ബി.ജെ.പി വാഗ്ദാനങ്ങൾ നൽകി; ഒരു കടുകുമണി പോലും കിട്ടിയില്ല -വെള്ളാപ്പള്ളി
text_fieldsചേർത്തല: ബി.ജെ.പി വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ ബി.ഡി.ജെ.എസിന് കടുത്ത നിരാശയുണ്ടെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പലതും നൽകാമെന്ന് പറഞ്ഞെങ്കിലും ഒരു കടുകുമണി പോലും കിട്ടിയില്ല. കേന്ദ്രസർവകലാശാലക്ക് ഗുരുദേവന്റെ പേര് നൽകാമെന്ന ഉറപ്പ് പാലിക്കാത്തതിൽ നിരാശയുണ്ടെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
വാഗ്ദാനങ്ങൾ നൽകി ബി.ഡി.ജെ.എസിനെ മോഹിപ്പിക്കുകയായിരുന്നു. ഒന്നും ലഭിക്കാത്തതിൽ പാർട്ടി അണികൾക്ക് ദുഃഖമുണ്ട്. ബി.ജെ.പിയിലെ ഗ്രൂപ്പിസമാകാം ഇതിന് കാരണമെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
അതേസമയം, സഖ്യകക്ഷിയായ ബി.ഡി.ജെ.എസുമായി ഭിന്നതയില്ലെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹരിക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
ബി.ജെ.പി ബന്ധം വിലയിരുത്താൻ ബി.ഡി.ജെ.എസ് കേന്ദ്രകമ്മിറ്റിയോഗം ഇന്ന് ചേരുന്നുണ്ട്. തിങ്കളാഴ്ച ചേരുന്ന എൻ.ഡി.എ യോഗത്തിൽ ഉന്നയിക്കേണ്ട കാര്യങ്ങളെ കുറിച്ച് അന്തിമ തീരുമാനം എടുക്കാനാണിത്.
