തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പൊലീസുകാരന് അനുവദിച്ച തുക ബി.ഡി.ഒ അടിച്ചു മാറ്റി; അഞ്ച് വർഷത്തിനു ശേഷം കേസ്
text_fieldsപ്രതീകാത്മക ചിത്രം
മലപ്പുറം: 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടക്കൽ അസംബ്ലി മണ്ഡലത്തിൽ ആന്‍റി ഡിഫേഴ്സ്മെന്റ് സ്ക്വാഡിലെ അംഗമായിരുന്ന പൊലീസുകാരന് അനുവദിച്ച ഫീഡിങ് അലവൻസ് വ്യാജ രേഖ ചമച്ച് തട്ടിയെടുത്തെന്ന പരാതിയിൽ ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർക്കെതിരെ കേസ്. 2019ൽ കുറ്റിപ്പുറം ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസറായിരുന്ന ചന്ദ്രന് എതിരെയാണ് മലപ്പുറം പൊലീസ് വഞ്ചന, വ്യാജ രേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാനും അനധികൃതമായി സ്ഥാപിച്ച ബാനറുകളും പോസ്റ്ററുകളും നീക്കം ചെയ്യാനുമുള്ള ഏഴ് പേർ അടങ്ങിയ ആന്‍റി ഡിഫേഴ്സ്മെന്റ് സ്ക്വാഡിലെ അംഗമായിരുന്നു 2019ൽ കാടമ്പുഴ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫസീറും പട്ടാമ്പി സ്വദേശിയുമായ വിപിൻ സേതു. ചട്ടപ്രകാരം ദിവസം 150 രൂപ എന്ന നിരക്കിൽ 41 ദിവസം ഡ്യൂട്ടിയെടുത്ത വിപിന് 6150 രൂപയാണ് അനുവദിച്ചിരുന്നത്. എന്നാൽ ഈ തുക സ്ക്വാഡിനെറ തലവനായ ബി.ഡി.ഒ വിപിന് നൽകാതെ വ്യാജ ഒപ്പിട്ട് കൈപ്പറ്റിയെന്നായിരുന്നു പരാതി. അനുവദിച്ച തുക ചോദിച്ചപ്പോൾ തുക കിട്ടിയിട്ടില്ലെന്നും പൊലീസ് വകുപ്പിൽ നിന്നും വാങ്ങണമെന്നുമായിരുന്നു ഉദ്യോഗസ്ഥൻ നൽകിയ മറുപടി.
എന്നാൽ വിപിൻ 2020ൽ വിവരവകാശ പ്രകാരം അനുവദിച്ച തുകയടെ വിവരങ്ങൾ എടുത്തപ്പോഴാണ് തന്‍റെ പേരിൽ വ്യാജ ഒപ്പിട്ട് ബി.ഡി.ഒ തുക കൈപ്പറ്റിയതായി അറിയുന്നത്. തുടർന്ന് ഇലക്ഷൻ സെൽ വഴി അന്നത്തെ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. കലക്ടറുടെ കീഴിൽ നടന്ന അന്വേഷണത്തിൽ ബി.ഡി.ഒ കുറ്റകാരനാണെന്ന് വ്യക്തമായിരുന്നു. അനുബന്ധമായി നടന്ന അന്വേഷണത്തിൽ ഒപ്പ് വ്യാജമാണെന്നും കണ്ടെത്തിയിരുന്നു. തുടർന്ന് ആറുമാസം മുമ്പ് പൊലീസിനോട് നടപടി സ്വീകരിക്കാൻ കലക്ടർ നിർദ്ദേശം നൽകി. ഇതിനു ശേഷമാണ് എസ്.പിയുടെ നിർദ്ദേശ പ്രകാരം തിരൂർ ഡി.വൈ.എസ്.പിക്ക് കീഴിൽ അന്വേഷണം നടത്തി ആരോപണവിധേയനായ ഉദ്യോഗസ്ഥൻ കുറ്റകാരനാണെന്ന് കണ്ടെത്തുകയും ഇയാൾക്കെതിരെ മലപ്പുറം പൊലീസ് കേസെടുക്കുകയും ചെയ്തത്.
പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുന്നുണ്ടെന്നും അന്വേഷണ റിപ്പോർട്ട് ഡിപ്പാർട്ട്മെന്റിന് സമർപ്പിച്ചിട്ടുണ്ടെന്നും മലപ്പുറം പൊലീസ് ഇൻസ്പെക്ടർ ജോബി തോമസ് ‘മാധ്യമ’ത്തോട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

