ട്രാൻസ്മാൻ ആദം ഹാരിക്ക് സ്വപ്നം തേടി പറക്കാം; വൈമാനിക പഠനത്തിന് 25 ലക്ഷം അനുവദിച്ചെന്ന് മന്ത്രി ആർ. ബിന്ദു
text_fieldsആദം ഹാരി
തിരുവനന്തപുരം: ട്രാൻസ്മാൻ ആദം ഹാരിക്ക് വൈമാനികനാകുന്നതിലെ ബാക്കി തടസ്സങ്ങളും നീക്കി സാമൂഹ്യനീതി വകുപ്പ്. വൈമാനികനാവാനുള്ള പഠനത്തിന് സംസ്ഥാന സർക്കാർ അനുമതി നൽകിയ 23,34,400 രൂപയിൽ അനുവദിക്കാൻ ബാക്കിയുള്ള 17,69,158 രൂപ നൽകാൻ ഉത്തരവായതായി വകുപ്പ് മന്ത്രി ആർ. ബിന്ദു അറിയിച്ചു. അധികമായി ആവശ്യമുള്ള 7,73,904 രൂപയും അനുവദിച്ചു. ഇതോടെ 2022-23 സാമ്പത്തികവർഷം ട്രാൻസ്ജെൻഡർ ക്ഷേമത്തിനായി വകയിരുത്തിയ തുകയിൽ നിന്നും ആദം ഹാരിക്ക് ആകെ 25,43,062 രൂപയാണ് അനുവദിച്ചത്.
ആദം ഹാരിക്ക് സിവിൽ ഏവിയേഷൻ പഠനത്തിനുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് മുന്നേ നിശ്ചയിച്ചുറപ്പിച്ചതാണെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ പൈലറ്റാവാനുള്ള ഹാരിയുടെ ആഗ്രഹത്തെ തുണയ്ക്കുന്നതല്ലെന്നതാണ് ഹാരിയെ പുറംരാജ്യത്തേക്ക് വഴി തേടിച്ചത്. ദക്ഷിണാഫ്രിക്കയിൽ 10 മാസത്തെ വൈമാനിക പരിശീലനം പൂർത്തീകരിക്കാൻ ഫിക്സഡ് ഡെപ്പോസിറ്റ് ആയി ഒരു ലക്ഷം രൂപയും ഫീസായി 24,43,062 രൂപയുമാണ് ഹാരിയ്ക്ക് വേണ്ടിയിരുന്നത്.
ട്രാൻസ് സമൂഹത്തിനാകെ മനോവീര്യം പകരുന്ന, താണ്ടാൻ ഏറെക്കുറെ അസാധ്യം തന്നെയായ ജീവിതാഭിലാഷമാണ് ആദം ഹാരി നെഞ്ചേറ്റിയത്. അതിനു വേണ്ട തുക കണ്ടെത്താനാവാതെ പഠനാഗ്രഹം മാറ്റിവെക്കേണ്ടി വരികയെന്നത് ഹാരിയുടെ മാത്രം വേദനയായല്ല സർക്കാർ കണ്ടത്. ആദം ഹാരിയുടെ ഉജ്ജ്വല സ്വപ്നത്തിന് ഒപ്പംനിൽക്കൽ ട്രാൻസ് സമൂഹത്തോടുള്ള ഐക്യദാർഢ്യത്തിന്റെ പ്രതീകമായി സർക്കാർ ഏറ്റെടുത്തത് അതുകൊണ്ടാണ് -മന്ത്രി പറഞ്ഞു.
അരികുവത്കരിക്കപ്പെട്ടവരുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനും ഒരു തടസ്സവും ഉണ്ടാകരുതെന്ന സർക്കാറിന്റെ നിലപാട് ഒരിക്കൽക്കൂടി സാമൂഹ്യനീതി വകുപ്പ് ഇവിടെയും ഉയർത്തിപ്പിടിക്കുന്നു. ആദം ഹാരിയുടെ ആകാശസ്വപ്നങ്ങൾ ലോകം മുഴുവൻ വിമാനം പറത്തിയെത്തുന്നതിലേക്ക് വികസിക്കട്ടെ എന്ന് എല്ലാവർക്കുമൊപ്പം ആശിക്കുന്നുവെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

