3.90 കോടി തട്ടല്‍ എസ്.ഐയും ഹെഡ്കോണ്‍സ്റ്റബിളും അറസ്റ്റില്‍
text_fieldsകോയമ്പത്തൂര്‍: ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് കാറില്‍ കടത്തുകയായിരുന്ന 3.90 കോടി ഹവാലപണം തട്ടിയെടുത്ത കേസില്‍ തമിഴ്നാട് പൊലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ കൂടി അറസ്റ്റില്‍. വ്യാഴാഴ്ച രാവിലെ കരൂരിലെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന കുളിത്തല എസ്.ഐ ശരവണന്‍ (42), ഹെഡ്കോണ്‍സ്റ്റബിളും പൊലീസ് ജീപ്പ് ഡ്രൈവറുമായ ധര്‍മേന്ദ്രന്‍ (38) എന്നിവരാണ് പിടിയിലായത്. മധുര ഹൈകോടതി ബെഞ്ചില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ച ഇവര്‍ ചെന്നൈയിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് കുടുങ്ങിയത്.
ഇവരുടെ പക്കല്‍നിന്ന് 45 ലക്ഷം രൂപ പിടികൂടി. ബുധനാഴ്ച അറസ്റ്റിലായ തൃശൂര്‍ സ്വദേശി സുഭാഷ് (42), ഗുരുവായൂര്‍ സ്വദേശി സുധീര്‍ (33), മലപ്പുറം സ്വദേശി ശഫീഖ് (28) എന്നിവരില്‍നിന്ന് 20 ലക്ഷം രൂപയും പിടിച്ചെടുത്തു. ഇവരോടൊപ്പം കരൂര്‍ പരമത്തി സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ മുത്തുകുമാറിനെയും (40) അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ ഉപയോഗിച്ച ‘പൊലീസ്’ സ്റ്റിക്കറൊട്ടിച്ച ബൊലോറോ ജീപ്പും ഹവാല പണം കടത്തിയ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അറസ്റ്റിലായ ആറു പ്രതികളെയും കോയമ്പത്തൂര്‍ പേരൂര്‍ വേടപട്ടിയിലെ സ്വകാര്യ ബംഗ്ളാവില്‍വെച്ചാണ് പൊലീസ് ചോദ്യം ചെയ്തത്. മലയാളികളായ മൂന്നുപ്രതികളെ വ്യാഴാഴ്ച കോയമ്പത്തൂര്‍ ഏഴാം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഇവരെ 15 ദിവസത്തേക്ക് കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു. പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയേക്കും. ആഗസ്റ്റ് 25നാണ് മധുക്കര എല്‍.ആന്‍ഡ്.ടി ബൈപാസ് റോഡില്‍വെച്ച് പ്രതികള്‍ 3.90 കോടിയുടെ ഹവാലപണവും കാറും കൊള്ളയടിച്ചത്. അടുത്ത ദിവസം പാലക്കാട് ജില്ലയിലെ കുഴല്‍മന്ദത്തിന് സമീപം കാര്‍ ഉപേക്ഷിച്ചു. മലപ്പുറം സ്വദേശിയും സ്വര്‍ണ-ഫര്‍ണിച്ചര്‍ വ്യാപാരിയുമായ അന്‍വര്‍ സാദത്തിന്‍െറ കാറാണിത്. ഇദ്ദേഹത്തിന്‍െറ ജീവനക്കാരായ നാലുപേരാണ് കാറിലുണ്ടായിരുന്നത്. ഇവരെ ബന്ദികളാക്കിയ സംഘം പിന്നീട് പൊള്ളാച്ചിക്ക് സമീപം ഇറക്കിവിടുകയായിരുന്നു.
മുഖ്യപ്രതി കോടാലി ശ്രീധരനുവേണ്ടി തെരച്ചില്‍ ഊര്‍ജിതം
കോയമ്പത്തൂര്‍: ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് കാറില്‍ കടത്തുകയായിരുന്ന 3.90 കോടി രൂപ ഹവാലപണം തട്ടിയെടുത്ത കേസില്‍ പ്രധാന ആസൂത്രകനായ കോടാലി ശ്രീധരനുവേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കി. മലയാളിയും കുപ്രസിദ്ധ ഗുണ്ടയുമായ കോടാലി ശ്രീധരനെയും മകന്‍ അരുണിനെയും തേടി പൊലീസ് ബംഗളൂരു, മൈസൂര്‍, മുംബൈ എന്നിവിടങ്ങളിലേക്ക് തിരിച്ചു. ഇതിനായി അഞ്ച് പ്രത്യേക പൊലീസ് ടീമുകളെയാണ് നിയോഗിച്ചത്. കോടാലി ശ്രീധരന്‍െറ രഹസ്യ ഏജന്‍റുമാരായാണ് സുഭാഷ്, സുധീര്‍, ശഫീഖ് എന്നിവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവര്‍ക്ക് പത്തു ലക്ഷം രൂപ വീതം ശ്രീധരന്‍ പ്രതിഫലം നല്‍കിയതായാണ് പൊലീസ് അറിയിച്ചത്. പ്രതികളുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന കോയമ്പത്തൂര്‍ സിറ്റി പൊലീസിലെ ചില ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം നീളുന്നുണ്ട്. കാറില്‍ ഹവാല പണമുണ്ടെന്ന് പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ചേര്‍ക്കാന്‍ മധുക്കര പൊലീസ് ഇന്‍സ്പെക്ടര്‍ ശിവകുമാര്‍ വിമുഖത പ്രകടിപ്പിച്ചതും അന്വേഷിക്കും.
അടുത്തിടെ ബസില്‍ യാത്ര ചെയ്യവെ മലയാളി യുവാവിന്‍െറ പക്കല്‍നിന്ന് 45 ലക്ഷം രൂപയുടെ ഹവാലപണം കൊള്ളയടിച്ചതിന് പിന്നില്‍ ഇന്‍സ്പെക്ടര്‍ മുത്തുകുമാറാണെന്നും അറിവായി. മൂന്നു മാസം മുമ്പ് അവിനാശിയില്‍വെച്ച് കോടികളുടെ ഹവാല പണം കടത്തിയ കാര്‍ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ ഇതേ സംഘമാണെന്ന് പൊലീസ് കരുതുന്നു. കോടാലി ശ്രീധരന്‍ പിടിയിലാവുന്നതോടെ ബാക്കി ഹവാല പണം പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് അന്വേഷണസംഘത്തിന്‍െറ പ്രതീക്ഷ. കേരളത്തിലും നിരവധി ക്രിമിനല്‍ കേസുകളില്‍ പിടികിട്ടാപ്പുള്ളിയാണ് ശ്രീധരന്‍. കേസില്‍ അന്തര്‍ സംസ്ഥാന കുറ്റവാളികള്‍ ഉള്‍പ്പെട്ടതിനാല്‍ അന്വേഷണം സി.ബി.സി.ഐ.ഡിക്ക് കൈമാറാനും നീക്കമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
