പൊൻകപ്പിന് പോര് മുറുകി
text_fieldsതൃശൂർ: കൗമാരകലകൾ കണ്ട് ശക്തെൻറ തട്ടകം സ്വയം മറന്നുനിൽക്കെ കേരള സ്കൂൾ കലോത്സവത്തിൽ ആര് പൊൻകപ്പ് നേടുമെന്ന ഉദ്വേഗത്തിലാണ് കലാകേരളം. കലോത്സവത്തിന് തിരശ്ശീല വീഴാൻ ഒരു നാൾ മാത്രം ശേഷിക്കെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. തൃശൂരിെൻറ മനസ്സിന് ഇപ്പോൾ ഒറ്റ പ്രാർഥനയേയുള്ളൂ. ഇൗ ഉത്സവം തീരാതിരുന്നെങ്കിൽ. നാടിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് നാടകത്തട്ടിലേക്ക് തിങ്കളാഴ്ചയും ഒഴുകിയെത്തിയത് ആയിരങ്ങൾ. രാജ്യാന്തര നാടകോത്സവത്തിന് നാളുകൾ മാത്രം ശേഷിക്കെ അതിനേക്കാൾ ഒാളമുണ്ടാക്കുന്നതായി റീജനൽ തിയറ്ററിലെ നാടകപ്രവർത്തകരുടെയും നാടകപ്രേമികളുടെയും നിറസാന്നിധ്യം.
തിങ്കളാഴ്ച ശംഖുപുഷ്പം കണ്ണെഴുതിയത് നങ്ങ്യാർകൂത്തിനുവേണ്ടിയായിരുന്നു. മിഴാവുകളുടെയും ഇടയ്ക്കയുടെയും താളാകമ്പടിയിൽ നങ്ങ്യാരമ്മമാർ പുറത്തെടുത്തത് നവരസങ്ങൾ. അതേസമയം, വയലിൻതന്ത്രികൾക്ക് നീലക്കടമ്പിനെ ഉണർത്താനായില്ല. നിലവാരത്തേക്കാൾ താഴ്ന്നതായി മത്സരാർഥികളുടെ പ്രകടനമെന്ന് വിധികർത്താക്കൾ. ശുദ്ധസംഗീതവും താളക്കൊഴുപ്പാർന്ന വഞ്ചിപ്പാട്ടുമായിരുന്നു സാഹിത്യ അക്കാദമിയെ ധന്യമാക്കിയത്. കലർപ്പില്ലാത്ത ശുദ്ധസംഗീതം കൗമാരകേരളത്തിെൻറ കൈയിൽ ഭദ്രമെന്ന് മത്സരം സാക്ഷ്യപ്പെടുത്തി. ടൗൺഹാളിനെ വീണ്ടും വൃന്ദവാദ്യം ത്രസിപ്പിച്ചു. കേരളനടനത്തിെൻറ മലയാളത്തനിമയാണ് ‘നീർമാതള’ത്തെയും ‘നീലക്കുറിഞ്ഞി’യെയും ഉണർത്തിയത്. അതിെൻറ ആലസ്യത്തിൽനിന്ന് സംഘനൃത്തത്തിെൻറ ചടുലതയിലേക്ക് ഇൗ വേദികൾ പകർന്നാടി.
കൃഷ്ണലീലകൾ ആടി ‘രാജമല്ലി’യെ ആർത്തുല്ലസിപ്പിച്ചിരുന്നു അപ്പോൾ. തായമ്പകയുടെ താളക്കൊഴുപ്പിൽനിന്ന് ‘സൂര്യകാന്തി’യിൽ ആേയാധന ചുവടുകളുടെ പൂരക്കളിയുമായിരുന്നു. ആത്മീയാന്തരീക്ഷത്തിൽ നിന്ന് ‘ചന്ദനം’ അപ്പോഴേക്കും കോൽക്കളിയുടെ ചൊറുക്കിലേക്കും മാറിയിരുന്നു. ബുധനാഴ്ച കലോത്സവത്തിന് തിരശ്ശീല വീഴും. കിരീടവിജയത്തിന് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കോഴിക്കോടാണ് നിലവിലെ ജേതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
