ഓണത്തിന് സാമൂഹിക ക്ഷേമ പെൻഷൻ നൽകാൻ 2082 കോടി
text_fieldsതൃശൂർ: സാമൂഹിക ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ ഓണാഘോഷത്തിന് ഇത്തവണയും അല്ലലുണ്ടാവില്ല. കുടിശ്ശിക അടക്കം പെൻഷൻ വിതരണം ചെയ്യാൻ 2,082.89 കോടി രൂപ വിനിയോഗിക്കാൻ സർക്കാർ ഉത്തരവിറങ്ങി. 2016 ജൂൺ മുതൽ 2017 ഏപ്രിൽ വരെ കുടിശ്ശിക ഇനത്തിൽ 129.97 കോടി രൂപയും 2017 മേയ് മുതൽ ആഗസ്റ്റ് വരെ നാലുമാസത്തെ പെൻഷൻ നൽകാൻ 1,952.92 കോടി രൂപയും േചർത്താണ് 2,082.89 കോടി അനുവദിച്ചത്.
ക്ഷേമ പെൻഷൻ 2016 ജൂൺ മുതൽ 1,000 രൂപയും 2017 ഏപ്രിൽ മുതൽ 1,100 രൂപയുമാണ്. ഗുണഭോക്താക്കളുടെ താൽപര്യപ്രകാരം ബാങ്ക് അക്കൗണ്ട് വഴിയോ സഹകരണ സംഘങ്ങൾ വഴി നേരിട്ടോ ആണ് നൽകിയിരുന്നത്. ബാങ്ക് അക്കൗണ്ട് നമ്പറിലെ പിശക്, താമസസ്ഥലം മാറൽ, മറ്റു കാരണങ്ങൾ എന്നിവമൂലം പെൻഷൻ വാങ്ങാൻ കഴിയാത്തവർക്കാണ് കുടിശ്ശിക അനുവദിച്ചത്. ഓരോ ഇനം പെൻഷനിലും തുക കുറവാണെങ്കിൽ അധിക ധനാനുമതിക്കായി അപേക്ഷ കൺട്രോളിങ് ഓഫിസർ സർക്കാറിൽ നൽകണം. നേരിട്ട് വീടുകളിൽ വിതരണത്തിനാവശ്യമായ തുക വെള്ളയമ്പലം സബ് ട്രഷറിയിൽ ആരംഭിച്ച സാമൂഹിക സുരക്ഷ പെൻഷൻ അക്കൗണ്ടിലും ബാങ്കിലൂടെയുള്ളത് എസ്.ബി.ഐ തിരുവനന്തപുരം സിറ്റി ബ്രാഞ്ചിലുമാണ് നിക്ഷേപിക്കുക. ഫണ്ട് പിൻവലിക്കൽ എല്ലാവിധ ട്രഷറി നിയന്ത്രണങ്ങളിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.
എല്ലാ സാമൂഹിക ക്ഷേമ പെൻഷനുകളും 1,100 രൂപയായി ഉയർത്തുമെന്ന് 2017--18 ബജറ്റ് പ്രസംഗത്തിലെ പ്രഖ്യാപനം അംഗീകരിച്ച് കഴിഞ്ഞ ദിവസമാണ് സർക്കാർ ഉത്തരവ് ഇറങ്ങിയത്. എന്നാൽ 1,100 രൂപയിൽ കൂടുതൽ നൽകുന്ന ക്ഷേമനിധി ബോർഡ് പെൻഷനുകൾ അതേ നിരക്കിൽ തുടരും. 2017 ഏപ്രിൽ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഉത്തരവ്.
പെൻഷൻ അപേക്ഷകർ ഹാജരാക്കുന്ന വരുമാന സർട്ടിഫിക്കറ്റുകളിലെ തർക്കങ്ങൾ ഒഴിവാക്കാനും മാർഗങ്ങളായി. വരുമാന പരിധി നിർണയിക്കുന്നതിന് അപേക്ഷകർ താമസിക്കുന്ന പ്രദേശത്തെ വില്ലേജ് ഓഫിസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ് മാത്രം പരിഗണിച്ചാൽ മതിയെന്ന ഉത്തരവ് ഇൗ മാസം പുറത്തിറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
