പണം നൽകിയില്ലെങ്കിൽ മാതാപിതാക്കളെ കൊല്ലുമെന്ന് ഭീഷണി; ലഹരിക്കടിമയായ 25കാരൻ വീടിനു തീയിട്ടു
text_fieldsപ്രതീകാത്മക ചിത്രം
കണ്ണൂർ: ലഹരിക്കടിമയായ 25കാരനായ മകൻ പണം ആവശ്യപ്പെട്ടപ്പോൾ മാതാപിതാക്കൾ നൽകിയില്ല. ലഹരി മരുന്ന് വാങ്ങാൻ പണം ലഭിക്കാതെ വന്നതോടെ വീടിന് തീയിട്ട് കണ്ണൂർ സ്വദേശിയായ അഭിഷേക്. മകന്‍റെ അക്രമാസക്തമായ സ്വഭാവം കാരണം മാതാപിതാക്കൾ സ്വന്തം വീട്ടിൽ നിന്നും മാറി ബന്ധുക്കളുടെ വീട്ടിൽ താമസമാക്കിയതു കൊണ്ട് മാത്രം രക്ഷപ്പെടുകയായിരുന്നു.
കണ്ണൂർ ആയിക്കര സ്വദേശി അഭിഷേകിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. വീടിന്‍റെ പ്രധാന കിടപ്പുമുറി പൂർണമായും കത്തിനശിച്ചു. ഏകദേശം 3 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വിടിന് തീയിട്ട ശേഷം അഭിഷേക് ഓടിപ്പോവുകയായിരുന്നു. വിവരമറിഞ്ഞ് അഗ്നിശമന സേനയെത്തി തീ അണക്കുകയായിരിന്നു.
ലഹരിക്ക് അടിമയായ മകൻ മാതാപിതാക്കളെ നിരന്തരം ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു. കഴിഞ്ഞ ദിവസം 2000 രൂപ ആവശ്യപ്പെട്ടപ്പോൾ നൽകാത്തതിനെ തുടർന്ന് തന്നെയും ഭാര്യയെയും പെട്രോളൊഴിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പ്രതിയുടെ പിതാവ് പറഞ്ഞു. അതിനാലാണ് ഇരുവരും വീട്ടിൽ നിന്നും മാറി നിന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പ്രതി അഭിഷേകിനെതിരെ കണ്ണൂർ സിറ്റി പൊലീസ് കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

