രാഹുലിന്റെയും പ്രിയങ്കയുടെയും ചിത്രങ്ങൾ പതിച്ച ഭക്ഷ്യകിറ്റുകൾ പിടികൂടി
text_fieldsമാനന്തവാടി: രാഹുൽഗാന്ധിയുടെയും പ്രിയങ്കഗാന്ധിയുടെയും ചിത്രങ്ങൾ പതിച്ച ഭക്ഷ്യകിറ്റുകൾ തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്കാഡ് പിടികൂടി. വയനാട് തോൽപെട്ടിയിൽനിന്നാണ് ഭക്ഷ്യവസ്തുക്കൾ അടങ്ങുന്ന കിറ്റുകൾ പിടികൂടിയത്. കോൺഗ്രസ് തിരുനെല്ലി മണ്ഡലം പ്രസിഡന്റ് ശശികുമാറിന്റെ വീടിനോടു ചേർന്നുള്ള ഇദ്ദേഹത്തിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള മില്ലിൽനിന്നാണ് കിറ്റുകൾ കണ്ടെത്തിയത്.
തോൽപെട്ടിയിലെ ഒരു കുടുംബത്തിനു കിറ്റ് നൽകിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. മില്ലിൽ നിന്നാണ് കിറ്റ് എത്തിച്ചതെന്ന വിവരം ഫ്ലയിങ് സ്ക്വാഡ് ഉദ്യോഗസ്ഥർക്കു ലഭിച്ചതിനെ തുടർന്ന് വ്യാഴാഴ്ച രാവിലെ 11.30ഓടെ പരിശോധന നടത്തുകയായിരുന്നു. മുമ്പ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കോൺഗ്രസ് നൽകിയ കിറ്റ് യഥാസമയം അർഹതപ്പെട്ടവർക്കു നൽകാതെ മില്ലിൽ സൂക്ഷിച്ചതാണോ എന്നും സംശയമുണ്ട്. അരിയുൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും ബക്കറ്റ് തുടങ്ങിയ സാമഗ്രികളും കണ്ടെത്തിയിട്ടുണ്ട്. കിറ്റുകൾക്കു മുകളിൽ വയനാട് ജില്ല കോൺഗ്രസ് കമ്മിറ്റി എന്ന ലേബൽ പതിച്ചിട്ടുണ്ട്. ഫ്ലയിങ് സ്ക്വാഡ് ഉദ്യോഗസ്ഥർ കിറ്റുകൾ കസ്റ്റഡിയിലെടുത്ത് തിരുനെല്ലി പൊലീസിനു കൈമാറി.

