Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊതുവിദ്യാഭ്യാസത്തിന്...

പൊതുവിദ്യാഭ്യാസത്തിന് സമഗ്ര പദ്ധതി

text_fields
bookmark_border
പൊതുവിദ്യാഭ്യാസത്തിന് സമഗ്ര പദ്ധതി
cancel

തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളുടെ പ്രസക്തി വീണ്ടെടുക്കാനുള്ള സമഗ്ര പദ്ധതികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ നവീകരണ പരിപാടിയില്‍ ഉള്‍പ്പെടുന്നത്. വിശദാംശങ്ങള്‍:
അധ്യാപക-രക്ഷാകര്‍തൃ, പൂര്‍വ വിദ്യാര്‍ഥി സംഘടനകളുടെ സഹകരണത്തോടെ ഒന്നുമുതല്‍ എട്ടുവരെ ക്ളാസുകളില്‍ കാലോചിത വികസനം

50 വര്‍ഷം, 100 വര്‍ഷം വീതം പൂര്‍ത്തിയാക്കിയ സ്കൂളുകള്‍ക്ക് പ്രത്യകേ പാക്കേജ് 1000 സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തും (ബജറ്റ് പ്രഖ്യാപനം) ഹൈസ്കൂള്‍-ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഒമ്പത് മുതല്‍ 12 വരെ എല്ലാ ക്ളാസ്മുറികളും ഹൈടെക് ആക്കും. അടിസ്ഥാന സൗകര്യ പരിമിതികള്‍ പരിഹരിക്കും. ഇന്‍റര്‍നെറ്റ് കണക്ടിവിറ്റി ഉറപ്പുവരുത്തി ഫലപ്രദമായ  ഐ.ടി വിന്യാസം സാധ്യമാക്കും മാതൃഭാഷക്ക് ഒപ്പം ഇംഗ്ളീഷ് ഭാഷാപഠനത്തിനും പ്രോത്സാഹനം നല്‍കും. പാഠ്യപദ്ധതിയുടെ പുനരവലോകനത്തിനൊപ്പം ഭിന്നശേഷിക്കാര്‍ക്കുള്ള പഠനപ്രവര്‍ത്തനങ്ങളും.

മുഖ്യമന്ത്രി അധ്യക്ഷനായ സംസ്ഥാനതല മിഷനാണ് പദ്ധതി ഏകോപിപ്പിക്കുക. വിഭവ സമാഹരണം, നിര്‍വഹണ ഏജന്‍സിയുടെ തെരഞ്ഞെടുപ്പ് തുടങ്ങിയവ നിര്‍വഹിക്കുന്നതും മിഷന്‍െറ ചുമതലയാണ്. വിദ്യാഭ്യാസ, ധനമന്ത്രിമാരാണ് ഉപാധ്യക്ഷന്മാര്‍. തദ്ദേശ, സാമൂഹികക്ഷേമ മന്ത്രിമാര്‍ സഹ അധ്യക്ഷന്മാരും പ്രതിപക്ഷ നേതാവ് പ്രത്യേക ക്ഷണിതാവുമായിരിക്കും. എം.എല്‍.എമാര്‍, ആസൂത്രണ ബോര്‍ഡിലെ ഒരംഗം, വിദ്യാഭ്യാസ, സാമൂഹികക്ഷേമ, തദ്ദേശസ്വയംഭരണ, പട്ടികകജാതി-വര്‍ഗ, ഫിഷറീസ്, ഐ.ടി വകുപ്പുകളുടെ സെക്രട്ടറിമാരാണ് അംഗങ്ങള്‍.

മിഷന്‍ സെക്രട്ടറിയും ടാസ്ക്ഫോഴ്സ് ചെയര്‍മാനും വിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയായിരിക്കും. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ ടാസ്ക് ഫോഴ്സും  പൂര്‍ണസമയ മിഷന്‍ ചീഫ് എക്സിക്യൂട്ടിവും ഉണ്ടാകും. അധ്യാപക പരിശീലനത്തിനും ഐ.ടി സാങ്കേതികവിദ്യാ വിന്യാസത്തിനും ഊന്നല്‍ നല്‍കുന്നതിനാല്‍ സംസ്ഥാനതല ടാസ്ക് ഫോഴ്സില്‍ ഈ മേഖലയിലെ വിദഗ്ധരും എസ്.സി.ഇ.ആര്‍.ടി, ഐ.ടി @ സ്കൂള്‍, എസ്.എസ്.എ, ആര്‍.എം.എസ്.എ എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടര്‍മാരും ഉണ്ടാകും.

