ആളുകളെ വെട്ടിക്കൊല്ലുന്ന സി.പി.എം വധശിക്ഷ വേണ്ടെന്ന് വാദിക്കുന്നു –ചെന്നിത്തല
text_fieldsതിരുവനന്തപുരം: കോടതി വെറുതെവിട്ടയാളെപ്പോലും വെട്ടിക്കൊല്ലുന്ന സി.പി.എമ്മാണ് കൊടുംക്രിമിനലുകള്‍ക്ക് വധശിക്ഷ വേണ്ടെന്ന് വാദിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഘട്ടംഘട്ടമായി മദ്യനയം അട്ടിമറിക്കാനുള്ള നീക്കം തെരഞ്ഞെടുപ്പുകാലത്ത് മദ്യരാജാക്കന്മാരും സി.പി.എമ്മും തമ്മിലുണ്ടാക്കിയ കരാറിന്‍െറയും പ്രതിഫലം പറ്റിയതിന്‍െറയും ഫലമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
പടമെടുത്ത് നേതാക്കള്‍ക്ക് അയച്ചുകൊടുത്ത് ആളെ ഉറപ്പാക്കിയശേഷം കൊലനടത്തുന്നവരാണ് വധശിക്ഷയുടെ കാര്യത്തില്‍ തര്‍ക്കം ഉന്നയിക്കുന്നത്. സൗമ്യവധക്കേസില്‍ സര്‍ക്കാര്‍ നടപടികള്‍ തികഞ്ഞ പരാജയമായിരുന്നു. സുപ്രധാന കേസുകളില്‍ ആഭ്യന്തരവകുപ്പ് സ്വീകരിക്കേണ്ട മുന്‍കരുതലുകളൊന്നും ഇതില്‍ ഉണ്ടായില്ല. പ്രധാന കേസുകളില്‍, വിചാരണക്കോടതിയിലെ അഭിഭാഷകനെയും കേസന്വേഷിച്ച ഉദ്യോഗസ്ഥരെയും നിലവിലെ അഭിഭാഷകനെയും ഒരുമിച്ചിരുത്തി ആഭ്യന്തരസെക്രട്ടറി ചര്‍ച്ചനടത്തുക പതിവാണ്. സൗമ്യകേസില്‍ അതുണ്ടാകാത്തതിന്‍െറ കാരണം വ്യക്തമാക്കണം. ഈ അവസ്ഥ ജിഷ കേസിലെങ്കിലും ഉണ്ടാവരുത്. പത്തുശതമാനം ബിവറേജസ് ഒൗട്ട്ലെറ്റുകള്‍ അടച്ചുപൂട്ടേണ്ടെന്ന തീരുമാനം മദ്യനയം അട്ടിമറിക്കുന്നതിന്‍െറ ആദ്യപടിയാണ്. മദ്യരാജാക്കന്മാരും സി.പി.എമ്മും തമ്മില്‍ ധാരണയുണ്ടെന്ന ആരോപണം ഇത് ശരിവെക്കുന്നു. സ്വാശ്രയ മെഡിക്കല്‍-ഡെന്‍റല്‍ പ്രവേശവിഷയത്തില്‍ നിഷ്ക്രിയ-നിസ്സഹായ നിലപാടാണ് സര്‍ക്കാറിന്‍േറത്. രാജ്യത്ത് മറ്റെങ്ങും ഇത്രയും വിലിയ ഫീസ് വര്‍ധന ഉണ്ടായിട്ടില്ല. ‘നീറ്റ്’ മെറിറ്റില്‍ അട്ടിമറിയും എന്‍.ആര്‍.ഐ സീറ്റിലേക്ക് ലേലംവിളിയുമാണ് നടക്കുന്നത്. തലവരിപ്പണം വാങ്ങാന്‍ മാനേജ്മെന്‍റുകള്‍ക്ക് സര്‍ക്കാര്‍ നിയമസാധുത നല്‍കിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ നേരത്തേ പ്രതികരിച്ചിരുന്ന ഇടതുസംഘടനകള്‍ ഇപ്പോള്‍ കാശിക്കുപോയിരിക്കുകയാണോ?
ഓണത്തിനുമുമ്പ് എല്ലാവര്‍ക്കും ക്ഷേമപെന്‍ഷന്‍ നല്‍കുമെന്ന ഉറപ്പ് നടപ്പായില്ല. തെരുവുനായ് വിഷയത്തില്‍ പ്രതിപക്ഷം പൂര്‍ണപിന്തുണ അറിയിച്ചിട്ടും നടപടികളെടുക്കാന്‍ സര്‍ക്കാറിനാവുന്നില്ല. എ.ടി.എം തട്ടിപ്പ് അന്വേഷണത്തില്‍ പുരോഗതിയില്ലാത്ത സാഹചര്യത്തില്‍ കേസ് എന്‍.ഐ.എ യെ ഏല്‍പിക്കണം. പത്തനംതിട്ട ആകാശത്തൊട്ടില്‍ ദുരന്തത്തില്‍ മരിച്ച കുട്ടികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം.
ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
