Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപട്ടികജാതി ഫണ്ട്:...

പട്ടികജാതി ഫണ്ട്: ഫലമില്ലാതെ പോയത് 2.24 കോടി

text_fields
bookmark_border
പട്ടികജാതി ഫണ്ട്: ഫലമില്ലാതെ പോയത് 2.24 കോടി
cancel

കൊച്ചി: പട്ടികജാതി ഫണ്ടിൽ സംസ്ഥാന റിസോഴ്സ് സെൻററിന് (എസ്.ആർ‌.സി) നൽകിയ 2.24 കോടി പ്രയോജനമില്ലാതെ പോയെന്ന് അന്വേഷണ റിപ്പോർട്ട്. "പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റാലിറ്റി മാനേജ്‌മെൻറ്, കാറ്ററിങ് കോഴ്‌സ്"ൽ 1000 എസ്.സി. വിദ്യാർഥികൾക്ക് പരിശീലനം നൽകുന്ന പദ്ധതിയിലാണ് ക്രമക്കേട് നടന്നത്. മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ റിസോഴ്‌സ് സെൻററാണ് (എസ്.ആർ‌.സി) തട്ടിപ്പ് നടത്തിയത്. പട്ടിക ജാതി ഡയറക്ടറേറ്റിന് ഉദ്യോഗസ്തർ തട്ടിപ്പിന് കുടപിടിച്ചു. 2016 ഡിസംബർ 16 ലെ സർക്കാർ ഉത്തരവ് പ്രകാരം ഡയറക്ടറേറ്റും റിസോഴ്‌സ് സെൻററും തമ്മിൽ 2016 ഡിസംബർ 22 നാണ് ധാരണാപത്രം ഒപ്പുവെച്ചത്. കോഴ്സ് നടത്തിയതുമായി ബന്ധപ്പെട്ട് ഫയലുകൾ എ.ജി ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്.

