24 മണിക്കൂർ; 79 മി.മീ മഴ ലഭിച്ചത് 117 ശതമാനം അധികമഴ
text_fieldsതൃശൂർ: കഴിഞ്ഞ മൂന്ന് വർഷവും കേരളത്തിൽ തിമിർത്ത് പെയ്ത അതിതീവ്ര മഴ (പേമാരി) ഒടുവിൽ ഈ വർഷവും. തിങ്കളാഴ്ച രാവിലെ 8.30 മുതൽ ചൊവ്വാഴ്ച രാവിലെ 8.30 വരെ മൂന്ന് മഴ മാപിനികളിലാണ് അതിതീവ്ര മഴ രേഖപ്പെടുത്തിയത്. പേമാരി കൂടുതൽ കനത്തത് കരിപ്പൂർ വിമാനത്താവള മേഖലയിലാണ്- 255 മില്ലിമീറ്റർ. മണ്ണാർക്കാട്- 238.2, കോഴിക്കോട്- 216 മി.മീ വീതവും 24 മണിക്കൂറിനിടയിൽ ലഭിച്ചു. 2018, 2019 വർഷങ്ങളിലെ പ്രളയത്തിനും 2020ലെ മിന്നൽ പ്രളയത്തിനുമിടയാക്കിയ 204 മി.മീന് മുകളിൽ ലഭിക്കുന്ന അതിതീവ്ര മഴ ഈ വർഷം മൺസൂണിൽ ഇല്ലായിരുന്നു. 115 മുതൽ 204 മി.മീ വരെ തീവ്രമഴയും ഈ സമയത്തിനുള്ളിൽ വിവിധ മാപിനികളിൽ രേഖപ്പെടുത്തി. വടകര (177.4), കൊയിലാണ്ടി (176), പട്ടാമ്പി (175), കണ്ണൂർ (166.2) അടക്കം 15ലധികം മാപിനികളിൽ തീവ്രമഴയും ലഭിച്ചു.
തിങ്കളാഴ്ച രാവിലെ മുതൽ ചൊവ്വാഴ്ച രാവിലെ വരെ 79 മി.മീ മഴയാണ് കേരളത്തിലാകെ ലഭിച്ചത്. രണ്ട് ദിവസമായി തിമിർത്ത് പെയ്യുന്നതിനാൽ തുലാവർഷ മഴയിൽ ബംബർ അടിച്ചിരിക്കുകയാണ്. 121.2 ന് പകരം 263 മി.മീ മഴയാണ് കേരളത്തിലാകെ ഈ മാസം ലഭിച്ചത്. 117 ശതമാനം അധികം. എന്നാൽ, കാലം തെറ്റിവന്ന അതിതീവ്ര മഴ നെല്ലടക്കം വിവിധ കൃഷികളെ കാര്യമായി ബാധിക്കും.
വരുന്ന നാല് ദിവസങ്ങളിലും സമാനമായി മഴ ലഭിക്കാനുള്ള സാധ്യതയാണുള്ളത്. തെക്കൻ ചൈന സമുദ്രത്തിലും മധ്യ പസഫിക് കടലിലുമുണ്ടായ ചുഴലി മൂലം അറബിക്കടലിൽ നിന്ന് പടിഞ്ഞാറൻ കാറ്റിെൻറ തള്ളലാണ് കാരണം. അതേസമയം, മൺസൂണിെൻറ പിൻമാറ്റം പൂർണമായിട്ടില്ല. മധ്യ ഇന്ത്യയിൽ എത്തിനിൽക്കുന്ന പിൻമാറ്റം ഈമാസം 20ന് ശേഷമേ പൂർണമാകൂ. ഇത് കർണാടകയിൽ എത്തുന്നതോടെ കേരളത്തിലടക്കം ഇടിയോട് കൂടിയ മഴയുണ്ടാകും. എന്നാൽ, ജൂൺ മുതൽ സെപ്റ്റംബർ വരെ ലഭിക്കുന്ന മഴയാണ് മൺസൂണിൽ ഉൾപ്പെടുത്തുക. അതിനാൽ നിലവിലെ മഴ തുലാവർഷത്തിൽ രേഖപ്പെടുത്തുകയാണ് കാലാവസ്ഥ വകുപ്പിെൻറ രീതി. 16 ശതമാനത്തിെൻറ കുറവുണ്ടെങ്കിലും കഴിഞ്ഞ വർഷത്തിന് സമാനം ശരാശരി മഴയാണ് ഇക്കുറി ലഭിച്ചത്. കഴിഞ്ഞ വർഷം ജൂൺ മുതൽ ഈ ജൂൺ വരെ വർഷം മുഴുവനും കേരളത്തിൽ മഴ ലഭിച്ചിരുന്നു.