വയനാട്ടിലെ 290 ഏക്കർ മിച്ചഭൂമി: ഹൈകോടതിയിൽനിന്ന് വിധി വന്നാൽ ഏറ്റെടുക്കുമെന്ന് റവന്യു മന്ത്രിയുടെ ഓഫിസ്
text_fieldsകോഴിക്കോട് : വയനാട്ടിലെ 290 ഏക്കർ മിച്ചഭൂമി ഹൈകോടതിയിൽ നിന്ന് വിധി വന്നാൽ ഏറ്റെടുക്കുമെന്ന് റവന്യു മന്ത്രിയുടെ ഓഫിസ്. മിച്ചഭൂമി ഏറ്റെടുക്കാനുള്ള 2016ലെ വൈത്തിരി താലൂക്ക് ലാൻഡ് ബോർഡിന്റെ ഉത്തരവിനെതിരെ രാജഗിരി റബർ ഉൽപാദക കമ്പനിയും കെ.ഇ ഫാമിത്തിമയും ഹൈകോടതിയിൽനിന്ന് 2017 മാർച്ച് 10ന് സ്റ്റേ വാങ്ങി.
സർക്കാറിന് അനുകൂലമായി ടി.എൽ.ബി ഉത്തരവ് അംഗീകരിച്ച് ഹൈകോടതിയിൽനിന്ന് വിധി വന്നാൽ ഭൂമി വാങ്ങിയ ആളിന് ഈ വിധി ബാധകമായിരിക്കും. അങ്ങനെ വന്നാൽ വിൽപന അസാധു ആകും. സർക്കാരിന് മിച്ചഭൂമി ഏറ്റെടുക്കാമെന്നും മന്ത്രി ഓഫിസ് അറിയിച്ചു. വയനാട്ടിലെ കോട്ടപ്പടി, മുപ്പൈനാട് വില്ലേജുകളിലായി 200.23 ഏക്കർ മിച്ചഭൂമിയുണ്ടെന്ന് മാധ്യമം ഓൺലൈൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യത്തിലാണ് റവന്യൂ മന്ത്രിയുടെ ഓഫിസ് നിലപാട് അറിയിച്ചത്.
രാജഗിരി എന്ന കമ്പനിയിൽനിന്ന് 870 ഏക്കർ ഭൂമി 2023 ആഗസ്റ്റ് എട്ടിനാണ് ബോച്ചെ ഭൂമിപുത്ര വാങ്ങിയത്. 200.23 ഏക്കർ മിച്ചഭൂമി ഉൾപ്പെടെയാണ് വിൽപ്പന നടത്തിയത്. 1972ലാണ് രാജഗിരി എസ്റ്റേറ്റ് ഭൂമിയുടെ സീലിങ് കേസ് താലൂക്ക് ലാൻഡ് ബോർഡിൽ ആരംഭിച്ചത്. അഞ്ച് പതിറ്റാണ്ട് കഴിഞ്ഞിട്ടും മിച്ചഭൂമി ഏറ്റെടുക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.
1976 ജനുവരി 21ലെ ലാൻഡ് ബോർഡ് ഉത്തരവ് പ്രകാരം മിച്ചഭൂമി 689.96 ഏക്കറായിരുന്നു. എന്നാൽ 2016 ആയപ്പോൾ അത് 290.85 ഏക്കറായി കുറഞ്ഞു. ഇതിൽ കോഴിക്കോട് ജില്ലയിലെ രാരോത്ത് വില്ലേജിലെ 90.62 ഏക്കർ ഭൂമിയിൽനിന്ന് കമ്പനി ഒരേ കുടുംബത്തിലെ ആറ് പേർക്ക് കൈമാറിയിരുന്നു. നാല് ഏക്കറിൽ കുടുതലായതിനാൽ അതും അംഗീകരിക്കാൻ കഴില്ലെന്നാണ് 2014 നവംമ്പർ 19ലെ വിധിന്യായത്തിൽ കോടതി പറഞ്ഞത്. മിച്ചഭൂമിയായി 290.85 ഏക്കറും ഏറ്റെടുക്കണമെന്നാണ് കോടതി വിധിച്ചത്.
തുടർന്നാണ് താലൂക്ക് ലാൻഡ് ബോർഡ് 2016ൽ ഉത്തരവിട്ടത്. അതിനെതിരെ രാജഗിരി എസ്റ്റ്റേറ്റ് നൽകിയ അപ്പീലിൽ റവന്യൂ വകുപ്പ് കാര്യമായ നീക്കമൊന്നും നടത്തിയിട്ടില്ലെന്നാണ് ഫയലുകൾ വ്യക്തമാക്കുന്നത്.
അതേസമയം, ഭൂപരിഷ്കരണ നിയമത്തിലെ വകുപ്പ് 84 പ്രകാരം മിച്ചഭൂമി വിൽക്കുന്നത് അസാധുവാണെന്ന് നിയമ വിദഗ്ധർ പറയുന്നു. നിയമത്തിലെ വകുപ്പ് 121 (എ) പ്രകാരം മിച്ചഭൂമിക്ക് വിൽപ്പന നടത്തിയാൽ ആധാരം റദ്ദ് ചെയ്യാം. റവന്യൂ വകുപ്പ് മിച്ചഭൂമി ഏറ്റെടുക്കുന്നതിൽ കാര്യക്ഷമമായ ഇടപെടൽ നടത്തുന്നില്ലെന്നാണ് ഈ കേസിന്റെ നാൾവഴി വ്യക്തമാക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.