അപേക്ഷ തള്ളിയ സ്വാശ്രയ കോളജുകളെ തിരുത്തി ജയിംസ് കമ്മിറ്റി
text_fieldsതിരുവനന്തപുരം: നിസ്സാര കാരണങ്ങള്‍ പറഞ്ഞ് വിദ്യാര്‍ഥികളുടെ അപേക്ഷ നിരസിച്ച സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ നടപടി തിരുത്തി ജസ്റ്റിസ് ജയിംസ് കമ്മിറ്റി. ചൊവ്വാഴ്ച സിറ്റിങ് നടത്തിയ കമ്മിറ്റി ഇത്തരം വിദ്യാര്‍ഥികളുടെ അപേക്ഷ പരിഗണിക്കാനും ആവശ്യമെങ്കില്‍ പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനും നിര്‍ദേശം നല്‍കി. ഇതിനുപുറമെ, അപേക്ഷയിലെ പിഴവ് തിരുത്താന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കാനും കമ്മിറ്റി ഉത്തരവിട്ടിട്ടുണ്ട്. കോളജ് അധികൃതരെയും പരാതിക്കാരെയും വിളിച്ചുവരുത്തിയായിരുന്നു കമ്മിറ്റിയുടെ സിറ്റിങ്. 16 കോളജുകളെ സംബന്ധിച്ച് ലഭിച്ച പരാതികളില്‍ രാത്രി വൈകിയും സിറ്റിങ് തുടരുകയാണ്.
തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് നിരസിച്ച 52 വിദ്യാര്‍ഥികളുടെയും അപേക്ഷ, യോഗ്യരായ അപേക്ഷകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ജയിംസ് കമ്മിറ്റി നിര്‍ദേശിച്ചു. പരാതിക്കാരായ വിദ്യാര്‍ഥികളെയും കോളജ് ചെയര്‍മാന്‍ ഫാ. സിജോമോന്‍ പണ്ടപ്പള്ളില്‍, ഡയറക്ടര്‍ ഫാ. ഡോ. ഡാനിയല്‍ ജോണ്‍സണ്‍ എന്നിവരെയും വിളിച്ചുവരുത്തിയാണ് ജയിംസ് കമ്മിറ്റിയുടെ ഉത്തരവ്. 52 വിദ്യാര്‍ഥികളുടെ അപേക്ഷ പരിഗണിച്ചുള്ള പ്രവേശത്തിന് യോഗ്യരുടെ പുതിയ പട്ടിക കോളജ് പ്രസിദ്ധീകരിക്കണം. അപേക്ഷയിലെ പിഴവുകള്‍ തിരുത്താന്‍ 22ന് വൈകീട്ട് അഞ്ചുവരെ വിദ്യാര്‍ഥികള്‍ക്ക് സമയം അനുവദിക്കാനും നിര്‍ദേശമുണ്ട്. അന്ന് വൈകീട്ട് അഞ്ചിനുശേഷം കോളജ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കണം.
എറണാകുളം ശ്രീനാരായണ മെഡിക്കല്‍ കോളജ് അപേക്ഷയിലെ പിഴവ് തിരുത്താന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കണമെന്ന് കമ്മിറ്റി ഉത്തരവിട്ടു. പിഴവ് തിരുത്തുന്ന വിദ്യാര്‍ഥികളെ മെറിറ്റ് പാലിച്ച് റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തണം. 68 പരാതിയാണ് കോളജിനെതിരെ ലഭിച്ചത്. മെറിറ്റ് അടിസ്ഥാനത്തില്‍ കോളജ് പ്രവേശം നല്‍കുന്ന വിദ്യാര്‍ഥികളില്‍ നിന്ന് ആവശ്യമായ ഫീസ് ഡി.ഡി ആയ കോളജിന് സ്വീകരിക്കാം. പ്രവേശം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ 27ന് വൈകീട്ട് അഞ്ചിനകം ബാങ്ക് ഗാരന്‍റി സമര്‍പ്പിക്കണം.
ജയിംസ് കമ്മിറ്റി നേരത്തേ നിര്‍ദേശിച്ചപ്രകാരമുള്ള പട്ടികകള്‍ അടിയന്തരമായി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ അടൂര്‍ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജിന് നിര്‍ദേശം നല്‍കി. അപേക്ഷകരുടെ പട്ടിക, പിഴവുകളുള്ള അപേക്ഷകരുടെ വിവരം, അപേക്ഷ നിരസിച്ചവരുടെ പട്ടിക, യോഗ്യരായ അപേക്ഷകരുടെ പട്ടിക എന്നിവ വെവ്വേറെ പ്രസിദ്ധീകരിക്കണം. തിരുവല്ല പുഷ്പഗിരി കോളജിനെതിരെ ലഭിച്ച ഏതാനും പരാതിയിലും കമ്മിറ്റി തീര്‍പ്പ് കല്‍പിച്ചു. കോളജിലെ മാനേജ്മെന്‍റ് ക്വോട്ട സീറ്റുകള്‍ നികത്തിയത് കേരള ക്രിസ്ത്യന്‍ പ്രഫഷനല്‍ കോളജ് മാനേജ്മെന്‍റ് ഫെഡറേഷനാണെന്ന് (കെ.സി.പി.സി.എം.എഫ്)കോളജിനെ പ്രതിനിധാനം ചെയ്തവര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
