കൊച്ചി: പ്രകൃതിദുരന്തങ്ങളിൽ സഹായമെത്തിക്കാനും പ്രാദേശിക പ്രതിസന്ധികളിൽ കൈപിടിക്കാനുമായി സർക്കാർ രൂപവത്കരിക്കുന്ന സാമൂഹിക സന്നദ്ധസേനയുടെ ഭാഗമാകാനെത്തുന്നവരുടെ എണ്ണം ലക്ഷ്യവും കടന്ന് മുന്നേറുന്നു. സംസ്ഥാനത്തെ ഓരോ നൂറുപേർക്കും ഒരാൾ എന്ന രീതിയിൽ 3,40,000 പേരെ ഉൾപ്പെടുത്തി രൂപവത്കരിക്കാൻ തീരുമാനിച്ച സേനയിലേക്ക് ഇതുവരെ 3,56,097 പേർ രജിസ്റ്റർ ചെയ്തു. ഇതിൽ 19 വയസ്സിൽ താഴെയുള്ളവരും 60 കഴിഞ്ഞവരുമുണ്ട്.
പ്രതിസന്ധിഘട്ടങ്ങൾ നേരിടാൻ സേനാംഗങ്ങൾക്ക് അടിസ്ഥാന പരിശീലനം നൽകുകയും സേവനം ഏതുസമയത്തും എളുപ്പത്തിൽ ലഭ്യമാക്കുകയും ചെയ്യുന്നതാണ് പദ്ധതി. മലപ്പുറം ജില്ലയിൽനിന്നാണ് കൂടുതൽ പേർ രജിസ്റ്റർ ചെയ്തത് -43,775. കോഴിക്കോട് 36,080, കണ്ണൂർ 30,754, തൃശൂർ 24,246, തിരുവനന്തപുരം 18,916, പാലക്കാട് 18,181, എറണാകുളം 15,890, ആലപ്പുഴ 15,420, കൊല്ലം 14,454, കാസർകോട് 13,221, കോട്ടയം 11,239, ഇടുക്കി 8,432, പത്തനംതിട്ട 8,283, വയനാട് 7,474 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്. രജിസ്റ്റർ ചെയ്തവരിൽ 2,70,245 പേർ പുരുഷന്മാരും 77,471 പേർ സ്ത്രീകളും 58 പേർ ട്രാൻസ്ജെൻഡറുമാണ്. 16-65 പ്രായപരിധിയിലുള്ള, ആരോഗ്യമുള്ളവരെയാണ് സേനയിൽ അംഗങ്ങളാക്കുന്നത്. രജിസ്റ്റർ ചെയ്തവരിൽ 20,660 പേർ 16-19 പ്രായമുള്ളവരാണ്. 20-30 പ്രായമുള്ള 1,67,068 പേർ രജിസ്റ്റർ ചെയ്തപ്പോൾ 13,078 പേർ 51-65 പ്രായമുള്ളവരാണ്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സേനാംഗങ്ങൾ സജീവമാണ്. സഹായം ആവശ്യമുള്ളവരെ കണ്ടെത്തുക, ഭക്ഷ്യവസ്തു വിതരണം, പ്രാദേശിക ഉൽപന്നങ്ങളുടെ സമാഹരണം, വീടുകളിൽ അടിയന്തര സഹായമെത്തിക്കൽ, കാൾ സെൻററുകളുടെയും കൺട്രോൾ റൂമുകളുടെയും പ്രവർത്തനം, ക്യാമ്പുകളിൽ അവശ്യവസ്തുക്കൾ എത്തിക്കൽ, ആശുപത്രികളിലെ സഹായം എന്നീ കാര്യങ്ങളാണ് ഇവർ ചെയ്തുവരുന്നത്. സേനാംഗങ്ങളായ വിദ്യാർഥികൾക്ക് സേവനം പാഠ്യേതര പ്രവർത്തനമായി പരിഗണിച്ച് പ്രത്യേക സർട്ടിഫിക്കറ്റ് നൽകും.