പരിയാരം മെഡിക്കല്‍ കോളജിലെ ഫീസ് വര്‍ധന; സര്‍ക്കാര്‍ പ്രതിരോധം പാളി
text_fieldsതിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശകരാറില്‍ ഉറച്ചുനില്‍ക്കുമെന്ന് പറയുന്ന സര്‍ക്കാറിന് സി.പി.എം നിയന്ത്രണത്തിലെ പരിയാരം മെഡിക്കല്‍ കോളജിലെ വഴിവിട്ട ഫീസ് വര്‍ധനയില്‍ പ്രതിരോധം പാളുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വന്‍ ഫീസ് വര്‍ധനയാണ് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.വി. ജയരാജന്‍ ചെയര്‍മാനായ പരിയാരം സഹകരണ മെഡിക്കല്‍ കോളജില്‍ നടപ്പാക്കിയത്. ഇതിലൂടെ കോളജിന് ഇത്തവണ അധികമായി ലഭിക്കുന്നത് 1.97 കോടിയാണ്. സ്വകാര്യ സ്വാശ്രയ കോളജുകളില്‍ മെറിറ്റ്, മാനേജ്മെന്‍റ് സീറ്റുകളിലെ ഫീസ് വര്‍ധനക്ക് ന്യായം നിരത്തുന്ന സര്‍ക്കാറിന് പക്ഷേ, സ്വന്തം നിയന്ത്രണത്തിലെ കോളജിലെ അമിത ഫീസ് വര്‍ധനയെ ന്യായീകരിക്കാനാകുന്നില്ല. നിയമസഭക്കകത്തും പുറത്തും സ്വാശ്രയ ഫീസ് വര്‍ധന ചര്‍ച്ചയായപ്പോള്‍ പ്രതിപക്ഷ ആരോപണം പരിയാരത്തെ ഫീസ് വര്‍ധനയിലേക്ക് കൂടി ഊന്നിയത് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കും.
10 ശതമാനം ഫീസ് വര്‍ധന ആവശ്യപ്പെട്ട കോളജ് മാനേജ്മെന്‍റിന് സര്‍ക്കാര്‍ അനുവദിച്ചത് 67 ശതമാനമായിരുന്നു. ഇത് നേരത്തേ ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യൂത്ത്കോണ്‍ഗ്രസ് നിരാഹാരവും പ്രതിപക്ഷം സഭയിലും ഫീസ് വര്‍ധനക്കെതിരെ സമരം തുടങ്ങിയതോടെ പരിയാരത്തെ ഫീസ് വര്‍ധന സര്‍ക്കാറിനെ തിരിഞ്ഞുകുത്തുകയാണ്. മെറിറ്റില്‍ ഇവിടെ മൂന്ന് ഫീസ് ഘടനയാണ് അനുവദിച്ചത്. ബി.പി.എല്‍ വിഭാഗത്തില്‍നിന്നുള്ള 10 വിദ്യാര്‍ഥികള്‍ക്ക് 25,000 രൂപയും 13 വിദ്യാര്‍ഥികള്‍ക്ക് 45,000 രൂപയുമാണ് ഫീസ്. ഈ രണ്ട് നിരക്കുകളും കഴിഞ്ഞ വര്‍ഷത്തേതുതന്നെ.
എന്നാല്‍, മെറിറ്റില്‍ അവശേഷിക്കുന്ന സീറ്റില്‍ പോലും വന്‍വര്‍ധനയാണ് കോളജിന് അനുവദിച്ചത്.
കഴിഞ്ഞ വര്‍ഷം ഒന്നര ലക്ഷം രൂപയുണ്ടായിരുന്നത് സ്വകാര്യ സ്വാശ്രയ കോളജുകളിലേതിന് തുല്യമാക്കി രണ്ടര ലക്ഷം ഈടാക്കാന്‍ അനുമതി നല്‍കി. കഴിഞ്ഞ വര്‍ഷം മാനേജ്മെന്‍റ് സീറ്റില്‍ ആറു ലക്ഷം രൂപയായിരുന്ന ഫീസ് ഇത്തവണ 10 ലക്ഷമാക്കിയതിന് ന്യായീകരണമില്ല. എന്‍.ആര്‍.ഐ സീറ്റില്‍ 12 ലക്ഷം ആയിരുന്നത് 14 ലക്ഷമാക്കിയാണ് വര്‍ധിപ്പിച്ചത്. മെറിറ്റ് നടപ്പിലാക്കിയതിലൂടെ സ്വകാര്യ സ്വാശ്രയ കോളജുകളുടെ പുറംവരവ് നിന്നതാണ് ഫീസ് വര്‍ധനക്ക് ആധാരമെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് പക്ഷേ, പരിയാരത്തെ ഫീസ് വര്‍ധനക്കുള്ള കാരണം നിരത്താനാകുന്നില്ല. മെറിറ്റ് സീറ്റിലും മാനേജ്മെന്‍റ് സീറ്റിലും സ്വകാര്യ സ്വാശ്രയ കോളജുകളില്‍നിന്ന് കുറഞ്ഞ ഫീസാണ് പരിയാരത്ത് ഈടാക്കിയിരുന്നത്.
ഇത്തവണ മെറിറ്റില്‍ ഇത് തുല്യമാക്കി. സ്വാശ്രയ കോളജുകളെ സമ്മര്‍ദത്തിലാക്കാന്‍ പരിയാരത്തെ ഫീസ് വര്‍ധനയുടെ തോത് കുറച്ചിരുന്നെങ്കില്‍ സര്‍ക്കാറിന് സാധിക്കുമായിരുന്നു. സാഹചര്യം മുതലാക്കാതെ ചോദിച്ചതിനപ്പുറം ഫീസ് വര്‍ധന അനുവദിച്ചാണ് സര്‍ക്കാര്‍ പരിയാരം കൂറ് തെളിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
