കോവിഡ് കാലത്ത് വാങ്ങിയ 224 ഐ ഫോണുകൾ കാണാനില്ല: മന്ത്രി
text_fieldsതിരുവനന്തപുരം: കോവിഡ് കാലത്ത് ആരോഗ്യവകുപ്പ് 7.16 കോടി രൂപക്ക് വാങ്ങിയ 224 ഐഫോണുകളിൽ പലതും കാണാതായെന്ന് മന്ത്രി കെ. മുരളീധരൻ നിയമസഭയിൽ അറിയിച്ചു. അബിൻ വർക്കിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. അവ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ ഫണ്ടസ് കാമറകളും വാങ്ങിയിരുന്നു. ഇവ ഉപയോഗിക്കാതെ പല ആശുപത്രികളിലായി കൂട്ടിയിട്ടിരിക്കുകയാണ്.
പല ഐഫോണും കാണാനില്ല. ഉപകരണങ്ങൾ വാങ്ങി കൂട്ടിയിട്ട് പൊതുപണം ദുരുപയോഗം ചെയ്‌ത അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോക്ക് നിർദ്ദേശം നൽകുമെന്നും മന്ത്രി അറിയിച്ചു. കോവിഡ് കാലത്തും മറ്റ് കാലയളവുകളിലും സർക്കാർ ആശുപത്രികൾക്കായി വാങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ പലതും ഗുണനിലവാരമില്ലാത്തതായിരുന്നു. പലതും പ്രവർത്തനസജ്ജമാക്കാതെ ഉപയോഗശൂന്യമായി കിടക്കുകയാണ്. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ചതായും മന്ത്രി പറഞ്ഞു.
ആലപ്പുഴ മെഡിക്കൽ കോളജിൽ കെ.എം.എസ്.സി.എൽ മുഖേന വിതരണം ചെയ്ത രണ്ട് ഓക്സിജൻ ജനറേറ്റർ പ്ലാന്‍റുകൾക്ക് ആവശ്യമായ അളവിലും മർദ്ദത്തിലും ഓക്സിജൻ ഉൽപാദിപ്പിക്കാൻ കഴിയുന്നില്ലെന്നും അവ പൂർണമായും പ്രവർത്തനസജ്ജമായിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. പി.എം കെയേഴ്സ് പദ്ധതിയിൽ ലഭിച്ച വെന്‍റിലേറ്ററുകളിൽ ചിലത് ഗുണനിലവാരം, പ്രവർത്തന വിശ്വാസ്യത, പരിപാലനച്ചെലവ് തുടങ്ങിയ കാരണങ്ങളാൽ നിലവിൽ ഉപയോഗിക്കുന്നില്ല. കോട്ടയം, മഞ്ചേരി, കണ്ണൂർ, കോഴിക്കോട് മെഡിക്കൽ കോളജുകളിലായി ഇത്തരം 128 വെന്‍റിലേറ്ററുകൾ ഉപയോഗിക്കാനാകാതെ കിടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

