കഞ്ഞിക്കുഴിയിലെ പച്ചക്കറി തോട്ടങ്ങള്‍ ലാബുകളായി
text_fieldsമുഹമ്മ (ആലപ്പുഴ): കഞ്ഞിക്കുഴി വിജയഗാഥയുടെ അനുഭവ പാഠങ്ങള്‍ ജനങ്ങള്‍ക്ക് പകര്‍ന്നുനല്‍കുക എന്ന ലക്ഷ്യത്തോടെയുള്ള ഓപണ്‍സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കഞ്ഞിക്കുഴി സര്‍വിസ് സഹകരണ ബാങ്ക് നേതൃത്വത്തില്‍ കാര്‍ഷിക ഓപണ്‍ സ്കൂളിന്‍െറ ആദ്യ ബാച്ചിന്‍െറ ക്ളാസിന് ഞായറാഴ്ച തുടക്കമായി. നിലമൊരുക്ക് മുതല്‍ വിപണനം വരെയുള്ള വിവിധ വിഷയങ്ങള്‍ കഞ്ഞിക്കുഴിയിലെ പരമ്പരാഗത കൃഷിക്കാര്‍, കാര്‍ഷിക വിദഗ്ധര്‍ തുടങ്ങിയവര്‍ അടങ്ങിയ ഫാക്കല്‍റ്റിയാണ് സ്കൂള്‍ നയിക്കുന്നത്.
പ്രായോഗിക പരിശീലനത്തിനാണ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. ഇതിനായി കഞ്ഞിക്കുഴിയിലെ പച്ചക്കറി തോട്ടങ്ങള്‍ ലാബുകളായി മാറി. പത്തനംതിട്ട, ചെങ്ങന്നൂര്‍, കായംകുളം,ഹരിപ്പാട് എന്നിവിടങ്ങളില്‍ നിന്നുള്ള 25 പേരാണ് ആദ്യ ബാച്ചില്‍ പ്രവേശം നേടിയത്. ഇതില്‍ അഞ്ചുപേര്‍ വീട്ടമ്മമാരാണ്. ആഴ്ചയില്‍ ഒന്നുവീതം ആറാഴ്ച നീളുന്ന സ്കൂളിലെ ഓരോ ബാച്ചിലും 18 മണിക്കൂര്‍ കാര്‍ഷിക പരിശീലനം നല്‍കും. ക്ളാസുകള്‍ക്കായി പ്രത്യേക സിലബസും പാഠപുസ്തകങ്ങളും ഉണ്ടാകും.
ഏത് പ്രായക്കാര്‍ക്കും സ്കൂളില്‍ പ്രവേശമുണ്ടാകും. വ്യക്തിക്ക് 300 രൂപയും പത്ത് മുതല്‍ 15 വരെ അടങ്ങുന്ന സംഘത്തിന് 3000 രൂപ നിരക്കിലുമായിരിക്കും കോഴ്സ് ഫീസ്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. കഞ്ഞിക്കുഴിയിലെ പ്രമുഖ കര്‍ഷകരായ ശുഭകേശന്‍, ഉദപ്പന്‍, ജി. മണിയന്‍, സി. പുഷ്പന്‍, ആനന്ദന്‍, പി.കെ. ശശി തുടങ്ങിയവരാണ് ക്ളാസുകള്‍ കൈകാര്യം ചെയ്യുന്നത്. ബാങ്ക് പ്രസിഡന്‍റ് അഡ്വ. എം. സന്തോഷ്കുമാര്‍, കര്‍ഷകരായ ജി.ഉദയപ്പന്‍, ജി. മുരളി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. അടുത്ത ബാച്ചില്‍ പ്രവേശം ആഗ്രഹിക്കുന്നവര്‍ 8089136232, 9447463668 നമ്പറുകളില്‍ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
