ഐ.ടി അറ്റ് സ്കൂള്‍ ട്രെയിനര്‍മാര്‍ക്ക് പകരം സ്കൂളുകളില്‍ പ്രൊട്ടക്റ്റഡ് അധ്യാപകര്‍
text_fieldsമഞ്ചേരി: ഐ.ടി അറ്റ് സ്കൂള്‍ പദ്ധതി പ്രകാരം ജില്ലാ കോ ഓഡിനേറ്ററോ മാസ്റ്റര്‍ ട്രെയിനര്‍മാരോ ആയി പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്ക് പകരം പ്രൊട്ടക്റ്റഡ് അധ്യാപകരെ നിയമിക്കും. സര്‍ക്കാറിന് ഇരട്ടിഭാരമില്ലാതിരിക്കാനാണിത്. നിലവില്‍ ഐ.ടി മേഖലയില്‍ താല്‍പര്യവും കഴിവുമുള്ള അധ്യാപകരെയാണ് ഐ.ടി അറ്റ് സ്കൂള്‍ പദ്ധതിപ്രകാരം ജില്ലാ കോഓഡിനേറ്ററും ജില്ലാതലത്തില്‍ മാസ്റ്റര്‍ ട്രെയിനര്‍മാരുമാക്കുന്നത്. ഇവരുടെ തസ്തികയിലേക്ക് പുതിയ അധ്യാപകരെ പി.എസ്.സി വഴി നിയമിക്കാനാവില്ല. താല്‍ക്കാലികാധ്യാപകരെ വെക്കുന്നതും ബാധ്യതയാണ്. ജോലി നഷ്ടപ്പെട്ട, സേവനസന്നദ്ധരായ അധ്യാപകരുടെ പട്ടികയില്‍നിന്നാണ് നിയമനം നടത്തുക. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി.
ഇതിനകം മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പകരം പ്രൊട്ടക്റ്റഡ് അധ്യാപകരെ നിയമിച്ചിട്ടുണ്ടെങ്കില്‍ നിലവിലെ നിയമങ്ങള്‍ക്ക് വിധേയമായി അവരെ തല്‍ക്കാലം തുടരാന്‍ അനുവദിക്കണം. മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പകരം പ്രൊട്ടക്റ്റഡ് അധ്യാപകരില്ലാത്ത സ്കൂളുകളുടെ വിശദാംശം വിദ്യാഭ്യാസവകുപ്പില്‍ അറിയിക്കണമെന്നും നിര്‍ദേശിച്ചു.
യോഗ്യരായ പ്രൊട്ടക്റ്റഡ് അധ്യാപകരില്ളെങ്കില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമങ്ങള്‍ക്കനുസരിച്ച് ഗെസ്റ്റ് അധ്യാപകരെ നിയോഗിക്കാം. ഇത്തരത്തില്‍ നിയമിക്കപ്പെടുന്നവരുടെ വിവരം ഐ.ടി അറ്റ് സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടറെ അറിയിക്കണം. അംഗീകാരം ലഭിക്കുന്ന മുറക്ക് ഇവര്‍ക്കുള്ള ശമ്പളം ഐ.ടി അറ്റ് സ്കൂളിന്‍െറ ജില്ലാ ഓഫിസില്‍ നിന്നാകും വിതരണം ചെയ്യുക. ഗെസ്റ്റ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട രേഖകളും ജില്ലാ ഐ.ടി അറ്റ് സ്കൂള്‍ പ്രോജക്ട് ഓഫിസില്‍ സൂക്ഷിക്കണം. ഐ.ടി അറ്റ് സ്കൂള്‍ പദ്ധതി പ്രകാരം സ്കൂള്‍തലത്തിലും കോഓഡിനേറ്റര്‍മാരെ ചുമതലപ്പെടുത്തി. പഠനം സ്കൂള്‍തലത്തില്‍ ഏകോപിപ്പിക്കലാണ് ചുമതല.
സ്കൂള്‍തല കമ്പ്യൂട്ടര്‍ പഠനപദ്ധതി നിലവില്‍ വന്നിട്ട് ഏറെയായിട്ടും തസ്തിക സൃഷ്ടിക്കാനോ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്നവരുടെ ചുമലില്‍നിന്ന് മാറ്റാനോ കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