  • ധാരണാപത്രത്തിൻെറ ഒന്നാമത്തെ വ്യവസ്ഥ അനുസരിച്ച്, എസ്‌.ആർ‌.സി 2017 ഫെബ്രുവരി 15 ന് കോഴ്‌സ് ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കണം. എന്നാൽ, നാലുവർഷത്തിനുശേഷവും കോഴ്‌സ് പൂർത്തീകരണ റിപ്പോർട്ട് എസ്‌.ആർ.‌സി സമർപ്പിച്ചിട്ടില്ല. പട്ടിക ജാതി ഡയറക്ടറേറ്റ് അത് അന്വേഷിച്ചിട്ടുമില്ല.
  • ധാരണാപത്രത്തിലെ മൂന്നാമത്തെ വ്യവസ്ഥ പ്രകാരം കോഴ്സ് പൂർത്തിയാകുമ്പോൾ, എസ്.ആർ‌.സി മാനദണ്ഡങ്ങൾക്കനുസൃതമായി പരീക്ഷ നടത്തുകയും വിജയികളായവർക്ക് സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യണം. എന്നാൽ,1000 വിദ്യാർഥികൾക്കായി നടത്തിയ പരീക്ഷ, പരീക്ഷയുടെ ഫലം, വിജയിച്ചവരും പരാജയപ്പെട്ടവരുടെയും വിശദാംശങ്ങൾ എസ്‌.ആർ‌.സി ഡയറക്ടറേറ്റിന് സമർപ്പിച്ചിട്ടില്ല. സർട്ടിഫിക്കറ്റുകളും ഇതുവരെ വിദ്യാർഥികൾക്ക് വിതരണം ചെയ്തിട്ടമില്ല.
  • എസ്.ആർ‌.സി 2019 ജൂൺ ആറിന് നൽകിയ കത്തിൽ 1000 വിദ്യാർഥികൾക്ക് പരിശീലനം നൽകിയിട്ടുണ്ടെന്നും അതിൽ 446 വിദ്യാർഥികൾക്ക് പ്ലേസ്മെൻറ് നൽകിയിട്ടുണ്ടെന്നും രേഖപ്പെടുത്തി. അന്വേഷണ സംഘം എസ്.ആർ‌.സി നൽകിയ പട്ടികയിലുള്ള വിദ്യാർഥികളെ ഫോണിലൂടെ ബന്ധപ്പെട്ടപ്പോൾ ഭൂരിഭാഗം വിദ്യാർഥികളും കോഴ്‌സിൽ ചേർന്നിട്ടില്ലെന്നും ആർക്കും പ്ലെയ്‌സ്‌മെൻറ് നൽകിയിട്ടില്ലെന്നും വ്യക്തമായി. പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ചില വിദ്യാർഥികൾ 50 വയസിന്ന് മുകളിലുള്ളവരാണ്. കോഴ്‌സിനെക്കുറിച്ച് അവർക്ക് ഒന്നും അറിയില്ല. വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നതിലും കോഴ്‌സ് നടത്തുന്നതിലും എസ്.ആർ.സി നടത്തിയ തട്ടിപ്പ് ഇതിൽ പകൽപോലെ വ്യക്തമാണ്. വിദ്യാർഥികളുടെ പട്ടിക, പ്ലേസ്മെൻറ് ലിസ്റ്റ് എന്നിവയുമായി ബന്ധപ്പെട്ട് എസ്.ആർ.‌സി വ്യാജ വിവരങ്ങളാണ് ഡയറക്ടറേറ്റിൽ സമർപ്പിച്ചത്.
  • പ്രാരംഭ ഘട്ടത്തിൽ തന്നെ വിദ്യാർഥികളുടെ പട്ടിക പരിശോധിക്കുന്നതിൽ ഡയറക്ടറേറ്റിന് ഗുരുതര വീഴ്ചയുണ്ടായി. പട്ടികജാതി ഡയറക്ടർ ധാരണാപത്രം ഒപ്പിട്ടപ്പോൾ 25 ശതമാനം, കോഴ്സ് ആരംഭിച്ച് മൂന്ന് മാസം കഴിഞ്ഞ് 40 ശതമാനം, വിദ്യാർഥികളുടെ പരിശോധനയ്ക്ക് ശേഷം 10 ശതമാനം, ബാക്കി 25 ശതമാനം കോഴ്‌സ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തതിനുശേഷം എന്നിങ്ങനെയാണ് തുക നൽകേണ്ടത്.
    എന്നാൽ, 2016 ഡിസംബർ 24ന് ആദ്യ ഗഡു 70 ലക്ഷം, ധാരണാപത്രത്തിൽ ഒപ്പുവെച്ചതിന് ശേഷം 2017 മാർച്ച് 20ന് 70 ലക്ഷം, 2017 ഒക്ടോബർ 27ന് 84 ലക്ഷവും നൽകി. ആകെ 2.24 കോടി നൽകി. അർഹമായ തുകയായ 1.82 കോടി രൂപയിൽ നിന്ന് 42 ലക്ഷം രൂപ അധികമായിട്ടാണ് നൽകിയത്. പരീക്ഷയുടെ വിശദാംശങ്ങൾ എസ്.ആർ.‌സി സമർപ്പിക്കാത്തതിനാൽ കോഴ്‌സ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല.
  • ധരണാ പത്രത്തിലെ വ്യവസ്ഥ ഒമ്പത് അനുസരിച്ച്, ചെലവഴിച്ചതിൻെറ വിശദമായ പ്രസ്താവനകൾ എസ്‌.ആർ.‌സി നൽകണം. വ്യവസ്ഥ 11 പ്രകാരം യൂട്ടിലൈസേഷൻ സർ‌ട്ടിഫിക്കറ്റും(യു‌.സി) പ്രോഗ്രാം പൂർത്തിയാകുമ്പോൾ ഡയറക്ടറേറ്റിന് വൗച്ചറുകൾ നൽകുകയും ബാക്കി തുക സർക്കാരിനെ തിരികെ നൽകുകയും ചെയ്യണം.
    പ്രോഗ്രാം പൂർത്തിയാക്കി ഒരു മാസത്തിനുള്ളിൽ അനുവദനീയമായ ചെലവ് അറിയക്കണം. എന്നാൽ, പദ്ധതി ആരംഭിച്ച് നാല് വർഷത്തിന് ശേഷവും അക്കൗണ്ടുകൾ, യു‌.സി, ചെലവ് പ്രസ്താവനകൾ എന്നിവയൊന്നും എസ്‌.ആർ‌.സി തയാറാക്കി ഡയറക്ടറേറ്റിന് സമർപ്പിച്ചിട്ടില്ല.
  • ധാരണാപത്രത്തിലെ വ്യവസ്ഥ 10 പ്രകാരം, ഒരു വർഷത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കുന്നതിൽ എസ്.ആർ‌.സി പരാജയപ്പെട്ടാൽ, ബാക്കി തുക പലിശസഹിതം തിരിച്ച് നൽകണം. എന്നാൽ, നാലുവർഷത്തിനുശേഷം, കോഴ്‌സ് പൂർത്തീകരണ റിപ്പോർട്ടുകളും പ്ലെയ്‌സ്‌മെൻറ് വിശദാംശങ്ങളും എസ്.ആർ.സി സമർപ്പിച്ചിട്ടില്ല. ഒരു വർഷത്തിനുള്ളിൽ പദ്ധതി നടപ്പാക്കുന്നതിൽ എസ്‌.ആർ.‌സിയുടെ ഭാഗത്തുനിന്ന് പരാജയം ഡയറക്ടറേറ്റ് തിരിച്ചറിഞ്ഞിരുന്നു. എന്നിട്ടും അധികമായി നൽകിയ 42 ലക്ഷം ബാക്കി തുക പലിശ സഹിതം തിരിച്ചടയ്ക്കുന്നതിന് ധരണാ പത്രത്തിലെ വ്യവസ്ഥ (10) പ്രകാരം നടപടി സ്വീകരിച്ചില്ല.
  • സമയാസമയങ്ങളിൽ എസ്‌.ആർ‌.സിക്ക് അനുകൂലമായി 2.24 കോടി ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും ഓരോ ഘട്ടത്തിലും പദ്ധതി ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ നിരീക്ഷിരുന്നില്ല. ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥയാണ് ഇതിന് കാരണായത്.

2.24 കോടി രൂപ ചെലവഴിച്ച് നടത്തിയ ഈ കോഴിസ്ൻെറ സർട്ടിഫിക്കറ്റ് ഏതെങ്കിലും സർവകലാശാല അംഗീകരിച്ചിട്ടുണ്ടോ ആരും പരിശോധിച്ചില്ല. കോഴ്സ് നടത്തി നാലുവർഷത്തിനുശേഷവും രേഖകളെല്ലാം അപൂർണവും അവ്യക്തവുമാണ്. ഇക്കാര്യത്തിൽ ഗുരുതരമായ ക്രമക്കേട് നടന്നു. എ.ജി ഓഡിറ്റിൽ എസ്‌.ആർ.‌സിയുടെ എല്ലാ വീഴ്ചകളും ഡയറക്ടറേറ്റ് അംഗീകരിച്ചു. ഇനി അറിയേണ്ടത് കോഴ്‌സിനായി ചെലവഴിച്ച 2.24 കോടി ആരുടെയൊക്കെ പോക്കറ്റിലായി എന്നാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Scheduled Caste Fund
Next Story