പൂട്ടിയിട്ട ഗോഡൗണിൽ 26 കോടിയുടെ ഡമ്മി നോട്ടുകൾ; സിനിമ ഷൂട്ടിങ്ങിന് എന്നെഴുതിയ പെട്ടികളിൽ ഒരേ നമ്പറിലുള്ള നോട്ടുകളാണ് കണ്ടെത്തിയത്
text_fieldsമതിലകം ശ്രീനാരായണപുരം കട്ടൻബസാറിൽനിന്ന് പിടിച്ചെടുത്ത ഡമ്മി നോട്ട് പെട്ടികൾ
കൊടുങ്ങല്ലൂർ: മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിലെ ശ്രീനാരായണപുരം കട്ടൻബസാറിൽ വാടക ഗോഡൗണിൽ സൂക്ഷിച്ചിരുന്ന കോടി കണക്കിന് രൂപയുടെ ഡമ്മി നോട്ടുകൾ പൊലീസ് പിടികൂടി. സിനിമ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന നോട്ടുകളാണെന്നാണ് പ്രാഥമിക നിഗമനം. വാടകക്കെട്ടിടത്തിൽ കള്ളനോട്ട് ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് തൃശൂർ റൂറൽ ഡാൻസാഫ് സ്ക്വാഡും, മതിലകം പൊലീസും സ്ഥലത്തെത്തിയത്.
ഗോഡൗണിന്റെ വാതിൽ തുറന്ന് നടത്തിയ പരിശോധനയിൽ 18 ഹാർഡ്ബോർഡ് പെട്ടികളിലായി സൂക്ഷിച്ചിരുന്ന 500 രൂപയുടെ നോട്ടുകെട്ടുകളാണ് കണ്ടെത്തിയത്. ഏകദേശം 26 കോടി രൂപയോളം വരും. കള്ളനോട്ടുകളാണെന്ന സംശയത്തിൽ പൊലീസ് നോട്ടുകൾ വിശദമായി പരിശോധിച്ചു.
ഇവ യഥാർഥ കറൻസിയല്ലെന്നും സിനിമ ചിത്രീകരണത്തിനും മറ്റും ഉപയോഗിക്കുന്ന ഡമ്മി നോട്ടുകളാണെന്നുമാണ് പ്രാഥമിക വിലയിരുത്തൽ. പെട്ടികളുടെ പുറത്ത് ‘സിനിമാ ഷൂട്ടിംഗിന്’ എന്നെഴുതിയിട്ടുള്ളതായും സാധാരണ കടലാസിൽ അടിച്ച നോട്ടുകളെല്ലാം ഒരേ നമ്പറിലുള്ളതാണെന്നും പൊലീസ് പറഞ്ഞു. നോട്ടുകൾ മതിലകം പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് ദിവസം മുമ്പ് മറ്റു ചില വസ്തുക്കളോടൊപ്പമാണ് പെട്ടികൾ ഇറക്കിയത്. ഡമ്മി നോട്ടുകൾ എത്തിച്ച കയ്പമംഗലം മൂന്നുപീടിക സ്വദേശി ഇപ്പോൾ ചെന്നൈയിലാണ്. നോട്ട് പിടികൂടിയ വിവരം പ്രചരിച്ചതോടെ സ്ഥലത്തേക്ക് ആളുകളുടെ ഒഴുക്കായിരുന്നു.
അതേസമയം, വിശദന്വേഷണം നടത്താനുള്ള തീരുമാനത്തിലാണ് പൊലീസ്. ഇത്രയധികം ഡമ്മി നോട്ടുകൾ എന്തിനാണ് വാടകക്കെട്ടിടത്തിൽ എത്തിച്ചതെന്ന കാര്യം പൊലീസ് പരിശോധിക്കും. ഇത്രയധികം ഡമ്മി നോട്ടുകൾ അച്ചടിക്കാമോ എന്നതടക്കമുള്ള നിയമവശങ്ങൾ പരിശോധിച്ച് ആവശ്യമെങ്കിൽ അതനുസരിച്ചുള്ള നിയമനടപടി കൈക്കൊള്ളുമെന്ന് മതിലകം സി.ഐ വിമൽ പറഞ്ഞു.

