വയനാട്ടിൽ നെൽകൃഷി വികസനത്തിന് 2.82 കോടി
text_fieldsകോഴിക്കോട്: വയനാട്ടിൽ നെൽകൃഷി വികസനത്തിന് 2022-23 വർഷത്തിൽ 2.82 കോടിയുടെ പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി പി.പ്രസാദ്. സുസ്ഥിര നെൽകൃഷി വികസനത്തിനായി 2.03 കോടി, തരിശ് നെൽകൃഷിക്ക്- 32 ലക്ഷം, പ്രത്യേകയിനം നെല്ലിനങ്ങളുടെ കൃഷിക്ക് 23 ലക്ഷം, ഒരുപ്പു- ഇരിപ്പു നെൽകൃഷിക്ക് 4.9 ലക്ഷം, പാടശേഖരങ്ങൾക്ക് ഓപ്പറേഷണൽ സപ്പോർട്ട് -18.72 ലക്ഷം എന്നിങ്ങനെയാണ് ചെലവഴിക്കുന്നത്.
കൃഷിഭവനുകൾ മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നെൽകൃഷി വികസന പദ്ധതികളും നടപ്പിലാക്കും. പ്രോജക്ട് അധിഷ്ഠിത പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും പദ്ധതിയിൽ ഫണ്ട് വകയിരുത്തി. വയനാട് വികസന പാക്കേജിനായി വകയിരുത്തിയ 75 കോടിയും കലക്ടർ വഴി പദ്ധതികൾ നടപ്പാക്കാൻ വിനിയോഗിക്കും. പദ്ധതിയിൽ ഉൾപ്പെടുത്തി നെൽകൃഷിയുൾപ്പെടെയുള്ള എല്ലാം പ്രധാന വിളകളുടെയും വികസനത്തിന് പ്രത്യേക പ്രോജക്ട് രൂപീകരിച്ച് നടപ്പാക്കുന്നതിന് വയനാട് പ്രിൻസിപ്പൽ കൃഷി ഓഫിസർക്ക് നിർദേശം നൽകി.
കാർഷിക ആവശ്യത്തിനുള്ള സൗജന്യ വൈദ്യുതി ഭൂപരിധിയില്ലാതെ നെൽകർഷകർക്ക് നൽകുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ആവർത്തന സ്വഭാവുമുള്ള കാർഷിക പ്രവർത്തികൾ ഏറ്റെടുക്കുന്നത് അനുവദനീയമല്ല. അതിനാൽ നെൽകൃഷി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയില്ല. എന്നാൽ, തരിശ് ഭൂമി കൃഷിയോഗ്യമാക്കി നൽകുന്ന പ്രവർത്തി തൊഴിലുറപ്പ് പദ്ധതിയിൽ അനുവദനീയമായതിനാൽ വർഷങ്ങളായി തരിശ് കിടക്കുന്ന ഭൂമി കൃഷിയോഗ്യമാക്കി നൽകാൻ കഴിയും.
നെൽവിത്തിന്റെയും ജൈവ ഉൽപാദോനപാധികളുടെയും ആനുകൂല്യമായി സുസ്ഥിര നെൽകൃഷി വികസനത്തിൽ ഉൾപ്പെടുത്തി ഹേക്ടറിന് 5,500 രൂപ നിരക്കിൽ കർകർഷകർക്ക് നൽകുന്നു. പ്രത്യേക നെല്ലിനങ്ങളുടെ കൃഷിക്ക് ഹെക്ടറിന് 10,000 രൂപ നിരക്കിൽ കർഷകർക്ക് നൽകും. അതിനോടൊപ്പം കുമ്മായം, സുക്ഷ്മ മൂലകങ്ങൾ എന്നിവയുടെ ആനുകൂല്യത്തിനായി ഹെക്ടറിന് 5,400 രൂപ നിരക്കിലും ഉൽപ്പാദന ബോണസായി ഹെക്ടറിന് 1,000 രൂപ നിരക്കിലും കർഷകർക്ക് അനുവദിക്കുമെന്ന് മന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

