2018ലെ പെരുമഴ അഞ്ച് ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യത വർധിപ്പിച്ചെന്ന് പഠനം
text_fieldsകൊച്ചി: 2018ലെ പ്രളയത്തിന് കാരണമായ മഴ അഞ്ച് ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യത വർധിപ്പിച്ചതായി പഠന റിപ്പോർട്ട്. കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിലെ (കുഫോസ്) ശാസ്ത്രജ്ഞരാണ് സംസ്ഥാനത്ത് ഉരുൾപൊട്ടലിനും മലയിടിച്ചിലിനും സാധ്യതയുള്ള സ്ഥലങ്ങളുടെ ഭൂപടം നിർമിതബുദ്ധി സാങ്കേതികവിദ്യയിലൂടെ തയാറാക്കിയത്. കേരളത്തിന്‍റെ 13 ശതമാനം പ്രദേശങ്ങൾ ഉയർന്ന തോതിൽ ഉരുൾപൊട്ടൽ ഭീഷണിയിലാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2018ലെ കനത്ത മഴ ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, തൂശൂർ ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യത 3.46 ശതമാനം വർധിപ്പിച്ചതായാണ് കണ്ടെത്തൽ. കുഫോസിലെ ക്ലൈമറ്റ് വേരിയബിലിറ്റി ആന്‍റ് അക്വാട്ടിക് ഇക്കോ സിസ്റ്റംസ് വിഭാഗം മേധാവി ഡോ. ഗിരീഷ് ഗോപിനാഥ് ഗവേഷണത്തിന് നേതൃത്വം നൽകി. ഗവേഷണ വിദ്യാർഥി എ.എൽ. അച്ചുവും പങ്കെടുത്തു.
ഉയർന്ന തോതിൽ ഉരുൾപൊട്ടൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ കൂടുതലും ഇടുക്കി, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ്. കനത്ത മഴക്കൊപ്പം അശാസ്ത്രീയ ഭൂവിനിയോഗം, റോഡ് നിർമാണത്തിന് കുത്തനെ മല ഇടിക്കുന്നത്, വൻതോതിൽ മണ്ണെടുപ്പ്, നദികളുടെ ഒഴുക്കിലെ വ്യതിയാനം എന്നിവയാണ് ഈ ജില്ലകളിൽ അടിക്കടിയുണ്ടാകുന്ന ഉരുൾപൊട്ടലിന് കാരണം. ഹൈറേഞ്ച് മേഖലയിൽ 600 മീറ്ററിന് മുകളിൽ ഉയരമുള്ള സ്ഥലങ്ങളിൽ 31 ശതമാനവും ഉരുൾപൊട്ടൽ ഭീഷണിയിലാണ്. ഇതിൽതന്നെ 10 ഡിഗ്രി മുതൽ 40 ഡിഗ്രി വരെ ചരിഞ്ഞ പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഭീഷണി തോത് കൂടുതലാണ്.
അശാസ്ത്രീയ ഭൂവിനിയോഗവും മണ്ണെടുപ്പും തടയുക മാത്രമാണ് ഉരുൾപൊട്ടൽ ഒഴിവാക്കാൻ പോംവഴിയെന്ന് കുഫോസ് വൈസ് ചാൻസലർ ഡോ. ടി. പ്രദീപ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

