2868 പരാതികൾ; ലോക്ഡൗൺ കാലത്ത് ഗാർഹിക പീഡനങ്ങൾ കൂടി
text_fieldsതിരുവനന്തപുരം: േലാക്ഡൗൺ കാലത്ത് സംസ്ഥാനത്ത് ഗാർഹിക പീഡന പരാതികൾ വർധിച്ചെന്ന് കണക്കുകൾ. ലോക്ഡൗൺ ആരംഭിച്ചശേഷം ഒക്ടോബർ 31 വരെ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിൽനിന്ന് പൊലീസിന് ലഭിച്ചത് 2868 പരാതികൾ. ഇതിൽ 2757 എണ്ണവും ജില്ല പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ തീർപ്പാക്കി. ശേഷിക്കുന്ന 111ൽ പൊലീസ് ആസ്ഥാനത്തെ ഐ.ജിയുടെയും വനിതാ സെൽ എസ്.പിയുടെയും നേതൃത്വത്തിൽ പരിഹാരം കാണാൻ സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചു.
ജില്ലതലത്തിൽ രൂപവത്കരിച്ച ഡൊമസ്റ്റിക് കോൺഫ്ലിക്ട് റെസല്യൂഷൻ സെൻററുകളുടെ ആഭിമുഖ്യത്തിൽ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ ഓൺലൈൻ അദാലത്തിൽ പങ്കെടുത്ത ഡി.ജി.പി ലോക്നാഥ് ബെഹ്റയും നിരവധി പേരുടെ പരാതികൾ കേട്ട് പരിഹാരം നിർദേശിച്ചു. ഗാർഹികപീഡനവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നത് ഏറെ സമയമെടുക്കുന്ന പ്രക്രിയയാണ്. പുതിയ സംവിധാനം വഴി പരാതിക്കാരെയും എതിർകക്ഷികളെയും നേരിട്ടുകണ്ട് കൗൺസലിങ്ങിലൂടെയും മറ്റും പരിഹാരം കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്.
പരാതിക്കാരും എതിർകക്ഷികളും മനസ്സ് തുറന്ന് പരസ്പരം സംസാരിക്കുന്നത് പരിഹാരമുണ്ടാക്കാൻ വാതിൽ തുറക്കുന്നെന്ന് പൊലീസ് പറയുന്നു. ഗാർഹിക പീഡന പരാതികൾ പരിഗണിക്കുന്നതിലും പരിഹാരം കാണുന്നതിലും ജില്ല പൊലീസ് മേധാവിമാർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ഡി.ജി.പി നിർദേശിച്ചു.
ഓൺലൈൻ അദാലത്തിൽ 20 വനിതകൾ ഡി.ജി.പിക്കു മുന്നിൽ പരാതികൾ അവതരിപ്പിച്ചു. തുടർനടപടികൾക്കായി ജില്ല പൊലീസ് മേധാവികളെ ചുമതലപ്പെടുത്തി.