അഞ്ചു വര്‍ഷത്തിനകം എല്ലാവര്‍ക്കും വീട്; പാര്‍പ്പിട സമുച്ചയം സ്ഥാപിക്കും വീട് കൈമാറാനാകില്ല

സംസ്ഥാനത്തെ എല്ലാ ഭൂരഹിത-ഭവനരഹിത കുടുംബങ്ങള്‍ക്കും അഞ്ചുവര്‍ഷംകൊണ്ട് വീട് ഉറപ്പാക്കുന്ന സമ്പൂര്‍ണ പാര്‍പ്പിട സമുച്ചയ പദ്ധതി നടപ്പാക്കും. പാര്‍പ്പിട സമുച്ചയത്തോടൊപ്പം തൊഴില്‍ ചെയ്ത് ഉപജീവനം നടത്തുന്നതിന് തൊഴില്‍ പരിശീലനം. പ്രീപ്രൈമറി തലം മുതലുള്ള മികച്ച വിദ്യാഭ്യാസ സൗകര്യം, കുട്ടികളുടെ ഇംഗ്ളീഷ്ഭാഷ, ഐ.ടി  പഠനത്തിനുള്ള സൗകര്യം, സേവന-ക്ഷേമ പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കാനുള്ള സംവിധാനം തുടങ്ങിയവയും ഒരുക്കുമെന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

സംസ്ഥാന- ജില്ലാ- തദ്ദേശ സ്ഥാപനതലത്തില്‍ പാര്‍പ്പിട മിഷന്‍ രൂപവത്കരിക്കും. മുഖ്യമന്ത്രി അധ്യക്ഷനായ സംസ്ഥാന സമിതിയില്‍ മന്ത്രിമാരെ കൂടാതെ പ്രതിപക്ഷ നേതാവ് പ്രത്യേക ക്ഷണിതാവായിരിക്കും. നാലുതരത്തിലെ ഗുണഭോക്താക്കള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഭൂമിയുള്ള ഭവനരഹിതര്‍, സര്‍ക്കാര്‍ സഹായം അപര്യാപ്തമാകയാല്‍ വീടുപണി പൂര്‍ത്തിയാക്കാത്തവര്‍, സര്‍ക്കാര്‍ പദ്ധതി പ്രകാരം കിട്ടിയ വീടുകള്‍ വാസയോഗ്യമല്ലാതായവരും പുറമ്പോക്കിലോ തീരത്തോ തോട്ടം മേഖലയിലോ താല്‍ക്കാലിക വീടുമുള്ളവര്‍, ഭൂമിയും ഭവനവും ഇല്ലാത്തവര്‍.

ആദ്യ രണ്ടു കൂട്ടര്‍ക്കും ആവശ്യമായ തുക പൊതുമരാമത്തു വകുപ്പു ഷെഡ്യൂള്‍ അടിസ്ഥാനപ്പെടുത്തി ലഭ്യമാക്കും. നിര്‍മാണ സാമഗ്രികളുടെ ലഭ്യത ബ്ളോക് തലത്തിലുറപ്പാക്കും. ഇതിന് എന്‍ജിനീയറിങ് കോളജുകളുടെ മേല്‍നോട്ട സംവിധാനം. നിര്‍മാണ പുരോഗതി ജനങ്ങളെ അറിയിക്കാന്‍ ഐ.ടി അധിഷ്ഠിത മോണിറ്ററിങ് സംവിധാനം. മൂന്നും നാലും വിഭാഗക്കാര്‍ക്ക് പാര്‍പ്പിട സമുച്ചയങ്ങള്‍. അവിടങ്ങളില്‍ എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ലഭ്യമാക്കും. അങ്കണവാടി, സ്കൂള്‍ വിദ്യാഭ്യാസം ഉറപ്പാക്കല്‍, പഠനത്തില്‍ പിന്നിലായവര്‍ക്ക് സ്പെഷല്‍ കോച്ചിങ്, കൗമാരക്കാര്‍ക്ക് കൗണ്‍സലിങ്, സ്കില്‍ ട്രെയ്നിങ്, ഉന്നത വിദ്യാഭ്യാസ പരിശീലനം, ആരോഗ്യ പരിരക്ഷ, വിവാഹ സഹായം. വയോജന പരിപാലനം. പാലിയേറ്റിവ് കെയര്‍ തുടങ്ങിയവയുമുണ്ടാകും. വീട് വാടകക്കു നല്‍കാനോ കൈമാറാനോ അനുവാദമില്ല. പ്രതിമാസം നിശ്ചിത തുക മുടക്കം കൂടാതെ നല്‍കി 15-20 വര്‍ഷത്തിനുശേഷം ഇതു സ്വന്തമാക്കാം.

