ഭക്ഷ്യസുരക്ഷാ നിയമം: തുരങ്കം വെക്കുന്നത് റേഷന്‍ മാഫിയ
text_fieldsമലപ്പുറം: ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന് റേഷന്‍ മാഫിയ തുരങ്കം വെക്കുന്നെന്ന ആക്ഷേപം ശക്തമാകുന്നു. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി നടത്തിയ വിമര്‍ശം സംസ്ഥാനത്തിന് നാണക്കേടായി. സാങ്കേതികമേഖലയില്‍ കേരളത്തിന്‍െറ അടുത്തുപോലും എത്താത്ത സംസ്ഥാനങ്ങള്‍ പോലും നിയമം നടപ്പാക്കാനാവശ്യമായ സംവിധാനമൊരുക്കിയിട്ടും അറച്ചു നില്‍ക്കുന്നത് എന്തിനാണെന്ന ചോദ്യത്തിന് വ്യക്തമായ വിശദീകരണം നല്‍കാന്‍ കേരളത്തിനായില്ല. റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയിലേക്ക് ഒഴുക്കുന്ന മാഫിയയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. നിയമം നടപ്പാക്കിയാല്‍ അനധികൃതമായി ബി.പി.എല്‍ കാര്‍ഡുകള്‍ കൈവശം വെച്ചവര്‍ ഒഴിവാക്കപ്പെടുകയും അര്‍ഹര്‍ക്ക് മാത്രമായി ഭക്ഷ്യവസ്തു വിതരണം പരിമിതപ്പെടുകയും ചെയ്യും. പുതിയ റേഷന്‍ കാര്‍ഡ് അപേക്ഷയില്‍ പാര്‍ട്ട് ‘ബി’യിലെ സത്യപ്രസ്താവന കോളത്തിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കി മുന്‍ഗണനാക്രമം നിശ്ചയിച്ചാല്‍ ബി.പി.എല്‍ കാര്‍ഡ് കൈവശം വെക്കുന്നവരില്‍ 50 ശതമാനം പേര്‍ പട്ടികയില്‍ നിന്ന് പുറത്താകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുണ്ടെങ്കില്‍ ബി.പി.എല്‍ പട്ടികയില്‍ നിന്ന് പുറത്താകും.
ഇപ്പോള്‍ പട്ടികയിലുള്ള സമ്പന്നരില്‍ ഭൂരിഭാഗവും റേഷന്‍ സാധനങ്ങള്‍ കൃത്യമായി വാങ്ങാത്തവരാണ്. ഈ അരിയും മണ്ണെണ്ണയും കരിഞ്ചന്തയിലേക്ക് മറിക്കപ്പെടുന്നു. അര്‍ഹര്‍ക്ക് മാത്രം സബ്സിഡി നല്‍കുന്ന സംവിധാനം നിലവില്‍ വന്നാല്‍ റേഷന്‍ കടകളിലേക്ക് യഥേഷ്ടം സാധനങ്ങള്‍ എത്തുന്ന രീതിയില്‍ മാറ്റം വരും. ഇത് കരിഞ്ചന്ത മാഫിയയെ ആശങ്കയിലാക്കുന്നുണ്ട്. നിയമം നടപ്പാക്കുന്നതിന്‍െറ ഭാഗമായി കമ്പ്യൂട്ടര്‍വത്കരണം നടന്നാല്‍ ഉപഭോക്താക്കള്‍ക്ക് ഏത് കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാം. ബാര്‍കോഡ് നോക്കിയാണ് വിതരണം നടക്കുകയെന്നതിനാല്‍ കൃത്രിമം നടത്താനാവില്ല. കമ്പ്യൂട്ടര്‍വത്കരണത്തിനാവശ്യമായ സാമ്പത്തിക സഹായം ഉള്‍പ്പെടെ കേന്ദ്രം വാഗ്ദാനം ചെയ്തിട്ടും കരിഞ്ചന്ത ലോബിയുടെയും ഇവര്‍ക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥരുടെയും ഒത്തുകളിയിലൂടെ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിനുള്ള നടപടികള്‍ അനന്തമായി നീട്ടുകയാണ്.
ഇടനിലക്കാര്‍ വിലസുന്ന ഗോഡൗണ്‍ സംവിധാനം പൂര്‍ണമായി ഒഴിവാക്കി സര്‍ക്കാര്‍ നേരിട്ട് ഗോഡൗണ്‍ സ്ഥാപിക്കുമെന്നതാണ് ഭക്ഷ്യസുരക്ഷാ നിയമത്തിന്‍െറ മറ്റൊരു പ്രത്യേകത. എഫ്.സി.ഐയില്‍ നിന്ന് നേരിട്ട് ഗോഡൗണിലേക്കും അവിടെ നിന്ന് നേരിട്ട് കടകളിലേക്കും സാധനങ്ങള്‍ എത്തിക്കുന്ന സംവിധാനം യാഥാര്‍ഥ്യമാകുന്നതും റേഷന്‍ മാഫിയയെ അലട്ടുന്നു. റേഷന്‍ കാര്‍ഡ് പുതുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. തെറ്റുകള്‍ തിരുത്തിയെന്ന് പറയുന്ന അപേക്ഷകളുടെ പ്രിന്‍റ്ഒൗട്ട് എടുത്ത് പ്രദര്‍ശിപ്പിച്ച് കമ്മിറ്റികള്‍ പരിശോധിച്ച് നടപടി സ്വീകരിക്കേണ്ട പ്രവര്‍ത്തനം ആറ് മാസത്തിനകവും പൂര്‍ത്തിയാകില്ളെന്നുറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
