ഉത്തരാഖണ്ഡിൽ കുടുങ്ങിയ മലയാളികളെ എയർലിഫ്റ്റ് ചെയ്തു; എത്തിച്ചത് ഉത്തരകാശിയിൽ
text_fieldsഉത്തരാഖണ്ഡിൽ കുടുങ്ങിയ മലയാളികൾ
ഉത്തരകാശി: മേഘവിസ്ഫോടനത്തെ തുടർന്ന് ഉത്തരാഖണ്ഡിൽ കുടുങ്ങിയ മലയാളി വിനോദയാത്രാ സംഘത്തെ എയർലിഫ്റ്റ് ചെയ്തു. 28 മലയാളികളെയാണ് ഹെലികോപ്റ്റർ മാർഗം ഉത്തരകാശിയിൽ എത്തിച്ചത്. ഉത്തരാഖണ്ഡിൽ കുടുങ്ങിയ 28 മലയാളി കുടുംബങ്ങളിൽ 20 പേർ മുംബൈ മലയാളികളും എട്ടുപേർ കേരളത്തിൽ നിന്നുള്ളവരുമായിരുന്നു. ടൂർ പാക്കേജിന്റെ ഭാഗമായാണ് ഇവർ ഉത്തരാഖണ്ഡിലെത്തിയത്.
സമുദ്രനിരപ്പിൽ നിന്ന് 8,600 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ധരാലി പട്ടണത്തിലെ ഹോട്ടലുകളിലും ഹോംസ്റ്റേകളും തകർത്താണ് ചൊവ്വാഴ്ചത്തെ മലവെള്ളപ്പാച്ചിൽ താണ്ഡവമാടിയത്. ബഹുനിലകെട്ടിടങ്ങളടക്കം നിമിഷനേരം കൊണ്ട് തകർന്ന് തരിപ്പണമാവുകയായിരുന്നു. ഇതിൽ അധികവും ടൂറിസ്റ്റുകൾ താമസിച്ച ഹോട്ടലുകളാണ്. ഇത്തരത്തിൽ 25 കെട്ടിടങ്ങൾ തകർന്ന് മുന്നൂറിലേറെ പേർ മണ്ണിനടിയിൽപെട്ടതായാണ് അനൗദ്യോഗിക കണക്ക്.
അതേസമയം, ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തിൽ കാണാതായവർക്കായി തിരച്ചിൽ തുടരുന്നു. നാലുമരണമാണ് സ്ഥിരീകരിച്ചത്. അമ്പതിലേറെ പേരെ കാണാതായിട്ടുണ്ട്. ഹർസിലിലെ ക്യാമ്പിൽ നിന്നുള്ള ഒമ്പത് സൈനികർ കാണാതായവരിൽപെടുന്നു. മിന്നൽ പ്രളയത്തിൽ പലരും മണ്ണിനടിയിൽ പെട്ടുപോയിട്ടുണ്ടാവാൻ സാധ്യതയുള്ളതിനാൽ മരണസംഖ്യ ഉയർന്നേക്കും.
ഓപറേഷൻ ശിവാലിക് എന്നാണ് രക്ഷാദൗത്യത്തിന്റെ വിളിപ്പേര്. കരസേന, ഇന്തോ-തിബറ്റൻ ബോർഡർ പൊലീസ്(ഐ.ടി.ബി.പി), ദേശീയ- സംസ്ഥാന ദുരന്തനിവാരണ സേനകൾ, ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബി.ആർ.ഒ),സംസ്ഥാന പൊലീസ്, ജനറൽ റിസർവ് എൻജിനീയർ ഫോഴ്സ് (ജി.ആർ.ഇ.എഫ്) തുടങ്ങിയവ രക്ഷാദൗത്യത്തിൽ സജീവമാണ്.
വ്യാഴാഴ്ച ധാരാലിയിലെ പർവതഗ്രാമത്തിൽ കുടുങ്ങിയ 65 പേരെ ഹെലികോപ്ടർ മാർഗം രക്ഷിച്ചിരുന്നു. ആകെ 70 പേരെയാണ് സൈന്യം രക്ഷിച്ചത്. മണ്ണിടിച്ചിലിൽ റോഡുകൾ തകർന്നതിനാൽ ഇവിടേക്ക് എത്താൻ പ്രയാസമാണ്. ബർത്വരി, ലിഞ്ചിഗഢ്, ഹർസിൽ, ഗംഗ്നാനി, ധാരാലി തുടങ്ങി നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ടു കിടക്കുകയാണ്. ഡറാഡൂണിൽനിന്ന് 140 കിലോമീറ്റർ അകലെയാണ് ധരാലി. സാധാരണ അഞ്ച് മണിക്കൂർ യാത്ര വേണം. അഞ്ച് സംഘങ്ങളായി 225 ജവാന്മാരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

