കോവിഡ് മുക്തി നേടി പൊലീസുകാരെത്തി; വരവേറ്റ് സഹപ്രവർത്തകർ
text_fieldsമാനന്തവാടി: അപൂർവമായൊരു വരവേൽപിന് മാനന്തവാടി പൊലീസ് സ്റ്റേഷൻ അങ്കണം ബുധനാഴ്ച സാക്ഷിയായി. സംസ്ഥാനത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ച മൂന്നു പൊലീസുകാർ രോഗമുക്തിക്കു ശേഷം ജോലിയിൽ പ്രവേശിച്ചതിന് സഹപ്രവർത്തകരുടെ സ്വീകരണമായിരുന്നു അത്. സിവിൽ പൊലീസ് ഓഫിസർമാരായ റോയി, പ്രവീൺ, െമർവിൻ എന്നിവരുടെ കോവിഡ് പരിശോധന ഏപ്രിൽ 13 ന് കോവിഡ് പോസിറ്റിവായിരുന്നു.
തുടർന്ന് ജില്ല കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നുപേർക്കും ചികിത്സ നൽകി. അതേസമയം, ജില്ല പൊലീസ് മേധാവി ആർ. ഇളങ്കോ, മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രൻ, സ്റ്റേഷൻ ഓഫിസർ എം.എം. അബ്ദുൽ കരീം എന്നിവരും ക്വാറൻറീനിൽ പ്രവേശിച്ചിരുന്നു. ഇതോടെ മാനന്തവാടി സ്റ്റേഷൻ പ്രവർത്തനം താൽക്കാലികമായി അടച്ചു. വെള്ളമുണ്ട പൊലീസ് സ്റ്റേഷനിലും മറ്റിടങ്ങളിലുമായി പ്രവർത്തനങ്ങൾ ക്രമീകരിച്ചു. ജില്ല പൊലീസ് മേധാവി ഉൾപ്പെടെ എല്ലാവരുടെയും പരിശോധന ഫലങ്ങൾ നെഗറ്റിവായതോടെ സ്റ്റേഷൻ പ്രവർത്തനം പുനരാരംഭിച്ചെങ്കിലും രോഗബാധിതരായ മൂന്നു പൊലീസുകാർ തിരികെ ഡ്യൂട്ടിയിൽ പ്രവേശിച്ചിരുന്നില്ല.
രോഗമുക്തി നേടിയ ഇവർ 28 ദിവസത്തെ നിരീക്ഷണ കാലാവധി പൂർത്തിയാക്കി ബുധനാഴ്ച തിരികെ ജോലിയിൽ പ്രവേശിച്ചപ്പോൾ അത് ആഘോഷമായി. പതിവു സന്ദർശനത്തിെൻറ ഭാഗമായി ജില്ല മേധാവി പലതവണ സ്റ്റേഷൻ സന്ദർശിച്ചെങ്കിലും ബുധനാഴ്ചത്തെ സന്ദർശനത്തോടനുബന്ധിച്ചാണ് പൊലീസുകാർക്ക് സ്വീകരണവും ഒരുക്കിയത്. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ആദരവും അർപ്പിച്ചു.
കോവിഡ് ബാധിച്ച് മരിച്ച എല്ലാവർക്കും ആദരാഞ്ജലിയർപ്പിച്ചാണ് ചടങ്ങ് ആരംഭിച്ചത്. രാജ്യമൊട്ടുക്കും ജോലിക്കിടെ മരിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ചടങ്ങ് ഉദ്ഘാടനം ചെയ്ത ജില്ല പൊലീസ് മേധാവി പൊലീസുകാർക്കും പൂച്ചെണ്ട് ൈകയിൽ നൽകുന്നതിനു പകരം മേശപ്പുറത്തു വെച്ചു. സാനിറ്റൈസർ ഉപയോഗിച്ച ശേഷം അവർ എടുക്കുകയും ചെയ്തു. ഇനിയും രോഗസാധ്യതയുള്ളതിനാൽ കടുത്ത ജാഗ്രത പാലിക്കണമെന്നും വയനാട് ജില്ലയിലെ മാതൃക പൊലീസ് സ്റ്റേഷൻ ആയി മാനന്തവാടിയെ മാറ്റാനാണ് ശ്രമം നടത്തുന്നതെന്നും പൊലീസ് മേധാവി പറഞ്ഞു.
മൂന്നുപേരും തങ്ങളുടെ രോഗ കാലത്തെ അനുഭവങ്ങൾ പൊലീസുകാരുമായി പങ്കുവെച്ചു. താങ്ങായവർക്കും കരുതലായി നിന്നവർക്കും നന്ദി പറഞ്ഞു. തുടർന്ന് ചടങ്ങിൽ സംബന്ധിച്ച ഓരോ പൊലീസും ഇപ്പോൾ ക്വാറൻറീനിൽ കഴിയുന്നവരെ ഫോണിൽ വിളിച്ച് ആശ്വാസം പകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
