കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ: പ്രതി റമീസിന്റെ മാതാപിതാക്കള്‍ ഒളിവില്‍
text_fieldsകൊച്ചി: കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി റമീസിന്റെ മാതാപിതാക്കള്‍ ഒളിവില്‍. പിടികൂടാനുള്ള ശ്രമം പൊലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്. റമീസിന്റെ മാതാപിതാക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും. യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ റമീസിന്റെ മാതാപിതാക്കളെക്കുറിച്ചും പരാമര്‍ശം ഉണ്ടായിരുന്നു. യുവതിയുടെ അമ്മയും സഹോദരനും നൽകിയ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് റമീസിന്റെ മാതാപിതാക്കളെയും സുഹൃത്തിനെയും പ്രതിചേർക്കാൻ തീരുമാനിച്ചത്.
അതേസമയം, നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ സുഹൃത്തിന്‍റെ മൊഴി ഇന്ന് എടുക്കും. നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് റമീസ്. പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണ, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. റമീസ് യുവതിയെ മര്‍ദിച്ചതിന്റെ തെളിവുകള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റില്‍ നിന്നാണ് തെളിവുകള്‍ ലഭിച്ചത്.
വിവാഹം കഴിക്കാമെന്ന് പറഞ്ഞ റമീസ് വാക്കുമാറിയെന്ന് യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. മരിക്കാന്‍ റമീസ് സമ്മതം നല്‍കിയെന്നും ഇനിയും വീട്ടുകാര്‍ക്ക് ഒരു ബാധ്യതയായി തുടരാന്‍ സാധിക്കില്ലെന്നും യുവതി ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു.
മൂവാറ്റുപുഴ ഗവ. ടി.ടി.ഐ വിദ്യാർഥിനിയും കോതമംഗലം കറുകടം ഞാഞ്ഞൂൾമല കടിഞ്ഞുമ്മൽ പരേതനായ എൽദോസിന്റെ മകളുമായ 23കാരി ശനിയാഴ്‌ചയാണ് ആത്മഹത്യ ചെയ്തത്. വീട്ടിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യ കുറിപ്പിൽ സുഹൃത്തും കുടുംബവും മതം മാറാൻ നിർബന്ധിച്ചുവെന്നും തന്നോട് ക്രൂരത കാട്ടിയെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