ഹരിത കേരളം പദ്ധതി

 സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹരിത കേരളം കണ്‍സോര്‍ട്ടിയം മിഷനില്‍ ജലസ്ത്രോതസ്സുകള്‍ സംരക്ഷിക്കാനും മാലിന്യസംസ്കരണത്തിനും കൃഷിവ്യാപനത്തിനും സമഗ്രപദ്ധതി. വിശദാംശങ്ങള്‍: പ്രാദേശികതലത്തില്‍ ജലസേചനത്തിനും കുടിവെള്ളവിതരണത്തിനും ഉതകുന്ന പുതിയ ജലഉപയോഗ സംസ്കാരം രൂപപ്പെടുത്തല്‍. കുളങ്ങളും തോടുകളും പുനരുജ്ജീവിപ്പിക്കാനും നിലനിര്‍ത്താനും നടപടി.

രണ്ടാംഘട്ടത്തില്‍ നദികള്‍, കായലുകള്‍, മറ്റ് ജല¤്രസാതസ്സുകള്‍ എന്നിവയുടെ സംരക്ഷണവും ശുചീകരണവും.
യുവജനസംഘടനകള്‍, വിദ്യാര്‍ഥികള്‍, സന്നദ്ധസംഘടനകള്‍ തുടങ്ങി എല്ലാവിഭാഗങ്ങളുടെയും പങ്കാളിത്തം
ജലസ്രോതസ്സുകളില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയും. ഉറവിട മാലിന്യസംസ്കാര സങ്കേതങ്ങള്‍ ഉപയോഗിച്ച് ജൈവകൃഷിക്ക് പശ്ചാത്തലമൊരുക്കും.

വീടുകളില്‍ കൃഷി വ്യാപിപ്പിക്കും. ബയോഗ്യാസ് സംവിധാനങ്ങള്‍, തുമ്പൂര്‍മൂഴി മാതൃകയിലുള്ള വികേന്ദ്രീകൃത മാലിന്യസംസ്കരണ സംവിധാനങ്ങള്‍, ബ്ളോക്കടിസ്ഥാനത്തില്‍ പ്ളാസ്റ്റിക്, ഇ-വേസ്റ്റ്, ആശുപത്രി മാലിന്യങ്ങള്‍ എന്നിവ സംസ്കരിക്കാന്‍ സങ്കേതങ്ങള്‍ . സംസ്ഥാനതല കണ്‍സോര്‍ട്ടിയത്തില്‍ മുഖ്യമന്ത്രി അധ്യക്ഷനും തദ്ദേശം, കൃഷി, ജലവിഭവം, ആരോഗ്യം, വനംമന്ത്രിമാര്‍ സഹ അധ്യക്ഷന്മാരും. പ്രതിപക്ഷനേതാവ് പ്രത്യേക ക്ഷണിതാവും മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഉപദേഷ്ടാവും. ആസൂത്രണവകുപ്പ് അഡീഷനല്‍ ചീഫ്സെക്രട്ടറിയായിരിക്കും മിഷന്‍െറ സെക്രട്ടറി.

സ്കൂള്‍ യൂനിഫോമിന് 400 രൂപ വീതം

പശുക്കടവ് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എട്ട് ലക്ഷം രൂപ വീതം ധനസഹായം
•യന്ത്ര ഊഞ്ഞാലില്‍നിന്ന് വീണുമരിച്ച പ്രിയങ്ക സജിയുടെ ചികിത്സക്ക്ചെലവായ നാലര ലക്ഷത്തോളം രൂപ സര്‍ക്കാര്‍ വഹിക്കും
ഈ വര്‍ഷം മുതല്‍ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലെ ഒന്നു മുതല്‍ എട്ട്  വരെയുള്ള എല്ലാ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും എ.പി.എല്‍-ബി.പി.എല്‍ വേര്‍തിരിവ് കൂടാതെ യൂനിഫോമിനായി 400 രൂപ വീതം നല്‍കാന്‍  മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിന് 60 കോടി രൂപ ചെലവാകും.

