എറണാകുളം ജനറല്‍ ആശുപത്രിയില്‍ 25 കോടിയുടെ കാന്‍സര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്
text_fieldsതിരുവനന്തപുരം: അത്യാധുനിക കാന്‍സര്‍ ചികിത്സയ്ക്ക് എറണാകുളത്ത് സംവിധാനമൊരുങ്ങുന്നു. കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് ധനസഹായത്തോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിര്‍മ്മിച്ച കാന്‍സര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 25 കോടി രൂപ ചെലവഴിച്ചാണ് ആറ് നിലകളുള്ള ഈ ബ്ലോക്ക് സജ്ജമാക്കിയിരിക്കുന്നത്.
കാന്‍സര്‍ ചികിത്സക്ക് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. റീജിയണല്‍ കാന്‍സര്‍ സെന്ററുകള്‍ക്ക് പുറമേ പ്രധാന മെഡിക്കല്‍ കോളജുകളിലും വലിയ ചികിത്സാ സൗകര്യമാണ് ഒരുക്കി വരുന്നത്. ഇവക്ക് പുറമേ 25 ആശുപത്രികളില്‍ ക്യാന്‍സര്‍ ചികിത്സക്കുള്ള സൗകര്യമൊരുക്കി. കേരള കാന്‍സര്‍ രജിസ്ട്രി പ്രവര്‍ത്തനമാരംഭിച്ചു.
കാന്‍സര്‍ രോഗനിര്‍ണയത്തിനും കാന്‍സര്‍ ചികിത്സ ഏകോപിപ്പിക്കുന്നതിനും കാന്‍സര്‍ ഗ്രിഡ്, കാന്‍സര്‍ കെയര്‍ സ്യൂട്ട് നടപ്പിലാക്കി. ആർ.സി.സിയിലും എം.സി.സിയിലും റോബോട്ടിക് സര്‍ജറി ആരംഭിക്കാനുള്ള നടപടി സ്വീകരിച്ചു. ഇതിന് പിന്നാലെയാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സ വിപുലമാക്കുന്നത്. ഈ മേഖലയിലെ ജനങ്ങള്‍ക്ക് ഇതേറെ ആശ്വാസമാകുമെന്നും മന്ത്രി വ്യക്തമാക്കി.
105 രോഗികളെ കിടത്തി ചികിത്സിക്കാവുന്ന ആധുനികവും വിദഗ്ധവുമായ പശ്ചാത്തല സൗകര്യമാണ് സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ ഒരുക്കിയിരിക്കുന്നത്. കാന്‍സര്‍ ഐസിയു, കീമോതെറാപ്പി യൂണിറ്റ്, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേക വാര്‍ഡ്, കൂട്ടിരിപ്പുകാര്‍ക്കുള്ള ഡോര്‍മറ്ററി തുടങ്ങിയവയെല്ലാം സജ്ജമാക്കി. കീമോതെറാപ്പിക്ക് വിധേയരാകുന്ന രോഗികള്‍ക്ക് രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറഞ്ഞാല്‍ അടിയന്തിര ചികിത്സ നല്‍കുന്നതിനുള്ള ന്യൂട്രോപ്പീനിയ ഐസിയുവും സജ്ജമാക്കിയിട്ടുണ്ട്. ഓരോ നിലകളിലും നഴ്‌സിംഗ് സ്റ്റേഷനും ഡോക്ടര്‍മാരുടെ പ്രത്യേക മുറികളും രോഗികള്‍ക്ക് ഏറ്റവും സൗകര്യപ്രദമായ ശുചിമുറികളും ഒരുക്കിയിട്ടുണ്ട്.
ആരോഗ്യവകുപ്പിന്റെ ഏറ്റവും മികവേറിയതും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ചികിത്സാ സംവിധാനവുമാണ് ജനറല്‍ ആശുപത്രി ഓങ്കോളജി വിഭാഗത്തിന് കീഴിലുള്ളത്. പ്രതിദിനം 250 ഓളം പേര്‍ ഒപിയിലും 25 ഓളം പേര്‍ കിടത്തി ചികിത്സയ്ക്കും എത്തുന്നു. കൂടാതെ പ്രതിദിനം 40ഓളം കീമോതെറാപ്പി, 15 ഓളം റേഡിയോതെറാപ്പി സേവനങ്ങളും നല്‍കി വരുന്നു. ഏറ്റവും നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ മാമ്മോഗ്രാം യൂനിറ്റ്, 128 സ്ലൈസ് സി.ടി. സ്‌കാന്‍ സംവിധാനം എന്നിവ കഴിഞ്ഞ ആറ് മാസങ്ങള്‍ക്കുള്ളില്‍ നടത്തിയ വികസന പദ്ധതികളില്‍ എടുത്തു പറയേണ്ടതാണ്.
നഗരമധ്യത്തില്‍ സ്ഥലപരിമിതികള്‍ക്കുള്ളില്‍ നിന്നാണ് ജനറല്‍ ആശുപത്രിയില്‍ ഈ മികച്ച സൗകര്യങ്ങളൊരുക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി ഹൃദയശസ്ത്രക്രിയ നടത്തിയ ജില്ലാതല ആശുപത്രിയാണ്. രാജ്യത്തിന് മാതൃകയായി ജില്ലാതല ആശുപത്രിയില്‍ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയും യാഥാർഥ്യമാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

