മാനം പ്രഖ്യാപിച്ച് പമ്പുടമ
text_fieldsതൊടുപുഴ: കുതിച്ചുയരുന്ന ഇന്ധനവിലയിൽ പൊറുതി മുട്ടിയവർക്ക് പ്രതീക്ഷയേകി തൊടുപുഴ മുതലക്കോടത്തെ ചൂണാട്ട് പെട്രോൾ പമ്പ്. ഓണത്തോടനുബന്ധിച്ച് ഞെട്ടിക്കുന്ന സമ്മാന പദ്ധതിയാണ് ഉപഭോക്താക്കൾക്കായി പ്രഖ്യാപിച്ചത്. 30 ലിറ്റർ െപട്രോളാണ് ഒന്നാം സമ്മാനം. ഡീസലാണ് വേണ്ടതെങ്കിൽ അതും നൽകും.
ചൂണാട്ട് പമ്പിൽ നിന്നും അത്തം മുതൽ ഇന്ധനം നിറക്കുന്നവർക്ക് നൽകുന്ന കൂപ്പൺ പൂരിപ്പിച്ച് നൽകിയാൽ സമ്മാനപദ്ധതിയിൽ പങ്കെടുക്കാം. ഇതിൽനിന്ന് തെരഞ്ഞെടുക്കുന്ന ഭാഗ്യശാലികൾക്കാണ് സമ്മാനം. 15 ലിറ്ററാണ് രണ്ടാം സമ്മാനം. 5 ലിറ്റർ, 2.5 ലിറ്റർ, ഒരു ലിറ്റർ എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.
എത്ര രൂപക്ക് ഇന്ധനം നിറക്കുന്നവർക്കും ഭാഗ്യം പരീക്ഷിക്കാം. ഉത്രാട ദിനത്തിലാണ് സമ്മാനർഹരെ തെരഞ്ഞെടുക്കുക. സമ്മാനം ഒറ്റയടിക്ക് ആവശ്യമില്ലെങ്കിൽ പലതവണയായി നിറക്കാനും അവസരമുണ്ടെന്ന് പമ്പുടമ ഗണേശ് മോഹൻ പറഞ്ഞു.