കോഴിക്കോട് പശുക്കടവ് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എട്ട് ലക്ഷം രൂപ വീതം ധനസഹായം നല്‍കും.നാല് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും നാല് ലക്ഷം രൂപ ദുരന്ത പ്രതികരണനിധിയില്‍നിന്നുമാണ് നല്‍കുക. ആറ് യുവാക്കള്‍ ഒഴുകിപ്പോയതില്‍ അഞ്ചുപേരുടെ മൃതദേഹങ്ങള്‍ ലഭിച്ചു.
യന്ത്ര ഊഞ്ഞാലില്‍നിന്ന് വീണുമരിച്ച പ്രിയങ്കസജിയുടെ ചികിത്സക്ക്ചെലവായ നാലര ലക്ഷത്തോളം രൂപ സര്‍ക്കാര്‍ വഹിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

നേരത്തേ അനുവദിച്ചതിന് പുറമേ മൂന്നു ലക്ഷം രൂപ കൂടി സഹായധനമായി അനുവദിക്കും. പ്രിയങ്കയും സഹോദരന്‍ അലനുമാണ് അപകടത്തില്‍ മരിച്ചത്.

മറ്റു തീരുമാനങ്ങള്‍:

സംസ്ഥാന ഓഡിറ്റ് വകുപ്പിലെ താഴ്ന്ന വിഭാഗം തസ്തികകള്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് സബോഡിനേറ്റ് സര്‍വിസ് റൂള്‍സില്‍ ഉള്‍പ്പെടുത്തും.ഐ.എ.എസില്‍നിന്ന് വിരമിച്ച സി. രഘുവിനെ നിലവിലെ പുനര്‍നിയമന വ്യവസ്ഥകള്‍ക്കു വിധേയമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ഡയറക്ടറായി രണ്ടുവര്‍ഷത്തേക്ക് നിയമിച്ചു.
വേങ്ങര മലബാര്‍ കോളജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസില്‍ ബി.എം.എം.സി കോഴ്സിന് രണ്ട് അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചു.
മാള കാര്‍മല്‍ കോളജില്‍ ഒരു അധ്യാപക തസ്തിക അനുവദിക്കും.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ  ശ്രുതിക്ക് പ്രത്യേക കേസായി പരിഗണിച്ച് ഓഫിസ് അറ്റന്‍ഡന്‍റായി ജോലി നല്‍കും.ആര്‍ദ്രം മിഷനില്‍ ആദ്യം സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികള്‍ ജനസൗഹൃദമാക്കാന്‍ ആര്‍ദ്രം മിഷന്‍ എന്ന പേരില്‍ കര്‍മപരിപാടി നടപ്പിലാക്കും. ഇതിന്‍െറ ഭാഗമായി ഒ.പി വിഭാഗത്തില്‍ എത്തുന്ന രോഗികള്‍ക്ക് സമയബന്ധിതമായി വൈദ്യപരിശോധന ലഭ്യമാക്കുകയും കിടത്തിചികിത്സക്ക് ആശുപത്രികളില്‍ ആവശ്യമായ മറ്റ് സൗകര്യങ്ങള്‍ ഒരുക്കുകയുംചെയ്യും. ആദ്യഘട്ടമായി സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളെയാണ് ഇത്തരത്തില്‍ മാറ്റുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ജില്ല, ജനറല്‍, താലൂക്ക് ആശുപത്രികളില്‍ അടുത്തഘട്ടമായി നടപ്പാക്കും.

ആയുര്‍വേദ-ഹോമിയോ എന്നിവയിലും രോഗികളുടെ സാന്ദ്രത നോക്കി വ്യാപിപ്പിക്കും. മുഖ്യമന്ത്രി അധ്യക്ഷനായ മിഷനാണ് ഇതിന് മേല്‍നോട്ടം വഹിക്കുക. ആരോഗ്യ, ധനമന്ത്രിമാര്‍ ഉപാധ്യക്ഷന്മാരായിരിക്കും. സഹ അധ്യക്ഷന്മാരായി തദ്ദേശ, പൊതുവിതരണ മന്ത്രിമാരെ നിയമിക്കും. പ്രതിപക്ഷനേതാവ് പ്രത്യേക ക്ഷണിതാവും. എം.എല്‍.എമാര്‍, ആസൂത്രണ ബോര്‍ഡിലെ ഒരംഗം, ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, തദ്ദേശഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി, കുടുംബശ്രീ ഡയറക്ടര്‍, ആസൂത്രണവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, ഐ.ടി, സാമൂഹികക്ഷേമ സെക്രട്ടറി എന്നിവരാണ് അംഗങ്ങള്‍. മിഷന്‍ സെക്രട്ടറിയും ടാസ്ക്ഫോഴ്സ് ചെയര്‍മാനും ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയായിരിക്കും. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ ടാസ്ക്ഫോഴ്സും ഒരു പൂര്‍ണസമയ മിഷന്‍ ചീഫ് എക്സിക്യൂട്ടിവും ഉണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala govt
Next Story